21 ജൂലൈ 2024

2രൂപയ്ക്ക് എയർപോർട്ട് ലോഞ്ച് ഉപയോഗിച്ച കഥ


9:45ന്റെ ഫ്ലൈറ്റിന് എട്ടുമണിക്കേ എയർപോർട്ടിന് അകത്തു കയറി ചെക്കിനും ചെയ്തു നടക്കുമ്പോഴാണ് ചെറിയ വിശപ്പ് വയറിന്റെ അകത്തുനിന്ന് തികട്ടി വന്നത്. ഇനി എന്ത് ചെയ്യും മല്ലയ്യാ എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് പോക്കറ്റിലെ റുപ്പേ കാർഡ് ഓർമ്മയിൽ വന്നത്. പിന്നെ ഒന്നും നോക്കിയില്ല. നിരന്നു നിൽക്കുന്ന സ്വൈപ്പിങ് മെഷീനുകളിൽ ഒന്നിൽ രണ്ടു രൂപ മാത്രം കളഞ്ഞ് എയർപോർട്ട് ലോഞ്ച് എന്ന മായാ പ്രപഞ്ചത്തിനകത്തേക്ക്. വല്ലാത്ത ഒരു ആംബിയൻസ്. നിരത്തി വെച്ചിരിക്കുന്ന ഭക്ഷണങ്ങളാണെങ്കിൽ എത്രയോ... സാഭാ ചോറ്, ബിരിയാണി ചപ്പാത്തി പേരറിയുന്നതും അറിയാത്തതുമായ എന്തൊക്കെയോ വിഭവങ്ങൾപലതരം.. പാനീയങ്ങൾ ഡെസേർട്ടുകൾ തണുത്ത് വിറച്ച് ഫ്രിഡ്ജിൽ ഒതുങ്ങിക്കൂടിയിരിക്കുന്ന ബോട്ടിൽ ഡ്രിങ്ക് വരെ സുലഭം.  സാധനങ്ങളൊക്കെ ഫ്രീയാണെങ്കിലും വയറ് നമ്മുടേത് തന്നെയാണ് എന്ന് ഉത്തമ ബോധ്യമുള്ളതിനാൽ കുറച്ചുമാത്രം എടുത്തു കഴിച്ചു. പിന്നെ നല്ല ചൂട് പായസം ഉണ്ടായിരുന്നു അതും ഒരു കേസരിയും.  നല്ലൊരു സ്ഥലം പിടിച്ച് വിമാനത്താവളത്തിൽ ഇറങ്ങുന്നതും പോകുന്നതുമായ വിമാനങ്ങളെ വായിൽ നോക്കി സമയം കൊന്നു . രണ്ടുമണിക്കൂറാണ് നമുക്ക് പരമാവധി  ഉപയോഗിക്കാൻ പറ്റുന്ന സമയം ഏതായാലും ഒരു മണിക്കൂറോളം കഴിഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി. രണ്ടു രൂപയ്ക്ക് ഒരു മണിക്കൂർ നേരത്തേക്ക് സ്വർഗ്ഗം തന്ന റുപ്പയ കാർഡിനെ നെഞ്ചത്ത് ചേർത്ത് ഒരു നന്ദിയും പറഞ്ഞു.

ഹൈദരാബാദിലെ ഈ സ്മാരകം ഏതാണ് എന്ന് നിങ്ങൾക്കറിയാമോ?

