28 ഡിസംബർ 2010

FM റേഡിയോക്കാരുടെ കള്ളക്കളി..!!

"റേഡിയോ മാംഗോ 91.9" ഒരു ഫോണിന്‍ പരിപാടിയില്‍ ഇന്നു രാത്രി (കോഴിക്കോട്) 9മണിമുതല്‍ 'ചേകം' എന്ന വാക്കിന്റെ അര്‍ത്ഥം ചോദിച്ചു. കേട്ടപടി മേശപ്പുറത്തുള്ള ഡിസിബുക്സിന്റെ ശബ്ദതാരാവലിനോക്കി. 'ശമ്പളം' എന്നര്‍ത്ഥം. ഉടനെ വിളിതുടങ്ങി (04952392919), 9.15ന്‌ കിട്ടി. ഏതോ ഒരു ചങ്ങാതി ഉത്തരം ചോദിച്ചു, ആത്മവിശ്വാസത്തോടെ എന്റെ ഉത്തരം ഞാന്‍ പറഞ്ഞു. അങ്ങേത്തലയിലെ മറുപടി കേട്ടപ്പോള്‍ ഞെട്ടിപ്പോയി,
"താങ്കളുടെ ഉത്തരം തെറ്റാണ്‌".

ഈശ്വരാ, ഇനി ശബ്ദതാരാവലി ചതിച്ചതാവുമോ?
പ്രോഗ്രാം തീരുന്നതു വരെ കേട്ടു. പരിപാടി തീരാന്‍ അഞ്ചുമിനുട്ടുള്ളപ്പോള്‍ ഒരുത്തന്‍ വിളിച്ചു, ഉത്തരം പറഞ്ഞു, ഒരു വത്യാസവുമില്ല ഞാന്‍ പറഞ്ഞതു തന്നെ "ശമ്പളം".

അപ്പം ഞാന്‍ പറഞ്ഞ ഉത്തരം എവിടെ...
ദേഷ്യം തീര്‍ക്കാന്‍ നാലു തെറി വിളിക്കാം എന്നു കരുതി മേല്‍‌പ്പറഞ്ഞ നമ്പറിലേക്ക് തുരു തുരെ വിളിച്ചു. ഒരുത്തനും എടുത്തില്ല.
എന്റെ പിഴവെവിടെയാണ്‌..??
ആലോചിച്ച് ഒരുത്തരം ഞാന്‍ കണ്ടെത്തി, അതായത് ഇത്തരം പരിപാടികളില്‍ ശരിയുത്തരം അറിയുമെങ്കില്‍ പ്രോഗ്രാം തീരാന്‍ നേരത്ത് മാത്രം വിളിക്കുക, അറിയില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും വിളിക്കാം, എങ്കില്‍ അവതാരകന്മാര്‍ക്ക് നമ്മളെ കൊച്ചാക്കാം, തരം പോലെ പുറം ലോകത്ത് എത്തിക്കുകയും ചെയ്യാം.

എങ്കിലും ഇത്തരം പബ്ലിക് പരിപാടികള്‍ നടത്തുന്നവര്‍ക്ക് അല്പം ഉത്തവാദിത്തം ആവശ്യമില്ലേ?
അല്ലാതെ ഇത് പൊതുജനത്തിനെ കഴുതയാക്കാനുള്ള ഉപാധി മാത്രമാണോ...?
എനിക്കു നഷ്ടപ്പെട്ട 33 പൈസ ആരു തരും, ഷതമേറ്റ ആത്മാഭിമാനത്തിന്‌ ആര് ഉത്തരം തരും..?
അല്ലെങ്കില്‍ ഇങ്ങനെയൊക്കെയാണോ സുഹൃത്തേ നമ്മുടെ FM പരിപാടികളുടെ നിയമാവലി...???

ആര്‍ക്കറിയാം..!!!

