12 ഓഗസ്റ്റ് 2010

കൊള്ളാറുണ്ടീമഴ..

മഴ ചിനുങ്ങി ചിനുങ്ങി
കൂടെത്തന്നെ കൂടുകയാണ്
ചിലനേരം അങ്ങനെയാണ്
വ്യഥ പൂണ്ട മനസ്സിന്‍റെ മീതെ
അത് കനല്‍ മാരിയാവാറുണ്ട്

ഇന്നലെ പെയ്ത മഴയുടെ
ചാല്‍ വഴികളിലൂടെ
ഇന്നിന്‍റെ കാലപ്രവാഹം

അത് ജ്വരം പിടിച്ച മനസ്സിന്‍റെ കലിയായ്
ശ്വാസനാളത്തിലൂടൊ-
ഴുകിപ്പരക്കുന്നിതെങ്ങും

ചുമര്‍ ചാരിയിരിക്കുന്ന കാല്‍പനികതയുടെ
കണ്ണില്‍ നിന്നൊരു പ്രവാഹം
ആശക്തിധാര കടന്നപ്പുറമെത്തിയാ
ക്കണ്ണീര്‍ തുടയ്കാനുമാവതില്ല.

ഇന്നലെപ്പറഞ്ഞുനീ
കളവല്ലോ ഞാന്‍ മൊത്തം
പതിരില്ലതിലെങ്കിലും,
നീയറിക
കൊള്ളാറുണ്ടിമ്മഴപണ്ടേ,
കരളിലേക്കതേറ്റുവാങ്ങാറുമുണ്ടെന്നും..

10 ഓഗസ്റ്റ് 2010

അസഹ്യതയുടെ കയ്പ്പും മധുരവും

കാത്തിരിപ്പിന്
മഞ്ഞുപെയ്യുന്ന കാലത്തിന്‍റെ
പ്രണയക്കുളിരും
മരുഭൂമിയിലെ മരുപ്പച്ചയില്‍ കായ്ക്കും
പണക്കൊഴുപ്പിന്‍റെ വിരഹവേദനയും
ഉണ്ടെന്ന് പണ്ടേ എനിക്കറിയാം.

പക്ഷേ, അതിനൊന്നും
ശ്രീചിത്രയിലെ വിരസമായ
വിശ്രമമുറിയിലെ മടുപ്പിക്കുന്ന ഏകാന്തത
ഉണ്ടാവില്ല തീര്‍ച്ച!
തലേന്ന് ഉറങ്ങാനാവാത്തവര്‍
വിളികാത്ത് മയങ്ങി
ഉണ്ടാക്കുന്ന കൂര്‍ക്കം വലിയുടെ അസഹ്യത ഉണ്ടാവില്ല!
കോഫീമെഷീനിലെ പണം കൊടുത്ത്
വാങ്ങുന്ന കയ്പ്പുണ്ടാവില്ല!
ഒരുതുണ്ട് പത്രത്താളില്‍
രാവിലെ മുതലേ വായിച്ചിട്ടും വായിച്ചിട്ടും
തീരാത്ത വാര്‍ത്തകളുടെ മാധുര്യവുമുണ്ടാവില്ല!

വിളികാത്തിരിക്കുന്നൊരെന്‍ കവിളത്ത്
മരണം ദാവണിയുരുമ്മിക്കടന്നുപോയ്
വിധിയല്ലേ ഈകാത്തിരിപ്പ്?
അവസാന വിളിവരും വരെയെല്ലാര്‍ക്കും!

(ശ്രീചിത്ര ആശുപത്രിയില്‍ ഓപ്പറേഷന്‍ കാത്തുകഴിയുന്ന ബന്ധുവിന് വേണ്ടി മണിക്കൂറുകളോളം വിശ്രമ മുറിയില്‍ ഇരിക്കേണ്ടി വന്നപ്പോള്‍ എഴുതിയത്)

09 ഓഗസ്റ്റ് 2010

വില്‍പ്പനക്ക്

കാല്‍പനികത എന്‍റെ പുതപ്പല്ല
ദാരശനികത അതിന്‍റെ പൊയ് മുഖമല്ല

കാതര നയനകള്‍,
കാരുണ്യ മൂര്‍ത്തികള്‍,
ഭിക്ഷുക്കള്‍,
മനുഷ്യ ദൈവങ്ങള്‍,
താരങ്ങളൊക്കെ
കൊഞ്ഞനംകുത്തുന്ന നേരം

പോക്കുവെയില്‍ കൊള്ളാന്‍
മരത്തണലില്ലെങ്ങും
ശബ്ദം, യന്ത്രക്കാറ്റാടി കരയുന്ന മാത്രം.

