21 ഡിസംബർ 2008

നടക്കാത്ത നാലുസ്വപ്നങ്ങള്‍

1. പ്രണയം..
സിനിമാ സ്റ്റെയിലിലായിരുന്നു എന്റെ പ്രണയം പൂത്തുലഞ്ഞത്‌. തിരക്കേറിയ കൊയിലാണ്ടി അങ്ങാടിയിലൂടെ ഹോണ്ടാ ആക്ടീവയുമായി പറക്കാറുണ്ടായിരുന്നു അവൾ.പാവം ഹീറോഹോണ്ടബൈക്കിൽ പിൻതുടർന്ന് പരാജയപ്പെട്ട്‌ എന്റെ പ്രണയം കൊടുമ്പിരിക്കൊണ്ടു. അങ്ങനെ ഇരിക്കെ ഒരുദിവസം ഞാനും എന്റെ പ്രണയിനിയിനിയും അതിരാവിലെ നാഷണൻ ഹൈവേയുടെ നടുക്ക്‌ സ്വയം മറന്നു പറക്കുകയായിരുന്നു, പെട്ടന്നായിരുന്നു ഒരു ടിപ്പർ ലോറി എന്റെ പ്രണയഭാജനത്തെ ഇടിച്ചു തെറിപ്പിച്ചത്‌, ഞാൻ നോക്കുമ്പോൾ ആക്റ്റീവ ഒരുവഴിക്കും, എന്റെ പ്രണയിനി ഇരുപതടി മേലോട്ടും തെറിച്ചു പോയിരിക്കുന്നു. ഞാൻ കൃത്യമായി കണക്കുകൂട്ടി, ബൈക്കൊരു വഴിക്കെറിഞ്ഞ്‌ അവൾക്കുനേരെ പഞ്ഞടുത്തു, അറിയാവുന്ന ശാസ്ത്ര സത്യങ്ങൾ വെച്ചു എന്റെ പ്രണയത്തെ സുരക്ഷിതമായി രണ്ടുകയ്യിലുമായി ഒതുക്കി പിന്നോട്ട്‌ മറഞ്ഞു വീണു. എനിക്കൊരു പോറല്‍‌പോലുമേറ്റില്ല.!
2.നിളാതീരത്തെ വീട്‌
തൃശൂരിൽ പഠിക്കാൻ പോവുന്നകാലത്താണു നിള ഒരു വികാരമായി ഉള്ളിൽ കയറിയത്‌. കുഞ്ഞിരാമൻ നായരിലൂടെയും എം ടിയിലൂടെയും മാത്രം അറിഞ്ഞിരുന്ന നിള. പണം ലാഭിക്കാൻ കോയമ്പത്തൂർ ഫാസ്റ്റ്‌പാസ്സഞ്ജറിൽ യാത്ര ചൈതിരുന്ന ഞാൻ, ഷോർണ്ണൂരിൽ നിന്നും തൃശൂരിലേക്ക്‌ ബസ്സിൽ പോകുമ്പോൾ കാണുന്ന നിളാതീരത്തെ കലാമണ്ടലം . പച്ചപുതച്ച്‌ നിൽക്കുന്ന് പട്ടാമ്പിയിലേയും, പള്ളിപ്പുറത്തെയും, തിരുനാവായിലെയും വയലേലകൾ. മനോഹരമായ വള്ളുവനാടൻ ഭാഷ. നീണ്ട മുടിയും നീലിമയാർന്നകണ്ണുകളും മാത്രമുള്ള തരുണികൾ ഉള്ളസ്ഥലം, ഇതിൽക്കൂടുതലെന്തുവേണം കുറച്ചു കവിത മനസ്സിലുള്ള ഒരാൾക്ക്‌ നിളാതീരത്ത്‌ വീടുവെക്കാതിരിക്കാൻ. ഓടുമേഞ്ഞെ വീട്ടിലിരുന്നു, മഴക്കാലത്ത്‌ നിറഞ്ഞ്‌ കവിയുന്ന നിളയെ ഞാൻ സാന്ത്വനിപ്പിച്ചു, വേനലിൽ മണൽപ്പരപ്പിലെ മണൽ ലോറികൾ കണ്ട്‌ നെടുവീർപ്പിട്ടു.
3.കലാകാരൻ
വേദിയിൽ നിന്നു വേദിയിലേക്ക്‌ ഒരു പ്രയാണം തന്നെ യായിരുന്നു, എല്ലായിടത്തും സ്വീകരണങ്ങൾ, പലസ്ഥലത്തും ലൈറ്റ്‌മലഡിയായിരുന്നു ഞാൻ പാടിയിരുന്നത്‌, അടിപോളിപാട്ടുകളോട്‌ എനിക്കുപണ്ടേ വെറുപ്പായിരുന്നു. പഠിക്കാത്തകലകളും കൈവെക്കാത്ത മേഘലകളും ഇല്ലാത്തതിനാൽ എനിക്ക്‌ എല്ലാം വഴങ്ങുമായിരുന്നു. സിനിമാ സംഗീതത്തിന്റെ സകല വശങ്ങളെക്കുറിച്ചും ഞാൻ ആധികാരികമായിത്തന്നെ അഭിപ്രായം പറഞ്ഞു. സംഗീതത്തിന്റെ അനന്തസാഗരത്തിൽ നീന്തിക്കളിച്ച്‌ ഞാൻ ആ വെള്ളമെല്ലം കുടിച്ച്‌ വറ്റിക്കാറുണ്ടായിരുന്നു. യേശുദാസിന്റെയും, ജയചന്ദ്രന്റെയും, മോഹൻലാലിന്റെയും, പെരുവനത്തിന്റെയും, മധുബാലകൃഷ്ണന്റെയും, ബ്ലസ്സിയുടെയും, സകല കളിയാശാന്മാരുടേയും അടുത്ത സുഹൃത്താവാൻ ഈ അറിവ്‌ എന്നെ സഹായിച്ചിരുന്നു.
4.സൗഹൃദം
ഒരിക്കൽ കൂട്ടുകൂടുന്നവർ ഒരിക്കലും എന്നെ മറക്കാറില്ലെ. സൗഹൃദത്തിന്റെ ഒരു വലിയ വലയംതെന്നെ എന്നെ ചുറ്റിപറ്റിയുണ്ടാകാറുണ്ട്‌. ഏത്‌ അറിയാത്തനാട്ടിൽ പോയാലും പണ്ടത്തെ സൗഹൃദത്തിന്റെ ബാക്കിപത്രമായ ഒരാൾ വന്ന് എന്നെ അവരുടെ അഥിതിയാവാൻ ക്ഷണിക്കാറുണ്ട്‌. അല്ലെങ്കിലും കണ്ടാൽ ഒരു ജാടക്കാരന്റെ ലുക്ക്‌ ഇല്ലാത്തതിനാൽ എത്രയും പെട്ടന്ന് സൗഹൃദം ഉണ്ടാക്കാൻ എനിക്കു പറ്റാറുമുണ്ട്‌.

വാൽക്കഷ്ണം
ഇത്രയും കാര്യങ്ങൾ സത്യമാണെന്ന് ആർക്കെങ്കിലും തോന്നിയാൽ, അതിനുത്തരവാദി അവർ മാത്രമായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