04 ഡിസംബർ 2010

വിദ്യ

യുഗങ്ങള്‍ കാവല്‍നില്‍ക്കും
നിന്‍ സരസ്സിനരികില്‍ ഞാന്‍
വിനീതനായ് നിന്ന് മുരടനക്കി

തലയിലഹങ്കാരത്തിന്‍
കെട്ടഴിച്ചുഞാന്‍ കക്ഷത്തില്‍
തിരുകി വായപൊത്തി

കഴിയാവുന്നിടത്തോളം
വളച്ചിരുന്നു നട്ടെല്ല്, നിന്നില്‍
കണ്ണും മിഴിച്ച് ഞാന്‍ കാത്തിരുന്നു

അരികിലരയന്നവുമായ്
നീ നീന്തിത്തുടിച്ചു, തരിലിളം
താമര നുള്ളിക്കളിച്ചു
കരയിലെന്നോളവും ആ
ഉല്ലാസ വെള്ളം തെറിച്ചു

ഈറനെടുത്തെങ്ങോ
മറഞ്ഞുവോ നീ ? കരയില്‍
കരിവള പിടിച്ചു നില്‍ക്കുംഎന്റെ
മനതാരിലെന്തേ കയറിയില്ല...?!

01 നവംബർ 2010

അമ്പത്തൊന്നോ നാല്പത്തൊന്‍പതോ?

മാഷേ മാഷേ ഒരു സംശയം
ഭാഷയിലക്ഷരം അമ്പത്തൊന്നോ
നാല്പത്തൊന്‍പതോ?

നാവു വടിച്ചു ശീലിക്കാത്ത നിനക്കും
കീബോര്‍ഡിലല്ലാതെ ഓലയിലെഴുതിപ്പഠിച്ച എനിക്കും
തമ്മില്‍ അന്തരം രണ്ടക്ഷരമല്ലേ യുള്ളൂ കുഞ്ഞേ !

മലയാണ്മക്കന്‍പത്തിനാലായില്ലേ പ്രായം
ഇനി നീ സ്നേഹിക്കഭാഷയെ
പ്രായമാകുന്ന മുത്തശ്ശനെന്നപോല്‍
കാലത്തിനപ്പുറം നിലനില്‍ക്കട്ടെ മലയാളം
ഒരു കുളിര്‍ക്കാറ്റായ്, തലോടലായ് ..

31 ഒക്‌ടോബർ 2010

അടയാത്ത കണ്ണ്

ഒരു നിമിഷം....ഞാനൊന്നു കണ്ണടക്കെട്ടെ
ഇത്തിരി സ്വപ്നം കാണാന്‍...
വയ്യേ.. കണ്ണീരും കഠിനദുഃഖത്തിന്‍ കടലും...
കണ്ണുതുറന്നിടുന്നൂ ഞാന്‍,
മേലില്‍ സ്വപ്നം കാണാന്‍ നിര്‍ബന്ധിക്കരുതെന്നെയാരും..!

24 ഒക്‌ടോബർ 2010

ഉണ്ണിക്കുട്ടന്റെ വോട്ട്

'അമ്മമ്മേടെ കയ്യിലെന്തിനാ മഷി പറ്റിച്ചതാചേച്ചി.?'
മൂന്നു വയസ്സുകാരന്‍ കൊച്ചുമകന്റെ ചോദ്യത്തിന്‌ എന്ത് മറുപടിപറയണമെന്നോര്‍ത്ത് റിട്ടയേര്‍ഡ് ടീച്ചറായ മുത്തശ്ശി പരുങ്ങി.
'ഇതാണു മോനെ ജനാധിപത്യത്തിന്റെ തിലകം!
'തിലകം..?'
'അതെ... തിലകം.... ഒരു തലമുറയുടെ വിയര്‍പ്പില്‍ നിന്നും പടുത്തുയര്‍ത്തിയ ജനാധിപത്യഗോപുരം താങ്ങിനിര്‍ത്താന്‍ നമ്മുടെ കൈ ഉപയോഗിച്ചതിന്‌ കിട്ടുന്ന സമ്മാനം!'