മരുപ്പച്ചതേടി നടക്കാന്‍ വഴിയില്ല
വഴിയില്‍ പിരിപ്പൂ കരങ്ങള്‍.

സ്വപ്നാടനത്തിനായ് ഞാനില്ല,
കിട്ടുന്ന കാശിന്നു വില്‍ക്കാന്‍ തുനിയട്ടെ
എന്‍റെ പണിയെങ്ങു മെത്താത്തഭവനം!.

08 ഓഗസ്റ്റ് 2010

പെണ്ണുകാണല്‍ ദുരന്തം

ഇന്നലെ ഞാനാദ്യമായ്
പെണ്ണുകാണാന്‍ പോയ്.
എന്നെക്കണ്ടതും പെണ്‍കുട്ടി
ചിരിയോ ചിരി.....

കടം വാങ്ങിയ കാറില്‍
മടങ്ങുമ്പോള്‍ അരികിലിരുന്ന ചങ്ങാതിമാര്‍ ഒന്നും മിണ്ടീല...

ജീവിതത്തിലാദ്യമായ് വാങ്ങിയണിഞ്ഞ ഷൂ വലിച്ചെറിഞ്ഞു,
വീര്‍ത്ത വയറു പുറത്തു കാണാതിരിക്കാന്‍ പിടിച്ചു വെച്ച എയറും വിട്ടുകളഞ്ഞു,

ജീവപര്യന്തം കഴിഞ്ഞ് പുറത്തിറങ്ങിയവനെപ്പോലെ ഒന്നലറിപ്പെരുത്തു.
പിന്നെഞാനെന്‍റെ രുപംനോക്കിച്ചിരിച്ചു, അല്ല പൊട്ടിച്ചിരിച്ചു...!

വേണ്ടിയിരുന്നില്ല... ഒന്നും
ഈവണ്ടി ഒരുകരയ്ക്കടുക്കാന്‍ എനിയെത്ര ചിരികള്‍ സഹിക്കണം ഞാന്‍ ?

ഓര്‍ക്കുമ്പോളൊരു പേടി!

07 ഓഗസ്റ്റ് 2010

മറന്ന കവിത

കവിത എഴുതിയിട്ട്
ഒരുപാട് നാളായെന്ന്
ഇന്നലെ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞപ്പോളാണ്
ഓര്‍ത്തത്.

വരുതെ ഇരിക്കയല്ലെ, ഒരു കവിത
എഴുതാമെന്ന് ഞാനും
വെറുതേ വിചാരിച്ചു പോയി..!

കനവിനു തീപ്പിടിപ്പിച്ചു
കാത്തിരുന്നു, പക്ഷെ
കണ്ണില്‍ തെളിഞ്ഞില്ലയൊന്നും.

വഴിതോറും വെട്ടിമാറ്റപ്പെട്ട
കൈപ്പത്തി കരയുമ്പോഴും,
കുടി നഷ്ടമായ മനുഷ്യന്റെ മീതെ
അഭിനവ മാഫിയ പിടിമുറുക്കുമ്പോഴും,
വായിച്ച പ്രത്യയ ശാസ്ത്രങ്ങള്‍
വേദനിക്കുന്നവന്‍റെയല്ല
നാളേക്കു വേദന നല്കാന്‍
കാത്തിരിക്കുന്നവുരുടേതാണെന്ന്
അറിയുമ്പോഴും,
വയ്യ...എനിക്കു കവിത എഴുതാനാവില്ല...!

അതു കവിത വറ്റിയതു കൊണ്ടല്ല താനും....!!!