നിലാവ് പെയ്യുന്ന രാത്രിയിലും, ഇടിവെട്ടും പേമാരിയിലും, കുംഭച്ചൂടിലും കണ്ട കനവുകള്‍ ... കാഴ്ചകള്‍ ..!
19 ഡിസംബർ 2009
സുകൃത ദര്‍ശനം
മഹിതമീ നേത്രം നിന്‍ ദര്‍ശനത്താല്‍
ഒരുപാടു കാതങ്ങള്‍ നഗ്നപാതരായ് ചലി-
ചെത്തിടുന്നെന്നും നിന്നാഴികാണാന്‍
അശരണരായിനിന്‍ കാനന പാതയില്‍
ഉഴറുന്ന വേളയിലെല്ലാം, ഒരു കാട്ടുതെന്ന
ലായൊരുപാട്ടുപാടിനീയണയുന്നു നിത്യ
മെന്നകതാരുമേറ്റതു പാടുന്നു
പമ്പയില്‍ കുളിരുന്ന നേരത്തുമേന്നോ
വിടയായ പിതൃമോക്ഷബലിയേകുമുള്ളില്‍
ഒരു കോടി സായൂജുമാകുന്ന പുണ്യം,
നിന്നിലഭയം കൊതിക്കുന്ന പുണ്യം
വിഘ്നമകറ്റുവാന്‍ പമ്പാ പതിക്കിന്നു
നാളികേരം, ജന്മ ദുഖ:ങ്ങള്‍
തീര്‍ക്കാനനുഗ്രഹിക്കാന്‍ മനസ്സിന്റെ
പൊന്‍പടിക്കീഴിലും നാളികേരം
എന്റെ ജീവനാം നീരിന്നു നേദിക്കുന്നു,
ദുഷ്ചിന്തകള്‍, കപടങ്ങളാഴിയാകാന്‍
ചിത്തത്തിലെന്നും നീ വാണിടേണം
പഞ്ചാമൃതത്തിന്‍ മധുരമായി
പതിനെട്ടു പടികേറി ധന്യനായി,
മകരവിളക്കും തൊഴുതു നില്‍പ്പൂ,
തിരുവാഭരണ പ്രഭചൂടുമയ്യാ
നിന്‍ ശതകോടി ഭക്തരെ കാത്തീടണേ..!!
20 നവംബർ 2009
സ്വാതന്ത്ര്യം തേടുന്ന കാല്പാടുകള്‍
24 ഒക്‌ടോബർ 2009
വെറുതെ.....
വെറുതെ കരഞ്ഞപ്പോളാണ് കാമിനിയകന്നത്
വെറുതെ ഒച്ചവെച്ചപ്പോളാണ് പലരും കണ്ണുരുട്ടിയത്
വെറുതെ ഇങ്ങനെ വെറുതെ ഇരിക്കാനാവാത്ത ഞാന്‍
വെറുതെ നിന്നെ വെറുക്കുന്നു -'വെറുതെ'
06 ഓഗസ്റ്റ് 2009
മുരളീരവം നിലച്ചു
“അരികില്‍, നീ ഉണ്ടായിരുന്നെങ്കിലെന്നുഞാന്‍
ഒരു മാത്ര വെറുതേ നിനച്ചുപോയി...
ഒരു മാത്ര വേറുതേ നിനച്ചു പോയി...”
നീയെത്ര ധന്യയിലെ കേട്ടാലും കണ്ടാലും മതിയാവാത്ത ഈ ഒരറ്റ ഗാനമാണ് എന്നെ മുരളിയുടെ കടുത്ത ആരാധകനാക്കുന്നത്. അതിനപ്പുറം, മുരളിയഭിനയിച്ചു ഫലിപ്പിച്ച ഒട്ടനവധി കഥാപത്രങ്ങള്‍ പിന്നീടു മാത്രമേ കടന്നു വരുന്നുള്ളു.
ആ മുരളിയും നമ്മേ വിട്ടു പോയിരിക്കുന്നു. സത്യത്തില്‍ ഇതു തന്നെയല്ലെ വിനാശ കാലം? അകാലത്തില്‍ നമ്മെ വിട്ടുപിരിയുന്നവരെത്രയാണ്, അതുല്യനടന്മാരായ മുരളി, ദിവസങ്ങള്‍ക്കു മുന്‍പേ രാജന്‍ പി ദേവ്, അതിനും മുന്‍പേ നരേന്ദ്രപ്രസാദ്, നമ്മുടെ നഷ്ടങ്ങള്‍ എത്രമാത്രം ആഴത്തിലുള്ളതാണ്.
ചമയത്തിലെ “അന്തിക്കടപ്പുറം“ എന്ന മറ്റൊരു പാട്ടു രംഗം ..
അതും ഓര്‍മകള്‍ക്കുള്ളില്‍ കടുത്തചായം പൂശിക്കിടക്കുന്നു.
മുരളി അരങ്ങൊഴിയിമ്പോള്‍ അവശേഷിക്കുന്നത് കടുത്ത ശൂന്യതയാണ്. ആണത്തത്തിന്‍റെ ഉശിരുള്ള ശബ്ദവും, തന്‍റേടത്തിന്‍റെ ആള്‍ രൂപവും മലാള സിനിമ ഉള്ളിടത്തോളം മായാതെ കിടക്കട്ടെ.!
