15 മേയ് 2020

പക്ഷേ എന്ത് കാര്യം?

തൊണ്ട വരളുന്നുണ്ട്,
പക്ഷേ
ദാഹമശേഷമില്ല !

പ്രകൃതിക്കാകെ
ഇത്ര ഭംഗിയുണ്ടെന്ന്
ഇന്നാണ് തോന്നിയത്,
കണ്ണിന്റെ കാഴ്ചയുടെ
വിസ്താരമേറിയ പോലെ!

അവനെവിടെ?
ഒരാവർത്തി തിരഞ്ഞപ്പോൾ കിട്ടി
മുറ്റത്ത് ഇന്നലെക്കെട്ടിയ
കളി വീട്ടിലിരിക്കുന്നു..
എനിക്കറിയാം 
നിനക്കാദ്യമെത്തണം കളിക്കാൻ
എന്തായാലും എന്നെ വിളിക്കാഞത് നന്നായില്ല!

നരച്ച അമ്മ വീടിന്റെ
വരാന്തയിലും തിണ്ണയിലും
പതിവില്ലാതെ ആൾക്കൂട്ടം,
എന്ത് കാണാനാണാവോ?

അമ്മാവൻ കോണിപ്പടിയിൽ 
തളർന്നിരിപ്പുണ്ട്..
അമ്മ കരഞ്ഞു തളർന്നിട്ടുണ്ട്..
അനിയൻ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്..
എനിക്ക് മാത്രം എന്തോ ഒന്നും മനസ്സിലായില്ല..!

വീണ്ടും അവനെ അന്വേഷിച്ചു പോയി
ഇക്കുറി കളി വീട്ടിലില്ല..
അപ്പുറത്ത് നനഞ്ഞ ചോറിൽ വിരൽ നീട്ടി വെള്ളമൊഴിക്കുന്നുണ്ടായിരുന്നു..
ചുണ്ടിൽ ഒരേ ഒരു മന്ത്രം 
"മാപ്പ്"...

ഞാനെന്റെ കറുത്ത ചിറകുകൾ നീട്ടി അങ്ങോട്ടേക്ക് കുതിച്ചു
(ചിറകോ..? ഇതെപ്പോൾ മുളച്ചു?)

നനവാർന്ന ഒരു പിടി കൈകളിലൂടെ ഒരുമിച്ചു
പിറന്ന ബാഷ്പ പ്രവാഹം 
ഊളിയിട്ടു പറന്നു..
എന്തോ ഇനി മടക്കമില്ലായിരിക്കും..

പിന്നിൽ രൗദ്ര രൂപിണിയായ
പുഴ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു...
കുഞ്ഞേ എനിക്ക് നിന്നോട് ദേഷ്യമില്ലായിരുന്നു
പക്ഷേ,
ആരോടൊക്കെയോ ഉണ്ടായിരുന്നു...

ഒരു മാത്ര കണ്ണടച്ചു
വിശാലമായ മണൽത്തിട്ടും
സംഗീതം പൊഴിച്ചൊഴുകും നേർത്ത പുഴയും..

വേണ്ട
അത് സ്വപ്നമാണ്...
ചളിക്കുണ്ടും, ചുഴിക്കുത്തും
കാടുകേറിയ പുഴയും
ചേർന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു..

ദാഹം ഘനീഭവിച്ച എന്റെ ചുണ്ടിലും
ആ വാക്ക് 
തികട്ടി തികട്ടി വന്നു
"മാപ്പ്"

പക്ഷേ എന്ത് കാര്യം!