ജിവിതം ഒരു ഉരുള്‍ പൊട്ടലില്‍ തീരാനുള്ളതല്ലല്ലോ..
വാക്ക് പലപ്പോഴും മിതമായി ഉപയോഗിക്കുന്നവനായിരുന്നു ഞാന്‍, അതിനാലാവണം വലിയൊരു പാറക്കഷ്ണം തന്‍റെ ഇത്തിരിപ്പോന്ന കൂര അപ്പാടെ നക്കിത്തൂടച്ച് പോയപ്പോഴും നിലവിളിക്കാന്‍ കഴിയാതിരുന്നത്. അല്ലെങ്കിലും നിലവിളിച്ചിട്ട് വലിയ കാര്യമൊന്നും ഇല്ല. എല്ലാം നഷ്ടപ്പെട്ട് ഒരു പാടുപേര്‍ തന്‍റെ ചുറ്റിലും നിന്ന് നിലവിളിക്കുമ്പോള്‍, തന്‍റെ നിലവിളിക്ക് കാര്യമായ പ്രസക്തിയില്ല.
“ചോമാ യ്യ് പോരുന്നില്ലേ, സര്‍ക്കാര്‍ കൂളില്‍ കഞ്ഞിണ്ടാവും”
മൂപ്പന്‍റെ ചോദ്യത്തിനുമുന്നില്‍ പ്രത്യേകിച്ചൊന്നും പറയാനുണ്ടായിരുന്നുല്ല.
പൊട്ടിപ്പൊളിഞ്ഞും, തെന്നിനീങ്ങിയും നശിച്ച വഴികളില്‍, എല്ലാം നഷ്ടപ്പെട്ടവരുടെ അടക്കിപ്പിടിച്ച രോദങ്ങള്‍ക്കൊപ്പം സാവധാനം നടന്നു.
വഴിതെറ്റിയൊഴുകുന്ന കാട്ടാറും, പകച്ചുനില്‍ക്കുന്ന കാട്ടുമക്കള്‍ക്കും ഇടയിലൂടെ പ്രത്യേകിച്ചൊന്നും ചിന്തിക്കാനില്ലാതെ നടക്കുമ്പോള്‍, ആവശ്യമില്ലാതെ മൂപ്പന്‍റെ മകളുടെ മുഖം തെളിഞ്ഞു വന്നു. കാടു മുഴുവന്‍ അലഞ്ഞ് കാട്ടു തേന്‍ ശേഖരിച്ച് മൂപ്പന്‍റെ സ്വയം സഹായ സംഘത്തില്‍ എത്തിക്കുന്ന തനിക്ക്, പലപ്പോഴും അത് ആ സുന്ദരിയെ ഏൽപ്പിക്കാനുള്ള ഭാഗ്യമുണ്ടായിരുന്നു. വയറു നിറയെ ചോറു തിന്നുന്ന ആ ദിവസങ്ങളില്‍ പോരാന്‍ നേരം അവള്‍ തരുന്ന പണപ്പൊതിയില്‍ നിന്ന് ഒരാഴ്ചത്തേക്കുള്ള അന്തിക്കള്ളിന്‍റെ പണമെടുത്ത് ബാക്കി അവളെത്തെന്നെ ഏൽപ്പിക്കാറായിരുന്നു പതിവ്.
“ അതിയ്യന്നെ വച്ചോ, ഒന്നിച്ചാവശ്യണ്ടാവുമ്പൊ തന്നാതി”
അപ്പോള്‍ അവളുടെ കണ്‍കളില്‍ ഒരു പ്രത്യേക തിളക്കം ഉണ്ടാവാറുണ്ടോ.?
ദുരിതാശ്വാസ ക്യാമ്പ് ആ പ്രദേശത്തെ ആകെയുള്ള സര്‍ക്കാര്‍ സ്കൂളിലായിരുന്നു. നൂറുകുട്ടികളെ ശരിക്കു ഉള്‍ക്കൊള്ളാനാവാത്ത അവിടം നൂറുകണക്കിനു കുടുമ്പങ്ങളെ ക്കൊണ്ടു നിറഞ്ഞു കവിഞ്ഞു.
