31 ഒക്‌ടോബർ 2010

അടയാത്ത കണ്ണ്

ഒരു നിമിഷം....ഞാനൊന്നു കണ്ണടക്കെട്ടെ
ഇത്തിരി സ്വപ്നം കാണാന്‍...
വയ്യേ.. കണ്ണീരും കഠിനദുഃഖത്തിന്‍ കടലും...
കണ്ണുതുറന്നിടുന്നൂ ഞാന്‍,
മേലില്‍ സ്വപ്നം കാണാന്‍ നിര്‍ബന്ധിക്കരുതെന്നെയാരും..!

24 ഒക്‌ടോബർ 2010

ഉണ്ണിക്കുട്ടന്റെ വോട്ട്

'അമ്മമ്മേടെ കയ്യിലെന്തിനാ മഷി പറ്റിച്ചതാചേച്ചി.?'
മൂന്നു വയസ്സുകാരന്‍ കൊച്ചുമകന്റെ ചോദ്യത്തിന്‌ എന്ത് മറുപടിപറയണമെന്നോര്‍ത്ത് റിട്ടയേര്‍ഡ് ടീച്ചറായ മുത്തശ്ശി പരുങ്ങി.
'ഇതാണു മോനെ ജനാധിപത്യത്തിന്റെ തിലകം!
'തിലകം..?'
'അതെ... തിലകം.... ഒരു തലമുറയുടെ വിയര്‍പ്പില്‍ നിന്നും പടുത്തുയര്‍ത്തിയ ജനാധിപത്യഗോപുരം താങ്ങിനിര്‍ത്താന്‍ നമ്മുടെ കൈ ഉപയോഗിച്ചതിന്‌ കിട്ടുന്ന സമ്മാനം!'

ഒരുനിമിഷം, കൊച്ചുമോന്‍ "ഠപ്പേ"ന്ന് അപ്രത്യക്ഷനായി.
മഷിപുരട്ടുന്ന ചേച്ചിയുടെ മുന്നില്‍ പോയി വിരലുവെച്ച് വിനയാന്വിതനായി.
'എനിക്കും വേണം തിലകം.'

തലേദിവസം രാവിലെ മുതല്‍ മിനക്കിട്ടതിന്റെ ക്ഷീണവും, നാട്ടിലുള്ള ഭാരം മുഴുവന്‍ പേറി ഓണം കേറാമൂലയിലെ ഓലഷെഡ്ഡുസ്കൂളില്‍ കാവലിരുന്നതിന്റെ വിഷമവും, അന്യന്റെ വീട്ടില്‍ സുരക്ഷിതമല്ലാതെ അന്തിയുറങ്ങാന്‍ ശ്രമിച്ചതിന്റെ ഭാരവും, രാവിലെ മുഴുവന്‍ ഒഴിവാക്കാന്‍ പറ്റാത്ത മൂത്രശങ്ക ഇനി രാത്രി ഏതെങ്കിലും നേരത്ത് വീട്ടിലെത്തിയാലല്ലേ തീര്‍ക്കാനാവൂ എന്നോര്‍ത്തപ്പോളുള്ള വിമ്മിഷ്ടവും എല്ലാം കൂടെ ആനിമിഷം ടീച്ചര്‍ മുഖദാവിലേക്കാവാഹിച്ചു. പെന്‍സില്‍ മോഷ്ടിച്ചതിന്‌ മുന്നില്‍ നില്‍ക്കുന്ന ഒന്നാം ക്ലാസ്സുകാരനോടെന്നപോലെ പാവം പിടിച്ച മൂന്നുവയസ്സുകാരനോട്, ടീച്ചര്‍ ബാലറ്റ് മുറിക്കുന്ന സ്റ്റീല്‍ റൂളര്‍ ഉയര്‍ത്തി അലറി. 