ഒരുനിമിഷം, കൊച്ചുമോന്‍ "ഠപ്പേ"ന്ന് അപ്രത്യക്ഷനായി.
മഷിപുരട്ടുന്ന ചേച്ചിയുടെ മുന്നില്‍ പോയി വിരലുവെച്ച് വിനയാന്വിതനായി.
'എനിക്കും വേണം തിലകം.'

തലേദിവസം രാവിലെ മുതല്‍ മിനക്കിട്ടതിന്റെ ക്ഷീണവും, നാട്ടിലുള്ള ഭാരം മുഴുവന്‍ പേറി ഓണം കേറാമൂലയിലെ ഓലഷെഡ്ഡുസ്കൂളില്‍ കാവലിരുന്നതിന്റെ വിഷമവും, അന്യന്റെ വീട്ടില്‍ സുരക്ഷിതമല്ലാതെ അന്തിയുറങ്ങാന്‍ ശ്രമിച്ചതിന്റെ ഭാരവും, രാവിലെ മുഴുവന്‍ ഒഴിവാക്കാന്‍ പറ്റാത്ത മൂത്രശങ്ക ഇനി രാത്രി ഏതെങ്കിലും നേരത്ത് വീട്ടിലെത്തിയാലല്ലേ തീര്‍ക്കാനാവൂ എന്നോര്‍ത്തപ്പോളുള്ള വിമ്മിഷ്ടവും എല്ലാം കൂടെ ആനിമിഷം ടീച്ചര്‍ മുഖദാവിലേക്കാവാഹിച്ചു. പെന്‍സില്‍ മോഷ്ടിച്ചതിന്‌ മുന്നില്‍ നില്‍ക്കുന്ന ഒന്നാം ക്ലാസ്സുകാരനോടെന്നപോലെ പാവം പിടിച്ച മൂന്നുവയസ്സുകാരനോട്, ടീച്ചര്‍ ബാലറ്റ് മുറിക്കുന്ന സ്റ്റീല്‍ റൂളര്‍ ഉയര്‍ത്തി അലറി. 

ഇടം വലം തിരിയാന്‍ സമ്മതിക്കാത്ത ഏജന്റുമാരുടെ നിര്‍ബന്ധത്തിനു വഴങ്ങി, ബിരുദാനന്തര ബിരുദക്കാര്‍ക്കുപോലും ഓപ്പണ്‍ വോട്ടിന്‌ അനുവാദം കൊടുക്കാന്‍ നിര്‍ബന്ധിതനായ, അമ്പതിനു മേലെയുള്ള സ്റ്റാഫിനെ വരച്ച വരയില്‍ നിര്‍ത്തുന്ന  നഗരത്തിലെ പൊതുമേഘലാബങ്കിലെ മാനേജറായ പ്രിസൈഡിങ്ങ് ഓഫീസറും കിട്ടിയ അവസരം ശരിക്കും മുതലാക്കി. ഒരാള്‍ക്ക് ഒറ്റക്ക് പോലും ശരിക്ക് നില്‍ക്കാനാവാത്ത കൗണ്ടിങ്ങ് സ്റ്റേഷനിലെ കൗണ്ടറുകളില്‍ വൈകുന്നേരം ആയിരക്കണക്കിന്‌ പ്രസൈഡിങ്ങ് ഓഫീസര്‍മാരുടെ ചവുട്ടും കുത്തും ഏറ്റ് ബാലറ്റ് ബോക്സ് എന്ന അല്‍ഭുതവിളക്കും തലയിലേന്തി മണിക്കൂറുകളോളം വെള്ളം കുടിക്കാനാവാതെ നില്‍ക്കേണ്ടി വരുന്നതിനെപ്പറ്റി ആലോചിച്ച് സങ്കടം കയറിയ കണ്ഠം അലറിവിളിച്ചു.
'ഇവിടെ പോലീസൊന്നുമില്ലേ.........?'
കേരളത്തിന്റെ അങ്ങേയറ്റത്തുനിന്നും ഇങ്ങേയറ്റത്ത് ചുമതലക്ക് നിയോഗിക്കപ്പെട്ട്, മൂന്നുദിവസമായി യൂനിഫോം പോലും അഴിച്ചുവെക്കാന്‍ നേരം കിട്ടാതെ വലഞ്ഞ പോലിസ്സുകാരനും അവനുനേരെ കണ്ണുരുട്ടി.