ആ അതുല്യ നടന്‍റെ നിത്യ ശാന്തിക്കു പ്രാര്‍ഥിച്ചു കൊണ്ട്....
---------------------------------------------------------
കടപ്പാട്:ചിത്രങ്ങള്‍ മാതൃഭൂമി , മനോരമ.വീഡിയോ:യൂട്യൂബ് വീഡിയോകള്‍.!
31 ജൂലൈ 2009
മഹാകഷ്ടം
ഒരു കഥ പറയാം. പണ്ടൊരു തറവാട്ടില്‍, ഒരു പേരുകേട്ട തറവാട്ടില്‍ നടന്ന കഥയാണ്. കാരണവരും മക്കളും മക്കളുടെ മക്കളും കൂടെ വലിയ ഒരു തറവാട്. ആകെപ്പാടെ നല്ല അച്ചടക്കം. തലമുതിര്‍ന്നവര്‍ വരക്കുന്ന വരക്കപ്പുറം ആരും നടക്കില്ല. അങ്ങനെ ഇരിക്കെ കൂട്ടത്തില്‍ ഒരു ഇളമുറക്കാരന് അവിടത്തെ അടിച്ചു തളിക്കാരിയോട് ഒരു കമ്പം. പ്രേമത്തിനു കണ്ണില്ലല്ലോ, തലമുതിര്‍ന്നവരെ യൊക്കെ തൃണവല്‍ഗണിച്ച് ആശാന്‍ ആ പെണ്ണിനെയും കൊണ്ട് വീടു വിട്ടിറങ്ങി. ഇനി മേലില്‍ ഈ വീട്ടിലേക്ക് വരരുതെന്നും, വന്നാല്‍ കാലടിച്ച് പൊട്ടിക്കുമെന്നും വീടുകാര് കട്ടായം പറഞ്ഞു.
അങ്ങനെ കാലം കടന്നു പോയി. പട്ടുമെത്തെയില്‍ കിടന്നുറങ്ങി ശീലിച്ച ആശാന് പെണ്‍ വീട്ടിലെ പൊറുതി നരകമായിത്തുടങ്ങി. ഇടക്കിടക്ക പഴയ തറവാട്ടിലേക്ക് ഏന്തിനോക്കിത്തുടങ്ങി. എന്നാല്‍ ആരും തന്നെ കാര്യമായി മൈന്‍റ് ചെയ്തില്ല്ല. പെണ്ണിനെ മടുത്തു, പെണ്‍ വീട്ടുകാരെ മടുത്തു, മര്യാദക്ക് ഭക്ഷണം പോലും കിട്ടാതായി (പണ്ടേ ജോലിചെയ്യാതെ നിന്നു ശിലിച്ചതല്ലേ). പല വഴിക്കും പഴയ വീട്ടില്‍ തന്‍റെ പാതിമെയ്യോടൊപ്പം കയറിപ്പറ്റാന്‍ ശ്രമിച്ചു വന്നു. പക്ഷെ പടിക്കല്‍ തന്നെയോടിക്കാന്‍ രണ്ട് വലിയ ഗുണ്ടകളെ ഏര്‍പ്പാടാക്കിയതിനാല്‍ എല്ലം വിഫലമായി. തന്‍റെ നഷ്ടപ്പെട്ട സുഖ ജീവിതം തിരിച്ചു പിടിക്കാനായി കഥാനായകന്‍ യാതൊരു മടിയും കൂടാതെ പെണ്ണിനെ ആട്ടിയോടിച്ചു എന്നിട്ടു മാന്യനായി പഴയ വീട്ടിലേക്കു കയറിനോക്കി, നോ രക്ഷ.
ഒടുവില്‍ ആശാന്‍ അറ്റകൈക്ക് പത്തൊന്‍പതാം അടവ് പ്രയോഗിച്ചു. പാതിരാത്രി എല്ലാരും ഉറങ്ങിയ നേരത്ത് ഓടിളക്കി വിടിന്‍റെ അകത്ത് കയറിപ്പറ്റി. പിറ്റേന്ന് രാവിലെ കാരണവന്മാര്‍ നോക്കുമ്പോള്‍ ആശാന്‍ അകത്ത് സുഖമായി കിടന്നുറങ്ങുന്നു. പിടിച്ചു പുറത്താക്കാന്‍ കൽപ്പിച്ചു. മല്ലന്മാര്‍ പഠിച്ചതെല്ലാം പയറ്റി, വടിയും ചാട്ടവാറും പൊട്ടുന്നത് വരെ അടിച്ചു, പിടിച്ചു വലിച്ചു പുറത്തിടാന്‍ നോക്കി. എവിടെ..എവിടെപ്പോകാനാ?
ഒടുവില്‍ വീട്ടുകാര്‍ രണ്ടു തട്ടായി. ഒരു കൂട്ടര്‍ വീട്ടില്‍ തന്നെ പൊറുക്കുന്നതിനെ അനുകൂലിച്ചു, മറ്റേക്കുട്ടര്‍ എങ്ങനേം നായകനെ വീട്ടില്‍ നിന്നും പുറത്താക്കണം എന്നു പറഞ്ഞു. ചുരുക്കി പറഞ്ഞാല്‍ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ എല്ലാം എല്ലാരും മറന്നു, കാലം പിന്നേം കഴിഞ്ഞപ്പോള്‍ ഈ നായകന്‍ ആ തറവാടിന്‍റെ കാരണവരും ആയിത്തീര്‍ന്നു. അപ്പോളെക്കും കള്ളന്മാരും പിടിച്ചു പറിക്കാരും, പെണ്ണുപിടുത്തക്കരും വായില്‍ നോക്കികളുടേയും ഒരു സാഗരമായിത്തീര്‍ന്നിരുന്നു ആ തറവാട്, അതിനാന്‍ അവര്‍ കൂട്ടത്തില്‍ ഏറ്റവും തല്ലിപ്പൊളിയെ കാരണവരാക്കുകയായിരുന്നു. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലല്ലോ..??