Video: അമരജ്യോതി സ്മാരകം

ഇന്നത്തെ നമ്മുടെ ഡ്രൈവർ സൈദ് മിരാജ് ചേട്ടനാണ്. ഓലയും കൊണ്ടുവന്ന അദ്ദേഹം പണ്ട് ആലപ്പുഴ ട്രിപ്പിന് പോയി മീൻ കറി കൂട്ടി ചോറ് കഴിച്ച് ഫ്ലാറ്റായ കഥ എന്നോട് വിശദീകരിച്ചു. ഒരുപാട് വലിയ വലിയ ആൾക്കാരുടെ പ്രതിമകൾക്കിടയിലൂടെ ആയിരുന്നു  യാത്ര. ഭരണഘടനാ ശില്പിയായ ഡോക്ടർ അംബേദ്കറിന്‍റെ അതിഭീമാകാരനായ ഒരു പ്രതിമയുടെ അപ്പുറത്താണ് തെലുങ്കാന സെക്രട്ടറിയേറ്റ്. എൻടിആർ പാർക്കിനടുത്ത് ഹുസൈൻ സാഗർ തടാകത്തിനടുത്തായിഞാനിറങ്ങി.  ലുമ്പിനി പാർക്കിൽ നിന്നുള്ള സ്പീഡ് ബോട്ടുകളും മറ്റു ബോട്ടുകളും തടാകത്തിന് നടുക്കുള്ള ഏക ശില ബുദ്ധപ്രതിമയെ അന്വേഷിച്ച് പോകുന്നുണ്ട്.  തെരുവിലൂടെ ചെറിയൊരു നടത്തം. ഡോക്ടർ അംബേദ്കർ തെലുങ്കാന സെക്രട്ടറിയേറ്റ് ഒരു കാണേണ്ട കാഴ്ചയാണ്. അപ്പുറത്ത് ബിലാമന്ദിരത്തിന്റെ മുകൾഭാഗം നമ്മളെ എത്തി നോക്കി മാടി വിളിക്കുന്നുണ്ട്. ഇതിനു നേരെ എതിർഭാഗത്താണ് അമരജ്യോതി സ്മാരകം.പ്രത്യേക തെലങ്കാന സംസ്ഥാനത്തിനായുള്ള 1969 ലെ പ്രക്ഷോഭത്തിൽ മരിച്ച 369 വിദ്യാർത്ഥികൾക്കായി നിർമ്മിച്ച സ്മാരകമാണ്  Telangana Martyrs Memorial തടസ്സങ്ങളില്ലാതെ സ്റ്റൈൽനെ സ്റ്റീൽ കൊണ്ട് നിർമ്മിച്ച  ഇവിടെ ഹൈദരാബാദ് നഗരത്തിന്റെ ഒരു പരിച്ഛേദം പ്രതിബിംബിച്ചു കാണാം, ഒരുപാട് നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്ന ആകാശം പോലെ. ഒരിക്കൽ കൂടി റോഡ് അപ്പുറത്ത് തെലുങ്കാന സെക്രട്ടറിയേറ്റിന്റെ രാത്രി ഭംഗി ആസ്വദിച്ച് കുറച്ച് പടം പിടിച്ച് ഞാൻ തിരിച്ചു പോന്നു.

ഹൈദദാബാദ് മെട്രോയിൽ ഒരു കറക്കം...