ഇടം വലം തിരിയാന്‍ സമ്മതിക്കാത്ത ഏജന്റുമാരുടെ നിര്‍ബന്ധത്തിനു വഴങ്ങി, ബിരുദാനന്തര ബിരുദക്കാര്‍ക്കുപോലും ഓപ്പണ്‍ വോട്ടിന്‌ അനുവാദം കൊടുക്കാന്‍ നിര്‍ബന്ധിതനായ, അമ്പതിനു മേലെയുള്ള സ്റ്റാഫിനെ വരച്ച വരയില്‍ നിര്‍ത്തുന്ന  നഗരത്തിലെ പൊതുമേഘലാബങ്കിലെ മാനേജറായ പ്രിസൈഡിങ്ങ് ഓഫീസറും കിട്ടിയ അവസരം ശരിക്കും മുതലാക്കി. ഒരാള്‍ക്ക് ഒറ്റക്ക് പോലും ശരിക്ക് നില്‍ക്കാനാവാത്ത കൗണ്ടിങ്ങ് സ്റ്റേഷനിലെ കൗണ്ടറുകളില്‍ വൈകുന്നേരം ആയിരക്കണക്കിന്‌ പ്രസൈഡിങ്ങ് ഓഫീസര്‍മാരുടെ ചവുട്ടും കുത്തും ഏറ്റ് ബാലറ്റ് ബോക്സ് എന്ന അല്‍ഭുതവിളക്കും തലയിലേന്തി മണിക്കൂറുകളോളം വെള്ളം കുടിക്കാനാവാതെ നില്‍ക്കേണ്ടി വരുന്നതിനെപ്പറ്റി ആലോചിച്ച് സങ്കടം കയറിയ കണ്ഠം അലറിവിളിച്ചു.
'ഇവിടെ പോലീസൊന്നുമില്ലേ.........?'
കേരളത്തിന്റെ അങ്ങേയറ്റത്തുനിന്നും ഇങ്ങേയറ്റത്ത് ചുമതലക്ക് നിയോഗിക്കപ്പെട്ട്, മൂന്നുദിവസമായി യൂനിഫോം പോലും അഴിച്ചുവെക്കാന്‍ നേരം കിട്ടാതെ വലഞ്ഞ പോലിസ്സുകാരനും അവനുനേരെ കണ്ണുരുട്ടി.

ഉണ്ണിക്കുട്ടനെ കാണാതെ പരിഭ്രാന്തിയായ മുത്തശി ബൂത്തിനകത്തെ ബഹളത്തിനകത്തേക്ക് ഊളിയിട്ട് ഒരു പുഞ്ചിരിയില്‍ എല്ലാവരേയും ശാന്തായാക്കി അവനെയും എടുത്ത് പുറത്ത് കടന്നു.
ചറപറ സംശം ചോദിക്കുന്ന ഉണ്ണിക്കുട്ടന്‍ വീടിന്റെ പടി കണ്ട ശേഷമേ പിന്നെ സംസാരിച്ചുള്ളു.

'മുത്തശ്ശിക്ക് പെട്ടന്നു കിട്ടിയ തിലകം എന്നെ കണ്ടപ്പൊ എന്താ തരാതിരുന്നേ, ചീത്ത വേറേം, അതെന്താ അങ്ങനെ?!'

ഒരുപാട് ഓണമുണ്ട, ഒരുപിടി തിരഞ്ഞെടുപ്പു ജോലികള്‍ക്ക് നിയോഗിക്കപ്പെട്ടിരുന്ന മുത്തശ്ശിയുടെ ചുണ്ടിലെവിടെയോ ചിരിപൊട്ടി.
ഉത്തരത്തിന് കാത്തുനില്‍ക്കാതെ മുറ്റത്ത് ഓടിക്കളിക്കുന്ന ഉണ്ണിയെ നോക്കി പിന്നെ നെടുവീര്‍പ്പിട്ടു.
'കാലം തീര്‍ച്ചയായും നിനക്കൊരുത്തരം തരും'

20 ഒക്‌ടോബർ 2010

കനലെരിയുന്ന ശൂന്യത

അറിയാതെയാണെങ്കിലും ഞാനന്ന് മീരയുടെ കൈ തട്ടിപ്പോയിരുന്നു.
പിന്നെ മനഃപൂര്‍വമായിത്തന്നെ അത് വലിച്ചുകളഞ്ഞു.
കത്തിതീരാത്ത, അറിയാത്ത ആ ചിതക്കരികില്‍ നിന്ന് അവളുടെ വിതുമ്പലുകള്‍ക്ക് എന്റെ കുട മറപിടിക്കുന്നുണ്ടായിരുന്നു.
കണ്ണീരിറങ്ങി കലങ്ങിയ കണ്ണുകളില്‍ നോക്കി, തിരിച്ചിറങ്ങുമ്പോള്‍ ചോദിച്ചു
"ആരായിരുന്നു അത്?"
"ആരായാലെന്താ, ഒരു പിടിചാരമാവാന്‍ ഇനി നിമിഷങ്ങള്‍ പോരെ?"
ആ മറുചോദ്യം എന്നെ നിശ്ശബ്ദനാക്കി.