--------------------------------------------------------------------
അനുബന്ധം : ഈ കഥക്ക് കരുണാകരന്‍റെ മകന്‍ മുരളിയുമായി യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അതിനു ഞാന്‍ ഉത്തരവാദിയല്ല....
22 ജൂലൈ 2009
നാക്ക് ലക്ഷ്യത്തിലേക്ക്
എന്ന് പരിതപിച്ചിരിക്കുമ്പോളാണ്
ശരവേഗത്തില്‍ ഒരു കടവാതില്‍
എന്‍റെ കണ്‍ മുന്നില്‍ പല്ലിയെ റാഞ്ചിയത്
അതിനും മുന്‍പ്,
നാക്ക് വളയുന്നില്ല എന്ന്
നിലവിളിച്ചപ്പോഴാണ് ആ പല്ലി
ഉന്നം പിടിച്ചൊരു നിശാശലഭത്തെ
വായിലാക്കുന്നത് കണ്ടത്.
ഇങ്ങനെ, വളയാത്ത നാക്കിനും
ലക്ഷ്യത്തിലെത്താത്ത നോട്ടത്തിനും
മീതെ പലതും നടക്കുമ്പോള്‍,
വേരുറച്ച കസേരയുടെ കാലുതല്ലിയുടച്ച്
ലക്ഷ്യമേതുമില്ലാതെ ഏതോ പാതയിലൂടെ
എന്‍റെ നാക്ക് പണയപ്പെടുത്തി
ഞാന്‍ നടന്നുതുടങ്ങി..
19 ജൂലൈ 2009
ദുരിതാശ്വാസം
വാക്ക് പലപ്പോഴും മിതമായി ഉപയോഗിക്കുന്നവനായിരുന്നു ഞാന്‍, അതിനാലാവണം വലിയൊരു പാറക്കഷ്ണം തന്‍റെ ഇത്തിരിപ്പോന്ന കൂര അപ്പാടെ നക്കിത്തൂടച്ച് പോയപ്പോഴും നിലവിളിക്കാന്‍ കഴിയാതിരുന്നത്. അല്ലെങ്കിലും നിലവിളിച്ചിട്ട് വലിയ കാര്യമൊന്നും ഇല്ല. എല്ലാം നഷ്ടപ്പെട്ട് ഒരു പാടുപേര്‍ തന്‍റെ ചുറ്റിലും നിന്ന് നിലവിളിക്കുമ്പോള്‍, തന്‍റെ നിലവിളിക്ക് കാര്യമായ പ്രസക്തിയില്ല.
“ചോമാ യ്യ് പോരുന്നില്ലേ, സര്‍ക്കാര്‍ കൂളില്‍ കഞ്ഞിണ്ടാവും”
മൂപ്പന്‍റെ ചോദ്യത്തിനുമുന്നില്‍ പ്രത്യേകിച്ചൊന്നും പറയാനുണ്ടായിരുന്നുല്ല.
പൊട്ടിപ്പൊളിഞ്ഞും, തെന്നിനീങ്ങിയും നശിച്ച വഴികളില്‍, എല്ലാം നഷ്ടപ്പെട്ടവരുടെ അടക്കിപ്പിടിച്ച രോദങ്ങള്‍ക്കൊപ്പം സാവധാനം നടന്നു.
വഴിതെറ്റിയൊഴുകുന്ന കാട്ടാറും, പകച്ചുനില്‍ക്കുന്ന കാട്ടുമക്കള്‍ക്കും ഇടയിലൂടെ പ്രത്യേകിച്ചൊന്നും ചിന്തിക്കാനില്ലാതെ നടക്കുമ്പോള്‍, ആവശ്യമില്ലാതെ മൂപ്പന്‍റെ മകളുടെ മുഖം തെളിഞ്ഞു വന്നു. കാടു മുഴുവന്‍ അലഞ്ഞ് കാട്ടു തേന്‍ ശേഖരിച്ച് മൂപ്പന്‍റെ സ്വയം സഹായ സംഘത്തില്‍ എത്തിക്കുന്ന തനിക്ക്, പലപ്പോഴും അത് ആ സുന്ദരിയെ ഏൽപ്പിക്കാനുള്ള ഭാഗ്യമുണ്ടായിരുന്നു. വയറു നിറയെ ചോറു തിന്നുന്ന ആ ദിവസങ്ങളില്‍ പോരാന്‍ നേരം അവള്‍ തരുന്ന പണപ്പൊതിയില്‍ നിന്ന് ഒരാഴ്ചത്തേക്കുള്ള അന്തിക്കള്ളിന്‍റെ പണമെടുത്ത് ബാക്കി അവളെത്തെന്നെ ഏൽപ്പിക്കാറായിരുന്നു പതിവ്.