ഉണ്ണിക്കുട്ടനെ കാണാതെ പരിഭ്രാന്തിയായ മുത്തശി ബൂത്തിനകത്തെ ബഹളത്തിനകത്തേക്ക് ഊളിയിട്ട് ഒരു പുഞ്ചിരിയില്‍ എല്ലാവരേയും ശാന്തായാക്കി അവനെയും എടുത്ത് പുറത്ത് കടന്നു.
ചറപറ സംശം ചോദിക്കുന്ന ഉണ്ണിക്കുട്ടന്‍ വീടിന്റെ പടി കണ്ട ശേഷമേ പിന്നെ സംസാരിച്ചുള്ളു.

'മുത്തശ്ശിക്ക് പെട്ടന്നു കിട്ടിയ തിലകം എന്നെ കണ്ടപ്പൊ എന്താ തരാതിരുന്നേ, ചീത്ത വേറേം, അതെന്താ അങ്ങനെ?!'

ഒരുപാട് ഓണമുണ്ട, ഒരുപിടി തിരഞ്ഞെടുപ്പു ജോലികള്‍ക്ക് നിയോഗിക്കപ്പെട്ടിരുന്ന മുത്തശ്ശിയുടെ ചുണ്ടിലെവിടെയോ ചിരിപൊട്ടി.
ഉത്തരത്തിന് കാത്തുനില്‍ക്കാതെ മുറ്റത്ത് ഓടിക്കളിക്കുന്ന ഉണ്ണിയെ നോക്കി പിന്നെ നെടുവീര്‍പ്പിട്ടു.
'കാലം തീര്‍ച്ചയായും നിനക്കൊരുത്തരം തരും'

20 ഒക്‌ടോബർ 2010

കനലെരിയുന്ന ശൂന്യത

അറിയാതെയാണെങ്കിലും ഞാനന്ന് മീരയുടെ കൈ തട്ടിപ്പോയിരുന്നു.
പിന്നെ മനഃപൂര്‍വമായിത്തന്നെ അത് വലിച്ചുകളഞ്ഞു.
കത്തിതീരാത്ത, അറിയാത്ത ആ ചിതക്കരികില്‍ നിന്ന് അവളുടെ വിതുമ്പലുകള്‍ക്ക് എന്റെ കുട മറപിടിക്കുന്നുണ്ടായിരുന്നു.
കണ്ണീരിറങ്ങി കലങ്ങിയ കണ്ണുകളില്‍ നോക്കി, തിരിച്ചിറങ്ങുമ്പോള്‍ ചോദിച്ചു
"ആരായിരുന്നു അത്?"
"ആരായാലെന്താ, ഒരു പിടിചാരമാവാന്‍ ഇനി നിമിഷങ്ങള്‍ പോരെ?"
ആ മറുചോദ്യം എന്നെ നിശ്ശബ്ദനാക്കി.

പട്ടണത്തിന്റെ ആളൊഴിഞ്ഞ വഴിത്താരയില്‍ എത്തിയപ്പോള്‍ പെട്ടന്നായിരുന്നു അവള്‍ വണ്ടി നിര്‍ത്താന്‍ പറഞ്ഞത്.
പൊളിഞ്ഞു വീഴാറായ കടത്തിണ്ണയുടെ ആളൊഴിഞ്ഞ വരാന്തയില്‍ ഒരു തേങ്ങലായ് മീര പെയ്തിറങ്ങി.
ആ വഴിയിലെ എന്റെ എന്നത്തേയും ചോദ്യചിഹ്നമായ ഒരു പിച്ചക്കാരിയുടെ നിഷ്കളങ്കമായ പുഞ്ചിരി ആ ശൂന്യതയിലെവിടെയോ മറഞ്ഞിരുന്നു. ഒരിക്കലും എനിക്കുനേരെ നീങ്ങാതിരുന്ന പുഞ്ചിരിക്കാരിയുടെ കൈകള്‍ ഉണ്ടാക്കിയ അസ്വസ്തതക്കുള്ള ഉത്തരം അന്നെന്തോ മീരയുടെ കണ്ണുകളിലുണ്ടെന്ന് തോന്നി.