പട്ടണത്തിന്റെ ആളൊഴിഞ്ഞ വഴിത്താരയില്‍ എത്തിയപ്പോള്‍ പെട്ടന്നായിരുന്നു അവള്‍ വണ്ടി നിര്‍ത്താന്‍ പറഞ്ഞത്.
പൊളിഞ്ഞു വീഴാറായ കടത്തിണ്ണയുടെ ആളൊഴിഞ്ഞ വരാന്തയില്‍ ഒരു തേങ്ങലായ് മീര പെയ്തിറങ്ങി.
ആ വഴിയിലെ എന്റെ എന്നത്തേയും ചോദ്യചിഹ്നമായ ഒരു പിച്ചക്കാരിയുടെ നിഷ്കളങ്കമായ പുഞ്ചിരി ആ ശൂന്യതയിലെവിടെയോ മറഞ്ഞിരുന്നു. ഒരിക്കലും എനിക്കുനേരെ നീങ്ങാതിരുന്ന പുഞ്ചിരിക്കാരിയുടെ കൈകള്‍ ഉണ്ടാക്കിയ അസ്വസ്തതക്കുള്ള ഉത്തരം അന്നെന്തോ മീരയുടെ കണ്ണുകളിലുണ്ടെന്ന് തോന്നി.

"വാ പോം.."
മുതുകത്ത് തളര്‍ന്ന് ചാരിയുറങ്ങുന്ന മീരയും, മുന്നില്‍ കനലെരിയുന്ന മറുനാടന്‍ പുഞ്ചിരിയുടെ ശൂന്യതയും എന്റെ യാത്രകളെ അലോസ്സരപ്പെടുത്തുന്നുണ്ടായിരുന്നു.

10 ഒക്‌ടോബർ 2010

ഇലക്ഷന്‍ ഡ്യൂട്ടി

ആറ്റുനോറ്റുകിട്ടിയജോലിക്ക്
ഇത്തരത്തിലൊരു പൊല്ലാപ്പുകൂടിയുണ്ടെന്ന്
പങ്കജാക്ഷിയറിഞ്ഞില്ല.

പാല്‍മണം മാറാത്തമോണകാട്ടിച്ചിരിക്കും
തന്‍കുഞ്ഞിന്നോമനമുഖം വീണ്ടും
നോക്കിനെടുവീര്‍പ്പിട്ടമ്മ.

കയ്യിലെ പൊസ്റ്റല്‍ ബാലറ്റപേക്ഷയെടുത്ത
ക്കുഞ്ഞിന്‍മുഖത്തെ വിയര്‍പ്പുവറ്റാന്‍
ജനാധിപത്യക്കാറ്റൊരുക്കി.

അറിയുന്നുണ്ടോ പ്രണയം കരകവിഞ്ഞ്,
കുടുംബക്കാരകന്നിക്കുഞ്ഞിനേയും തന്ന്
മറുകര യൊരുകരപറ്റാനുഴലുന്നനിങ്ങള്‍ വല്ലതും?

ഇല്ല തോല്‍ക്കില്ല ഞാന്‍,
ഒരുപാട് ജീവന്‍കളഞ്ഞര്‍ധ രാത്രികിട്ടിയതല്ലേ
മനോജ്ഞമെന്‍ നാടിന്‍സ്വാതന്ത്ര്യം

ഒരുരാത്രി നീയും കരഞ്ഞുറങ്ങുക കുഞ്ഞേ,
അമ്മയീ മഹിത ജാനാധിപത്യത്തിന്‍
കാവലാളായിവരട്ടെ.