“ അതിയ്യന്നെ വച്ചോ, ഒന്നിച്ചാവശ്യണ്ടാവുമ്പൊ തന്നാതി”
അപ്പോള്‍ അവളുടെ കണ്‍കളില്‍ ഒരു പ്രത്യേക തിളക്കം ഉണ്ടാവാറുണ്ടോ.?
ദുരിതാശ്വാസ ക്യാമ്പ് ആ പ്രദേശത്തെ ആകെയുള്ള സര്‍ക്കാര്‍ സ്കൂളിലായിരുന്നു. നൂറുകുട്ടികളെ ശരിക്കു ഉള്‍ക്കൊള്ളാനാവാത്ത അവിടം നൂറുകണക്കിനു കുടുമ്പങ്ങളെ ക്കൊണ്ടു നിറഞ്ഞു കവിഞ്ഞു.
തോരാതെ പയ്യുന്ന മഴ അവിടെയും അരക്ഷിതാവസ്ത സൃഷ്ടിച്ചിരുന്നു. കുട്ടികളും സ്ത്രീകളും ക്ലാസ് മുറികളിലും, മറ്റുള്ളവര്‍ വരാന്തയിലും സ്കൂള്‍ മുറ്റത്തെ ചെറിയ ഷെഡുകളിലും നിസ്സഹായരായി കഴിഞ്ഞു.
ഉള്ളിന്‍റെയുള്ളില്‍ പിന്നെയും മൂപ്പന്‍റെ മകളുടെ മുഖം പിരിമുറുക്കങ്ങള്‍ സൃഷ്ടിച്ചു.
മനുഷ്യന് പ്രത്യകിച്ചൊരു പണിയും ഇല്ലെങ്കില്‍ ഇങ്ങന ആയിരിക്കുമോ ആവോ..?
പിന്നെ പിന്നെ ആളനക്കങ്ങളില്‍ അവളുടെ കണ്ണുകള്‍ തിരഞ്ഞു തുടങ്ങി. ഒന്നു രണ്ടു പ്രാവശ്യം ഇടഞ്ഞ കണ്ണുകളെ പിന്‍ വലിച്ച് അവള്‍ എങ്ങോട്ടോ മറഞ്ഞു.
മഴതെല്ലു കുറഞ്ഞുതുടങ്ങി
പലരും സ്വന്തം കൂരയിലെ വറുതിയിലേക്കു മടങ്ങിത്തുടങ്ങി.
എല്ലാ കൊല്ലവും നഷ്ടപ്പെടുകയും വീണ്ടും കെട്ടിപ്പോക്കുകയും ചെയ്യുന്ന കൂര ത്നിക്കൊരു അവശ്യവസ്തുവല്ല.
ആളൊഴിഞ്ഞ ആസന്ധ്യ നേരത്ത് വളരെ അപ്രതീക്ഷിതമായി അവള്‍ മുന്നില്‍ പ്പെട്ടു. ഇടഞ്ഞ കണ്ണുകളിലെ അരക്ഷിതാവസ്തക്കുമീതെ ഞാന്‍ എന്‍റെ കൈ കറിയാതെ നീട്ടി.
അങ്ങനെയൊരു പ്രവൃത്തിയുടെ സാധുതയെന്താണെന്ന് അപ്പോള്‍ ഒട്ടും ആലോചിച്ചിരുന്നില്ല. തീരാക്കെടുത്തിയില്‍ ദീനം പിടിച്ച മൂപ്പന്‍റെ മുഖം ആലോചിച്ചിട്ടാണോ, അതോ ആ കണ്ണുകളിലെ കൊളുത്തി വലിക്കുന്ന തിളക്കമാണോ കാരണം അറിയില്ല.
ഒരുനിമിഷം...
സ്വന്തം കൈകള്‍ എന്‍റെ നീട്ടിയ കൈകള്‍ക്കുള്ളില്‍ വെച്ച് അവള്‍ പൊട്ടിക്കരഞ്ഞു.
“അപ്പാവിന്‍റെ ദീനം... തന്ന പൈസമുഴുവന്‍ ഗുളിയവാങ്ങി... ല്ല, ഞാന്‍ തിരിച്ചു തരും.. തരും”
മുറിഞ്ഞു മുറിഞ്ഞു വീണ വാക്കുകള്‍ക്കൊപ്പം കണ്ണുനീരും ധാരധാരയായി എന്‍റെ കൈകളില്‍ വീണു.
ചൂടുവെള്ളം വീണു പൊള്ളിയ പോലെ കൈകള്‍ എരിപിരി കൊണ്ടു.
മറ്റൊന്നും ആലോചിക്കാനില്ലാതെ, അന്നു തന്നെ മലകയറി..
തീരാദുരിതത്തിന്‍റെ, മറ്റൊരു കൂരകെട്ടിപ്പടുക്കുന്നത് മാത്രമാണ് അപ്പോള്‍ ആലോചിച്ചത്.
കൈയ്യിലെ നീറ്റല്‍ ഒരു ചോദ്യചിഹ്നമായി എന്‍റെ കൂടെത്തന്നെ വന്നു.
17 ജൂൺ 2009
പ്രണയദുരന്തം
പ്രണയം പ്രണയം മാത്രം
കനവിതിലിങ്ങനെ പ്രണയംനിറയാൻ
ഞാനൊരു പ്രണയപരാജിതനാണോ?
അതോ പ്രണയവിരോധിയതാണോ ?
തലയിൽ പ്രണയം കയറി മഥിക്കും
പുതുയുഗ മന്മഥനാണോ ?