"വാ പോം.."
മുതുകത്ത് തളര്‍ന്ന് ചാരിയുറങ്ങുന്ന മീരയും, മുന്നില്‍ കനലെരിയുന്ന മറുനാടന്‍ പുഞ്ചിരിയുടെ ശൂന്യതയും എന്റെ യാത്രകളെ അലോസ്സരപ്പെടുത്തുന്നുണ്ടായിരുന്നു.

10 ഒക്‌ടോബർ 2010

ഇലക്ഷന്‍ ഡ്യൂട്ടി

ആറ്റുനോറ്റുകിട്ടിയജോലിക്ക്
ഇത്തരത്തിലൊരു പൊല്ലാപ്പുകൂടിയുണ്ടെന്ന്
പങ്കജാക്ഷിയറിഞ്ഞില്ല.

പാല്‍മണം മാറാത്തമോണകാട്ടിച്ചിരിക്കും
തന്‍കുഞ്ഞിന്നോമനമുഖം വീണ്ടും
നോക്കിനെടുവീര്‍പ്പിട്ടമ്മ.

കയ്യിലെ പൊസ്റ്റല്‍ ബാലറ്റപേക്ഷയെടുത്ത
ക്കുഞ്ഞിന്‍മുഖത്തെ വിയര്‍പ്പുവറ്റാന്‍
ജനാധിപത്യക്കാറ്റൊരുക്കി.

അറിയുന്നുണ്ടോ പ്രണയം കരകവിഞ്ഞ്,
കുടുംബക്കാരകന്നിക്കുഞ്ഞിനേയും തന്ന്
മറുകര യൊരുകരപറ്റാനുഴലുന്നനിങ്ങള്‍ വല്ലതും?

ഇല്ല തോല്‍ക്കില്ല ഞാന്‍,
ഒരുപാട് ജീവന്‍കളഞ്ഞര്‍ധ രാത്രികിട്ടിയതല്ലേ
മനോജ്ഞമെന്‍ നാടിന്‍സ്വാതന്ത്ര്യം

ഒരുരാത്രി നീയും കരഞ്ഞുറങ്ങുക കുഞ്ഞേ,
അമ്മയീ മഹിത ജാനാധിപത്യത്തിന്‍
കാവലാളായിവരട്ടെ.

12 ഓഗസ്റ്റ് 2010

കൊള്ളാറുണ്ടീമഴ..

മഴ ചിനുങ്ങി ചിനുങ്ങി
കൂടെത്തന്നെ കൂടുകയാണ്
ചിലനേരം അങ്ങനെയാണ്
വ്യഥ പൂണ്ട മനസ്സിന്‍റെ മീതെ
അത് കനല്‍ മാരിയാവാറുണ്ട്

ഇന്നലെ പെയ്ത മഴയുടെ
ചാല്‍ വഴികളിലൂടെ
ഇന്നിന്‍റെ കാലപ്രവാഹം

അത് ജ്വരം പിടിച്ച മനസ്സിന്‍റെ കലിയായ്
ശ്വാസനാളത്തിലൂടൊ-
ഴുകിപ്പരക്കുന്നിതെങ്ങും

ചുമര്‍ ചാരിയിരിക്കുന്ന കാല്‍പനികതയുടെ
കണ്ണില്‍ നിന്നൊരു പ്രവാഹം
ആശക്തിധാര കടന്നപ്പുറമെത്തിയാ
ക്കണ്ണീര്‍ തുടയ്കാനുമാവതില്ല.

ഇന്നലെപ്പറഞ്ഞുനീ
കളവല്ലോ ഞാന്‍ മൊത്തം
പതിരില്ലതിലെങ്കിലും,
നീയറിക
കൊള്ളാറുണ്ടിമ്മഴപണ്ടേ,
കരളിലേക്കതേറ്റുവാങ്ങാറുമുണ്ടെന്നും..