തോരാതെ പയ്യുന്ന മഴ അവിടെയും അരക്ഷിതാവസ്ത സൃഷ്ടിച്ചിരുന്നു. കുട്ടികളും സ്ത്രീകളും ക്ലാസ് മുറികളിലും, മറ്റുള്ളവര്‍ വരാന്തയിലും സ്കൂള്‍ മുറ്റത്തെ ചെറിയ ഷെഡുകളിലും നിസ്സഹായരായി കഴിഞ്ഞു.
ഉള്ളിന്‍റെയുള്ളില്‍ പിന്നെയും മൂപ്പന്‍റെ മകളുടെ മുഖം പിരിമുറുക്കങ്ങള്‍ സൃഷ്ടിച്ചു.
മനുഷ്യന് പ്രത്യകിച്ചൊരു പണിയും ഇല്ലെങ്കില്‍ ഇങ്ങന ആയിരിക്കുമോ ആവോ..?
പിന്നെ പിന്നെ ആളനക്കങ്ങളില്‍ അവളുടെ കണ്ണുകള്‍ തിരഞ്ഞു തുടങ്ങി. ഒന്നു രണ്ടു പ്രാവശ്യം ഇടഞ്ഞ കണ്ണുകളെ പിന്‍ വലിച്ച് അവള്‍ എങ്ങോട്ടോ മറഞ്ഞു.
മഴതെല്ലു കുറഞ്ഞുതുടങ്ങി
പലരും സ്വന്തം കൂരയിലെ വറുതിയിലേക്കു മടങ്ങിത്തുടങ്ങി.
എല്ലാ കൊല്ലവും നഷ്ടപ്പെടുകയും വീണ്ടും കെട്ടിപ്പോക്കുകയും ചെയ്യുന്ന കൂര ത്നിക്കൊരു അവശ്യവസ്തുവല്ല.
ആളൊഴിഞ്ഞ ആസന്ധ്യ നേരത്ത് വളരെ അപ്രതീക്ഷിതമായി അവള്‍ മുന്നില്‍ പ്പെട്ടു. ഇടഞ്ഞ കണ്ണുകളിലെ അരക്ഷിതാവസ്തക്കുമീതെ ഞാന്‍ എന്‍റെ കൈ കറിയാതെ നീട്ടി.
അങ്ങനെയൊരു പ്രവൃത്തിയുടെ സാധുതയെന്താണെന്ന് അപ്പോള്‍ ഒട്ടും ആലോചിച്ചിരുന്നില്ല. തീരാക്കെടുത്തിയില്‍ ദീനം പിടിച്ച മൂപ്പന്‍റെ മുഖം ആലോചിച്ചിട്ടാണോ, അതോ ആ കണ്ണുകളിലെ കൊളുത്തി വലിക്കുന്ന തിളക്കമാണോ കാരണം അറിയില്ല.
ഒരുനിമിഷം...
സ്വന്തം കൈകള്‍ എന്‍റെ നീട്ടിയ കൈകള്‍ക്കുള്ളില്‍ വെച്ച് അവള്‍ പൊട്ടിക്കരഞ്ഞു.
“അപ്പാവിന്‍റെ ദീനം... തന്ന പൈസമുഴുവന്‍ ഗുളിയവാങ്ങി... ല്ല, ഞാന്‍ തിരിച്ചു തരും.. തരും”
മുറിഞ്ഞു മുറിഞ്ഞു വീണ വാക്കുകള്‍ക്കൊപ്പം കണ്ണുനീരും ധാരധാരയായി എന്‍റെ കൈകളില്‍ വീണു.
ചൂടുവെള്ളം വീണു പൊള്ളിയ പോലെ കൈകള്‍ എരിപിരി കൊണ്ടു.
മറ്റൊന്നും ആലോചിക്കാനില്ലാതെ, അന്നു തന്നെ മലകയറി..
തീരാദുരിതത്തിന്‍റെ, മറ്റൊരു കൂരകെട്ടിപ്പടുക്കുന്നത് മാത്രമാണ് അപ്പോള്‍ ആലോചിച്ചത്.
കൈയ്യിലെ നീറ്റല്‍ ഒരു ചോദ്യചിഹ്നമായി എന്‍റെ കൂടെത്തന്നെ വന്നു.
:) gud story
മറുപടിഇല്ലാതാക്കൂഇഷ്ടമായി കഥ
മറുപടിഇല്ലാതാക്കൂ