അല്ലേയല്ല..
കരകവിവുന്നെൻ പ്രണയക്കവിതകൾ
കരളിൽ കോറിനിറച്ചിട്ടതിലൊരു
തരിയും നീയറിയുന്നില്ലെന്നറിയും
പ്രണയ ദുരന്തം മാത്രം
ഞാനൊരു കൊടിയ ദുരന്തം മാത്രം..!
17 മേയ് 2009
പൂച്ചപ്പിണക്കം
പൂച്ചകരഞ്ഞുതളർന്നു
അമ്മയോടൊരുപാടുകെഞ്ചി
തോടുപോക്കിയകൊഞ്ചന്റെ
മൂടുപോലും നൽകിയതില്ലമ്മ
പൂച്ച പ്രതിഷേധിച്ചു, ബാക്കി
യമ്മ വടക്കെ പറമ്പിൽ കുഴിച്ചിട്ടു
ഒരുതരിയെങ്കിലും നൽകാത്തത്
ഞാനും ചോദ്യം ചൈതു
എന്തും തിന്നും കൊതിച്ചിയവൾ
ഇത്തോടുകഴിച്ചാൽ വയറുവേദനിക്കും
അമ്മയെനിക്കല്ല, ഇത്തൊടിയിലെ
സർവ്വജീവനും മാതാവല്ലോ
പക്ഷെ പൂച്ചക്കുകലിയടങ്ങിയില്ല
കുഴിച്ചിട്ടമണ്ണിൽ കുഴിമാന്തി
മലമൂത്രം ചെയ്തു, പിന്നെ
കാലുപൊക്കി അശ്ലീലം പ്രദർശ്ശിപ്പിച്ചു
03 മേയ് 2009
പൂരം വെടിക്കെട്ട് -ഒരോർമ്മക്കുറിപ്പ്
അങ്ങനെ കാത്തുകാത്ത് അക്കൊല്ലം ഏപ്രിൽ അവസാനം പൂരം വന്നെത്തി. നാദവിസ്മയങ്ങളുടെ പൂരം മനസ്സിൽ പതിപ്പിച്ച വർണ്ണചിത്രങ്ങൾ ഇന്നും മായതെ കിടക്കുന്നു. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഉത്സവം കൊയിലാണ്ടികൊല്ലത്തെ പ്രസിദ്ധമായ കാളിയാട്ട മഹോത്സവമായിരുന്നു. അതുകൊണ്ടു തന്നെ അതിലും വലിയ, അതിനേക്കാൾ ആളുകൂടുന്ന തൃശൂർ പൂരം എനിക്കു സങ്കൽപ്പിക്കാവുന്നതിലും അപ്പുറമായിരുന്നു.
ആദ്യപൂരം ഞാൻ ശരിക്കാഘോഷിച്ചു. കമ്പനിക്ക്, പൂരം കേട്ടുകേൾവിമാത്രമായിട്ടുള്ള എന്നെപ്പോലെ ആദ്യത്തെ പൂരം കാണാനിറങ്ങിയ എന്റെ തലശ്ശേരിക്കാരൻ സുഹൃത്തും. മഠത്തിൽ വരവിന്റെയും, ഇലഞ്ഞിത്തറമേളത്തിന്റെയും നടുക്ക് നുഴഞ്ഞുകയറി യഥാർത്ഥ മേളക്കമ്പക്കാരെ പ്പൊലെ കൈത്താളമിട്ടും, കുടമറ്റത്തിന്റെ ആവേശതിമിർപ്പിൽ ഉയർന്നുചാടിയും, അന്തംവിട്ട് പൂരം കാണാനിറങ്ങിയ മദാമ്മമാരെ തൊട്ടുനോവിച്ച് ഉച്ചത്തരിപ്പിന്റെ ലഹരി പാരമ്യത്തിലാക്കുന്നവരെ അവജ്ഞയോടെ നോക്കിയും പൂരത്തിലേക്ക് ഞങ്ങൾ അലിഞ്ഞുചേർന്നു.
പിന്നെ കാത്തിരുന്ന സമയമായി, ഹോസ്റ്റലിൽ പോയി തിരിച്ചു വന്നില്ലെങ്കിലോ എന്നു കരുതി പുലർച്ചെ രണ്ടുമണിവരെ പൂരപ്പറമ്പിൽ തന്നെ കറങ്ങിത്തിരിഞ്ഞു വെടിക്കെട്ടുകാണാൻ. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് വലിയ വെടിക്കെട്ട് എന്റെ നാട്ടിലെ ഒറവിങ്കൽ ഭഗവതിക്ഷേത്രത്തിലെ വെടിക്കെട്ടായിരുന്നു. അതിലും വലിയ വെടിക്കെട്ടുകൾ നടക്കുന്ന, പൊയിൽക്കാവിലും, പിഷരികാവിലും, ചെറിയമങ്ങാട്ടും മറ്റും പോവാൻമാത്രം അന്ന് ഞാൻ വളർന്നിട്ടുമില്ലായിരുന്നു. അതുകൊണ്ടുതന്നെ അഞ്ചോ പത്തോമിനുട്ടിൽ ഒതുങ്ങുന്ന നാട്ടിലെ ഉത്സവങ്ങൾക്കുള്ള വെടിക്കെട്ടുകണ്ടിട്ടുള്ളഞ്ഞാൻ വലിയ ആവേശത്തിലായിരുന്നു.