10 ഓഗസ്റ്റ് 2010

അസഹ്യതയുടെ കയ്പ്പും മധുരവും

കാത്തിരിപ്പിന്
മഞ്ഞുപെയ്യുന്ന കാലത്തിന്‍റെ
പ്രണയക്കുളിരും
മരുഭൂമിയിലെ മരുപ്പച്ചയില്‍ കായ്ക്കും
പണക്കൊഴുപ്പിന്‍റെ വിരഹവേദനയും
ഉണ്ടെന്ന് പണ്ടേ എനിക്കറിയാം.

പക്ഷേ, അതിനൊന്നും
ശ്രീചിത്രയിലെ വിരസമായ
വിശ്രമമുറിയിലെ മടുപ്പിക്കുന്ന ഏകാന്തത
ഉണ്ടാവില്ല തീര്‍ച്ച!
തലേന്ന് ഉറങ്ങാനാവാത്തവര്‍
വിളികാത്ത് മയങ്ങി
ഉണ്ടാക്കുന്ന കൂര്‍ക്കം വലിയുടെ അസഹ്യത ഉണ്ടാവില്ല!
കോഫീമെഷീനിലെ പണം കൊടുത്ത്
വാങ്ങുന്ന കയ്പ്പുണ്ടാവില്ല!
ഒരുതുണ്ട് പത്രത്താളില്‍
രാവിലെ മുതലേ വായിച്ചിട്ടും വായിച്ചിട്ടും
തീരാത്ത വാര്‍ത്തകളുടെ മാധുര്യവുമുണ്ടാവില്ല!

വിളികാത്തിരിക്കുന്നൊരെന്‍ കവിളത്ത്
മരണം ദാവണിയുരുമ്മിക്കടന്നുപോയ്
വിധിയല്ലേ ഈകാത്തിരിപ്പ്?
അവസാന വിളിവരും വരെയെല്ലാര്‍ക്കും!

(ശ്രീചിത്ര ആശുപത്രിയില്‍ ഓപ്പറേഷന്‍ കാത്തുകഴിയുന്ന ബന്ധുവിന് വേണ്ടി മണിക്കൂറുകളോളം വിശ്രമ മുറിയില്‍ ഇരിക്കേണ്ടി വന്നപ്പോള്‍ എഴുതിയത്)

09 ഓഗസ്റ്റ് 2010

വില്‍പ്പനക്ക്

കാല്‍പനികത എന്‍റെ പുതപ്പല്ല
ദാരശനികത അതിന്‍റെ പൊയ് മുഖമല്ല

കാതര നയനകള്‍,
കാരുണ്യ മൂര്‍ത്തികള്‍,
ഭിക്ഷുക്കള്‍,
മനുഷ്യ ദൈവങ്ങള്‍,
താരങ്ങളൊക്കെ
കൊഞ്ഞനംകുത്തുന്ന നേരം

പോക്കുവെയില്‍ കൊള്ളാന്‍
മരത്തണലില്ലെങ്ങും
ശബ്ദം, യന്ത്രക്കാറ്റാടി കരയുന്ന മാത്രം.

മരുപ്പച്ചതേടി നടക്കാന്‍ വഴിയില്ല
വഴിയില്‍ പിരിപ്പൂ കരങ്ങള്‍.

സ്വപ്നാടനത്തിനായ് ഞാനില്ല,
കിട്ടുന്ന കാശിന്നു വില്‍ക്കാന്‍ തുനിയട്ടെ
എന്‍റെ പണിയെങ്ങു മെത്താത്തഭവനം!.

08 ഓഗസ്റ്റ് 2010

പെണ്ണുകാണല്‍ ദുരന്തം

ഇന്നലെ ഞാനാദ്യമായ്
പെണ്ണുകാണാന്‍ പോയ്.
എന്നെക്കണ്ടതും പെണ്‍കുട്ടി
ചിരിയോ ചിരി.....

