'അമ്മമ്മേടെ കയ്യിലെന്തിനാ മഷി പറ്റിച്ചതാചേച്ചി.?'
മൂന്നു വയസ്സുകാരന് കൊച്ചുമകന്റെ ചോദ്യത്തിന് എന്ത് മറുപടിപറയണമെന്നോര്‍ത്ത് റിട്ടയേര്‍ഡ് ടീച്ചറായ മുത്തശ്ശി പരുങ്ങി.
'ഇതാണു മോനെ ജനാധിപത്യത്തിന്റെ തിലകം!
'തിലകം..?'
'അതെ... തിലകം.... ഒരു തലമുറയുടെ വിയര്‍പ്പില്‍ നിന്നും പടുത്തുയര്‍ത്തിയ ജനാധിപത്യഗോപുരം താങ്ങിനിര്‍ത്താന്‍ നമ്മുടെ കൈ ഉപയോഗിച്ചതിന് കിട്ടുന്ന സമ്മാനം!'
ഒരുനിമിഷം, കൊച്ചുമോന് "ഠപ്പേ"ന്ന് അപ്രത്യക്ഷനായി.
മഷിപുരട്ടുന്ന ചേച്ചിയുടെ മുന്നില്‍ പോയി വിരലുവെച്ച് വിനയാന്വിതനായി.
'എനിക്കും വേണം തിലകം.'
തലേദിവസം രാവിലെ മുതല്‍ മിനക്കിട്ടതിന്റെ ക്ഷീണവും, നാട്ടിലുള്ള ഭാരം മുഴുവന്‍ പേറി ഓണം കേറാമൂലയിലെ ഓലഷെഡ്ഡുസ്കൂളില്‍ കാവലിരുന്നതിന്റെ വിഷമവും, അന്യന്റെ വീട്ടില്‍ സുരക്ഷിതമല്ലാതെ അന്തിയുറങ്ങാന്‍ ശ്രമിച്ചതിന്റെ ഭാരവും, രാവിലെ മുഴുവന്‍ ഒഴിവാക്കാന്‍ പറ്റാത്ത മൂത്രശങ്ക ഇനി രാത്രി ഏതെങ്കിലും നേരത്ത് വീട്ടിലെത്തിയാലല്ലേ തീര്‍ക്കാനാവൂ എന്നോര്‍ത്തപ്പോളുള്ള വിമ്മിഷ്ടവും എല്ലാം കൂടെ ആനിമിഷം ടീച്ചര്‍ മുഖദാവിലേക്കാവാഹിച്ചു. പെന്‍സില്‍ മോഷ്ടിച്ചതിന് മുന്നില്‍ നില്ക്കുന്ന ഒന്നാം ക്ലാസ്സുകാരനോടെന്നപോലെ പാവം പിടിച്ച മൂന്നുവയസ്സുകാരനോട്, ടീച്ചര്‍ ബാലറ്റ് മുറിക്കുന്ന സ്റ്റീല്‍ റൂളര്‍ ഉയര്‍ത്തി അലറി.
ഇടം വലം തിരിയാന്‍ സമ്മതിക്കാത്ത ഏജന്റുമാരുടെ നിര്‍ബന്ധത്തിനു വഴങ്ങി, ബിരുദാനന്തര ബിരുദക്കാര്‍ക്കുപോലും ഓപ്പണ്‍ വോട്ടിന് അനുവാദം കൊടുക്കാന്‍ നിര്‍ബന്ധിതനായ, അമ്പതിനു മേലെയുള്ള സ്റ്റാഫിനെ വരച്ച വരയില്‍ നിര്‍ത്തുന്ന നഗരത്തിലെ പൊതുമേഘലാബങ്കിലെ മാനേജറായ പ്രിസൈഡിങ്ങ് ഓഫീസറും കിട്ടിയ അവസരം ശരിക്കും മുതലാക്കി. ഒരാള്‍ക്ക് ഒറ്റക്ക് പോലും ശരിക്ക് നില്ക്കാനാവാത്ത കൗണ്ടിങ്ങ് സ്റ്റേഷനിലെ കൗണ്ടറുകളില്‍ വൈകുന്നേരം ആയിരക്കണക്കിന് പ്രസൈഡിങ്ങ് ഓഫീസര്‍മാരുടെ ചവുട്ടും കുത്തും ഏറ്റ് ബാലറ്റ് ബോക്സ് എന്ന അല്‍ഭുതവിളക്കും തലയിലേന്തി മണിക്കൂറുകളോളം വെള്ളം കുടിക്കാനാവാതെ നില്‍ക്കേണ്ടി വരുന്നതിനെപ്പറ്റി ആലോചിച്ച് സങ്കടം കയറിയ കണ്ഠം അലറിവിളിച്ചു.
'ഇവിടെ പോലീസൊന്നുമില്ലേ.........?'
കേരളത്തിന്റെ അങ്ങേയറ്റത്തുനിന്നും ഇങ്ങേയറ്റത്ത് ചുമതലക്ക് നിയോഗിക്കപ്പെട്ട്, മൂന്നുദിവസമായി യൂനിഫോം പോലും അഴിച്ചുവെക്കാന്‍ നേരം കിട്ടാതെ വലഞ്ഞ പോലിസ്സുകാരനും അവനുനേരെ കണ്ണുരുട്ടി.
ഉണ്ണിക്കുട്ടനെ കാണാതെ പരിഭ്രാന്തിയായ മുത്തശി ബൂത്തിനകത്തെ ബഹളത്തിനകത്തേക്ക് ഊളിയിട്ട് ഒരു പുഞ്ചിരിയില്‍ എല്ലാവരേയും ശാന്തായാക്കി അവനെയും എടുത്ത് പുറത്ത് കടന്നു.
ചറപറ സംശം ചോദിക്കുന്ന ഉണ്ണിക്കുട്ടന് വീടിന്റെ പടി കണ്ട ശേഷമേ പിന്നെ സംസാരിച്ചുള്ളു.
'മുത്തശ്ശിക്ക് പെട്ടന്നു കിട്ടിയ തിലകം എന്നെ കണ്ടപ്പൊ എന്താ തരാതിരുന്നേ, ചീത്ത വേറേം, അതെന്താ അങ്ങനെ?!'
ഒരുപാട് ഓണമുണ്ട, ഒരുപിടി തിരഞ്ഞെടുപ്പു ജോലികള്‍ക്ക് നിയോഗിക്കപ്പെട്ടിരുന്ന മുത്തശ്ശിയുടെ ചുണ്ടിലെവിടെയോ ചിരിപൊട്ടി.
ഉത്തരത്തിന് കാത്തുനില്‍ക്കാതെ മുറ്റത്ത് ഓടിക്കളിക്കുന്ന ഉണ്ണിയെ നോക്കി പിന്നെ നെടുവീര്‍പ്പിട്ടു.
'കാലം തീര്‍ച്ചയായും നിനക്കൊരുത്തരം തരും'
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