മൂന്നുമണിയാവുമ്പോഴേക്കും റൗണ്ടുമുഴുവൻ ഏകദേശം ജനസമുദ്രമായി എന്നാണ് ഓർമ്മ. വെടിക്കെട്ടിന്റെ ഭൂമിശാസ്ത്രം നേരത്തെ മനസ്സിലാക്കിയതിനാൽ ഞങ്ങൾ രണ്ടുപേരും ഏതാണ്ട് നടുവിലാലിന്റെ അടുത്തുതന്നെ സ്ഥാനം പിടിച്ചു. കൂട്ടത്തിൽ അൽപം ആൾക്കാർ കുറഞ്ഞസ്ഥലമായിരുന്നു അത്. രണ്ട് സെറ്റ് വെടിക്കെട്ടിന്റെയും കൂട്ടപ്പൊരിച്ചിൽ ഇത്ര ഭംഗിയായ് കാണാവുന്ന സ്ഥലമായിട്ടും അവിടെ കാര്യമായ തിരക്കില്ലാതിരുന്നത് എന്നെ തെല്ലമ്പരപ്പിച്ചിരുന്നു, വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ.
നാലുമണിയോടെ പൂരപ്പറമ്പിന്റെ ഇടതുഭാഗത്തുള്ള വിഭാഗമാണ് ആദ്യം തിരികൊളുത്തിയത്, അത് പാറമേക്കാവാണോ, അതൊ തിരുവമ്പാടിക്കാരാണോ എന്ന കാര്യത്തിൽ വലിയ നിശ്ചയമില്ല. ആദ്യമൊന്നും വലിയ കുഴപ്പം തൊന്നിയില്ല, പിന്നെ പിന്നെ പൊട്ടിപൊട്ടി അടുത്തുവരുന്ന തീഗോളം അതിന്റെ സംഹാരവസ്തയിലേക്ക് എത്തുക ഞങ്ങളുടെ അടുത്താണല്ലൊ എന്നാലോചിച്ചപ്പോൾ ഉള്ളോന്നു കാളി, ഒരു നിമിഷം അവിടുന്നു മാറിനിൽക്കാൻ ആഗ്രഹിച്ചു, പക്ഷെ ഏറെ വൈകിയിരുന്നു ഒരിഞ്ചു സ്ഥലം ബാക്കിയില്ല, എന്റെ അതേ മാനസ്സികാവസ്തയിലായ സുഹൃത്തും ഞാനും ഒരുമിച്ച് ഒരു ശ്രമം നടത്തിനോക്കി,രകഷയില്ല. അപ്പോഴേക്കും വെടിക്കെട്ട് അതിന്റെ അവസാനപൊരിച്ചിലിലേക്ക് കടന്നിരുന്നു. മണ്ണിലും വിണ്ണിലും മനസ്സിലും തീ. ആകെപ്പാടെ ഭയം. ഒരു നിമിഷം ഞാൻ എന്റെ വീട്ടുകാരെയോർത്തു, അഛനോടും അമ്മയോടും പറയാതെ ഒരുത്സവത്തിനും ഇതുവരെ പോയിട്ടില്ലാത്തഞ്ഞാൻ അവരെക്കുറിച്ച് അകാരണമായി ചിന്തിച്ചു. ചെവി പൊത്തിയിട്ടും അതിനേയും തകർത്ത് അകത്തുകടക്കുന്ന മരണശബ്ദം, ദൈവമേ എങ്ങെനേം ഇതു കഴിഞ്ഞാൽ മതിയെന്നായി. നെഞ്ചിനകത്തും, തലക്കകത്തും ഭയങ്കരവേദന എന്താണ് സംഭവിക്കുന്നതെന്ന് ഒരു രൂപവുമില്ല. അഞ്ചുമിനുട്ടുകൂടി എന്നെ തീതീറ്റിച്ച് ആദ്യത്തെ വടിക്കെട്ട് സമാപിച്ചു.
അടുത്തസെറ്റിനു തിരികൊളുത്തും മുൻപേ അവിടുന്ന് രക്ഷപ്പെടാനായിരുന്നു എന്റെ ചിന്ത. പക്ഷെ സംഭവിച്ചത് മറ്റൊന്നണ്, ആദ്യത്തെ വെടിക്കെട്ട് കണ്ടവർ, രണ്ടാമത്തേത് അടുത്തുനിന്നുകാണാൻ ഒഴുകിത്തുടങ്ങി, എന്റെ ചെറിയ ശരീരം വച്ച് ഞാൻ നടത്തിയ ഗുസ്തിയെല്ലം വിഫലമായി. കാലിലെ ചെരുപ്പ് പോയ വഴി കണ്ടില്ല.ഷർട്ടുകീറി, പാന്റിന്റെ സിബുപോലും കീറി, പിന്നെ ഞാൻ ആ പ്രവാഹത്തിനു കീഴടങ്ങി, ജീവൻ പോയി എന്നുഞ്ഞാൻ ഉറപ്പിച്ചു. ഹോസ്റ്റലും വീടും നാടും നാട്ടാരും കൂട്ടുകാരും എല്ലാം ഒരു നിമിഷം ഓർത്തു. കണ്ണിൽ അറിയാതെ വെള്ളം, പൊടിഞ്ഞു. കൂടെയുണ്ടായിരുന്ന കൂട്ടുകാരനേയും കണ്ടില്ല. എന്റെ അവസ്തക്കുമേൽ വാളൊങ്ങിക്കോണ്ട് അപ്പോളെക്കും അടുത്ത കൂട്ടർ വെടിക്കെട്ടിനു തീകൊടുത്തു കഴിഞ്ഞിരുന്നു. അന്തരീക്ഷത്തിലെ വിസ്മയക്കാഴ്ച്ചക്കും ഭൂമിയിലെ തീഗോളത്തിനും എണ്ണിയാലൊതുങ്ങാത്ത പുരുഷാരത്തിനും നടുവിൽ ഞാൻ തീർത്തും നിസ്സഹായനായി. ആ കൂട്ട പൊരിച്ചിലും കൂടെ തീർന്നപ്പോളെക്കും ഞാൻ എന്റെ ആയുസ്സിന്റെ നല്ലൊരു ഭാഗം അതിജീവിച്ചപോലെയായി. ശാരിരികമായി ആകെ തളർന്ന ഞാൻ ആളൊഴിഞ്ഞുതുടങ്ങിയപ്പോൾ ഏതോ കടത്തിണ്ണയിൽ പുലരും വരെ ആകാശത്തിലെ ഡയനാമിറ്റ് ഡിസ്‌പ്ലേയും കണ്ടുകൊണ്ടിരുന്നു.