കടം വാങ്ങിയ കാറില്‍
മടങ്ങുമ്പോള്‍ അരികിലിരുന്ന ചങ്ങാതിമാര്‍ ഒന്നും മിണ്ടീല...

ജീവിതത്തിലാദ്യമായ് വാങ്ങിയണിഞ്ഞ ഷൂ വലിച്ചെറിഞ്ഞു,
വീര്‍ത്ത വയറു പുറത്തു കാണാതിരിക്കാന്‍ പിടിച്ചു വെച്ച എയറും വിട്ടുകളഞ്ഞു,

ജീവപര്യന്തം കഴിഞ്ഞ് പുറത്തിറങ്ങിയവനെപ്പോലെ ഒന്നലറിപ്പെരുത്തു.
പിന്നെഞാനെന്‍റെ രുപംനോക്കിച്ചിരിച്ചു, അല്ല പൊട്ടിച്ചിരിച്ചു...!

വേണ്ടിയിരുന്നില്ല... ഒന്നും
ഈവണ്ടി ഒരുകരയ്ക്കടുക്കാന്‍ എനിയെത്ര ചിരികള്‍ സഹിക്കണം ഞാന്‍ ?

ഓര്‍ക്കുമ്പോളൊരു പേടി!

07 ഓഗസ്റ്റ് 2010

മറന്ന കവിത

കവിത എഴുതിയിട്ട്
ഒരുപാട് നാളായെന്ന്
ഇന്നലെ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞപ്പോളാണ്
ഓര്‍ത്തത്.

വരുതെ ഇരിക്കയല്ലെ, ഒരു കവിത
എഴുതാമെന്ന് ഞാനും
വെറുതേ വിചാരിച്ചു പോയി..!

കനവിനു തീപ്പിടിപ്പിച്ചു
കാത്തിരുന്നു, പക്ഷെ
കണ്ണില്‍ തെളിഞ്ഞില്ലയൊന്നും.

വഴിതോറും വെട്ടിമാറ്റപ്പെട്ട
കൈപ്പത്തി കരയുമ്പോഴും,
കുടി നഷ്ടമായ മനുഷ്യന്റെ മീതെ
അഭിനവ മാഫിയ പിടിമുറുക്കുമ്പോഴും,
വായിച്ച പ്രത്യയ ശാസ്ത്രങ്ങള്‍
വേദനിക്കുന്നവന്‍റെയല്ല
നാളേക്കു വേദന നല്കാന്‍
കാത്തിരിക്കുന്നവുരുടേതാണെന്ന്
അറിയുമ്പോഴും,
വയ്യ...എനിക്കു കവിത എഴുതാനാവില്ല...!

അതു കവിത വറ്റിയതു കൊണ്ടല്ല താനും....!!!

29 ജനുവരി 2010

വീണ്ടും രാത്രി....

പുലര്‍ന്നതെയുള്ളൂ
കോഴി കൂവുന്നതേയുള്ളൂ
കാലനെ കണ്ട പട്ടി ഓരി നിര്‍ത്തുന്നതേയുള്ളൂ,
പുലര്‍ന്നകാലത്തെനോക്കി എന്റെ
കനവുകള്‍ കെടുന്നതേയുള്ളൂ.

വീണ്ടും വരും കനവൊരുക്കാനൊരു രാത്രി
ഇപ്പകലിന്‍ കൊടിയ ദുരന്തം
താണ്ടുകയേവേണ്ടു...

01 ജനുവരി 2010

ഇരുപതും പാതിയും

ഇരുപതും പാതിയും ചേര്‍ന്ന പുതുവര്‍ഷമേ
നീ ഇരുളില്‍ തെളിയുന്ന ദീപമാവട്ടെ
ഹൃദയത്തില്‍ സുഗന്ധമായും, നല്ല കാമന
കളുടെ വസന്തമായും, പൂക്കാലം വിടര്‍ത്തട്ടെ.
ഇല്ല, ആശംസയേകില്ല നിനക്ക്, നീ നന്നായേ
പറ്റൂ അല്ലലില്ലാതിജീവിതം മുന്നേറുവാന്‍