പിന്നെയും കണ്ടു പൂരം പലവട്ടം, പക്ഷെ ഇതുപോലെ അബദ്ധം പറ്റിയില്ല. വെടിക്കെട്ട് ദൂരെ മാറിനിന്ന് വൃത്തിയായി ആസ്വദിക്കൻ ഞാൻ പഠിച്ചെടുത്തു. ഇന്ന് ഒരു പത്തുപതിനൊന്നു വർഷത്തിനിപ്പുറം ആദ്യത്തെ പൂരം വെടിക്കെട്ടിനെക്കുറിച്ച് ഓർക്കുമ്പോൾ അന്നത്തെ ചങ്കിടിപ്പ് അറിയാതെ കടന്നുവരും.
29 ഏപ്രിൽ 2009
നാട്ടുമാങ്ങ
കടിച്ചു പറിച്ച്, അങ്ങനെതിന്നാൻ എന്തുരസം
പക്ഷെ കഴിഞ്ഞാൽ പല്ലിൽ പറ്റിയ
നാരെടുത്തുകളയലൊരധ്വാനം തന്നെ..!
മധുരമേ നീയെത്ര അധികമായലും
അവശേഷിപ്പിക്കുന്നത് അസ്വസ്തത തന്നെയോ
പ്രണയവുമതുപോലെ.....
15 മാർച്ച് 2009
വിരഹഗാനമല്ല..!
അരികിലിരുന്നെന്തൊക്കെയൊ പറഞ്ഞവർ
നിലാവും, പൊരിവെയിലും
ഒരുമിച്ചു കിനാക്കണ്ടവർ
എങ്കിലും നീമാത്രമിത്രപെട്ടന്ന്...!!
അറിയില്ല,
ഇനിയൊരു സൗഗന്ധികപ്പൂതേടി
നിൻമേടയിലെത്താം ഞാൻ
നീയെനിക്കയ് ഒരുക്കിയ
മനസ്സിന്റെ പട്ടുമെത്ത സത്യമെങ്കിൽ
അറിയില്ല,
അറിയാനൊന്നുമില്ല,
ഞാനറിയുന്നു, നിന്നിൽ ഞാനില്ലാതവുന്നദിനം
നിന്റെ ഓർമ്മയെന്നിൽ വേദനയാകുന്നുവെങ്കിലും.
15 ഫെബ്രുവരി 2009
ഗാനം
കൂടണയും കിളികൾതൻ സായന്തനം
വാക്കുകൾ കൂട്ടിക്കിഴിച്ചിന്നു ഞാൻ
ഏതോ മായാ പ്രപഞ്ചത്തിലാറാടവെ
പല്ലവികൾ, അനു പല്ലവികൾ
വർണ്ണം, സ്വരങ്ങൾ, ചരണങ്ങളും,
താളം പിടിക്കാൻ പൂമരങ്ങൾ
രാഗം കൊഴുക്കാൻ പൂവനങ്ങൾ
അകലെ തടാകത്തിൽ നീരാടിടും
കുളിരിളം മാരുതൻ, അതിനീള
മാർന്നൊരു മലയാറിനെ
മനമോഹി വീണയായ് തഴുകീടവെ
ഓളം ശ്രുതികളായ് തീർന്നീടുമീ
വേളയിൽ ഗാനം തുടങ്ങി ദേവി
(ആദ്യ കാല സമ്പാദ്യത്തിലൊന്ന്)
യാത്ര
അടിത്തറയില്ലാതെ, ഒന്നിനുമീതെ ഒന്നായി വെറുതെ കയട്ടിവെച്ച വിചാരങ്ങൾ. ഒടുവിലൊരു ചീട്ട് കൊട്ടാരത്തിന്റെ അന്ത്യം അതിനുണ്ടാവുമെന്നറിയാമെങ്കിലും ആ കെട്ടിപ്പടുക്കൽ തുടർന്നതേയുള്ളു.
ആദ്യത്തെ യാത്ര ഒരു പൂവിനെ തേടിയയിരുന്നു. വർണ്ണങ്ങളില്ലാത്ത, എന്നാൽ വശ്യമായ ഒരു പൂവ്. കണ്ടുമുട്ടിയവയിൽ പലതിനും ബഹുവർണ്ണങ്ങളുണ്ടായിരുന്നു, ചിലതാകെട്ടെ തീർത്തും വിവർണ്ണങ്ങളായിരുന്നു, ഒട്ടും കന്തിയില്ലാത്തവ. ഇനി അവസാനം കണ്ടെത്തിയവയോ, ചതുപ്പിൽ വിടർന്നവയും - ഒരിക്കലും പറിക്കാൻ പറ്റാത്ത അത്ര അകലത്തിലും.....
എങ്കിലും യത്ര അവസാനിപ്പിച്ചില്ല. ഒടുവിൽ തളർന്നവശനായ് വഴിയരികിൽ നിൽക്കുമ്പോൾ ഒരു കുടം വെള്ളവുമായ് ആരെങ്കിലും വരാതിരിക്കുമോ.
(ആദ്യ കാല സമ്പാദ്യത്തിലൊന്ന്)
കാത്തിരിപ്പ്
മറുപടി കേൾക്കാനിക്കരയിൽ
ഒരുപിടി കദന ഭാരവുമായൊരു
കവിതന്റെ ഹ്യദയമിരിപ്പു
വഹ്നിയിൽ തപം ചൈത വീറും
ഈ മണ്ണിന്റെ നേരും
പിന്നെ നിന്നെ നീയാക്കിയനിന്ന-
മ്മതൻ നൊവും പ്രാർത്ഥനയും
ആയിരം മലവെളള മൊഴുകുന്നതും
പേമരിയും കൊടുംങ്കാറ്റും കണ്ടതല്ലേ!
ഒടുവിലേതു ഗിരിയുമിളകുന്ന
മനമോഹിതൻ മാദകത്വവും കണ്ടതല്ലേ
പതറാതെ അക്കൊടും കുഴികളിൽ
വീഴാതെ ഇന്നും കാത്തിരിപ്പൂ
തൻ ഹ്യദയ വീണയിൽ
കളകളം സംഗീതമായി....
തേൻ മാരിയണവൻ, തുയിലുണർത്താണു
ടുക്കിന്റെ താളമായ്
ഉയരുന്ന ചേറിന്റെ പാട്ടായ്
ആദിയായ്, മധ്യമായ്...
എങ്കിലും ഉള്ളിന്റെയുള്ളിൽ
തപിക്കും കിളിക്കു തൻ കൂടുവിട്ടെങ്ങും
ഉയരാൻ കഴിയത്തൊരസ്വസ്തത
ആ കാത്തിരിപ്പിൻ നിശ്വാസമാകുന്നു
ഒടുവിലാ ശാന്തിതൻ ചക്രവാളത്തി
ലേക്കുർന്നിറങ്ങിപ്പരക്കും
കരകവിയും സ്നേഹച്ചുകപ്പും
സ്വപ്നവും കണ്ടിന്നും കാത്തിരിപ്പൂ
(ആദ്യ കാല സമ്പാദ്യത്തിലൊന്ന്)
കേൾക്കൂ
01 ജനുവരി 2009
വിട ... 2008
നിന്നെക്കുറിച്ചെന്നുമോർക്കാൻ നീയെനി
ക്കേകിയതെന്തെ? ഒരുനാളുമോർക്കാൻ
കൊതിക്കാത്ത സ്വപ്നങ്ങൾ നൈതുനിരത്തിയതെന്തെ ?
ഞങ്ങൾതൻ സുന്ദര മുംബെയിൽ വിണൊരു
ചോരയാലാണോ നിനക്കുയാത്രാമൊഴി
തോൽക്കാതിരിക്കാൻ കരുതിയിരുന്നൊരെൻ
അത്മാവിലേക്കും നീട്ടിപ്പിടിച്ചു നീ കാഞ്ചി !
വാഴ്‌വിന്റെ സ്വപ്നങ്ങൾ നൈതുഞാൻ
കയറിയ താഴ്‌വാരമാകെപ്പരന്നുനിൻ നിഴലുകൾ
മണിയൊച്ചകേൾക്കാത്ത രാവിലും പകലിലും
നഷ്ടമായ് വന്നതെൻ ജീവിത രേഖകൾ
വറുതിതൻ വേനലും, മാമഴക്കാലവും
കരുതിവച്ചെങ്കിലും ക്കുളിരിൻ പുതപ്പു-
തരാതിരുന്നെന്തുനീ, പൂക്കാത്ത മാവിന്റെ
കൊമ്പിലും കേൾക്കാവതുണ്ട് നിലയ്ക്കാത്ത നൊമ്പരം.
നീയെനിക്കേകിയ സാന്ത്വനമെത്രയോ തുഛം !
ഓർക്കാനുമോമനിക്കാനുമായ്, നീതന്ന
സ്വപ്നങ്ങളെത്രയൊ അൽപം! അകലാൻ കൊതിച്ചു
ഞാൻതുറക്കുന്നു വാതായനം നിനക്കായി.
ഇനിവരും കാലമേ നിന്നിൽ പ്രതീക്ഷിപ്പൂ..
ഇനിവരും സന്ധ്യകളെന്നും കവിതയായ്
അണയാപ്രതീക്ഷതൻ കടലായിമാറിയ
കനവുപേറുന്നൊരെൻ കരളിൽക്കുളിരട്ടെ !.
കേള്‍ക്കൂ