കൊച്ചി മെട്രോയിൽ ഒരുപാട് തവണ യാത്ര ചെയ്തിട്ടുള്ള ഞാൻ  ഹൈദരാബാദിലെത്തിയപ്പോൾ മെട്രോ അന്വേഷിച്ച് ഇറങ്ങി. ഒരു ഓട്ടോ പിടിച്ച് ഇറും മൻസ്സിൽ എന്ന മെട്രോ സ്റ്റേഷനിൽ ഞങ്ങൾ എത്തിയത്. ചാർമിനാർ യാത്രയാണ് ഉദ്ദേശം. ടിക്കറ്റ് കൗണ്ടറിൽ വമ്പൻ ക്യൂ ആണ്. പേടിഎം ഫോൺ പേ വഴി ഒക്കെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതുകൊണ്ട് രക്ഷപ്പെട്ടു.  ടിക്കറ്റ് സ്കാനിങ് ഒരു പ്രത്യേക സംവിധാനത്തിലാണ് , പ്രത്യേക ബോക്സ് ഉള്ളതിനാൽ ബ്രൈറ്റ്നസ് കൂട്ടി ബുദ്ധിമുട്ടേണ്ട കാര്യമുണ്ടായില്ല. ഞങ്ങൾ വന്ന ഉടനെ തന്നെ മെട്രോ എത്തി. അതിൽ കയറി...  എൻറെ അമ്മ മുടിഞ്ഞ തിരക്ക്. ഹൈദരാബാദിലെ മെട്രോയ്ക്ക് മൂന്ന് ലൈനുകൾ ഉണ്ട് ഗ്രീൻ-ലൈൻ റെഡ്-ലൈൻ ബ്ലൂ-ലൈൻ എന്നിങ്ങനെ, ഇവയെ തമ്മിൽ സന്ധിക്കുന്ന ചില ജംഗ്ഷനുകളും ഉണ്ട്. ഞങ്ങൾ  അത്തരത്തിലുള്ള ഒരു ജംഗ്ഷനായ എംജി ബെസ്റ്റ് സ്റ്റേഷനിലാണ് ഇറങ്ങിയത്. ചാർമിനാറിലേക്ക് പോകാൻ ഇവിടെ നിന്നാണ് കൂടുതൽ സൗകര്യം. ജംഗ്ഷൻ എന്നുപറയുമ്പോൾ ചില മെട്രോ പ്ലാറ്റ്ഫോമുകൾ ഉയരത്തിലും മറ്റുള്ളത് താഴെയും ആണ് ക്രമീകരിച്ചത്, അതുകൊണ്ടുതന്നെ തടസ്സമില്ലാത്ത മെട്രോ യാത്ര സാധ്യം. ചാര്‍മിനാർ കണ്ട് മനസ്സ് നിറഞ്ഞ് ഞങ്ങൾ വീണ്ടും ഒരു മെട്രോ പിടിച്ച് ഇറും മൽസലിന് വന്നിറങ്ങി. കൊച്ചി മെട്രോയിൽ നിന്ന് ഹൈദരാബാദ് മെട്രോയെ വേർതിരിക്കുന്ന പ്രധാന കാര്യങ്ങൾ അതിലെ തിരക്ക് തന്നെ .. പിന്നെ മൂന്ന് മെട്രോ ലൈനുകളുടെ ആ ഒരു പരപ്പും..

13 ജൂലൈ 2024

ഞാൻ

പുതിയ ഞാൻ

സൗഹൃദമില്ലാത്തവൻ
ആർക്കും മനസ്സിലാവാത്തവൻ
ആരും മനസ്സിലാക്കാത്തവൻ..

പഴയ ഞാൻ

എഴുതാൻ കൊതിച്ചവൻ
പാടാൻ കൊതിച്ചവൻ
പറക്കാൻ കൊതിച്ചവൻ

05 ജൂലൈ 2024

90's കിഡ്സ്

ചങ്കുകളോടൊപ്പം ചേർന്ന്
തള്ളിയവരെയൊക്കെ
കൂകിയോടിക്കുവാൻ 
ആരാണ് കൊതിക്കാത്തത്...?

അടക്കിവെച്ച നൊമ്പരക്കടലിൽ 
ഒരു വൻ തിരയായി തീരുവാൻ,
ഒന്നാർത്തു വിളിക്കുവാൻ ആരാണാഗ്രഹിക്കാത്തത്....?

പറയാനാകാതെ ഒതുക്കിയ  വാക്കുകൾ 
എന്നെങ്കിലും ഒരു തീ മഴയാകണമെന്ന്
ആരാണ് സ്വപ്നം കാണാത്തത്...?

എത്ര പറഞ്ഞാലും കൊള്ളാത്തവരുടെ
ഹൃദയത്തിലേക്കൊരു കൊള്ളിയാനായി 
തുളച്ചു കയറുവൻ ആരാണ്
തക്കം പാർക്കാത്തത്...?

പണ്ട് കൊണ്ടാടിയ പൂക്കാലമത്രയും,
ഒരു പൂമ്പാറ്റയായ് വന്നുചേർന്നാൽൽ
ആരാണ് തുള്ളിച്ചാടാത്തത്.... !!
.
#RahulDravid #T20WC2024 #T20WorldCup2024 #viratkohli #rohitsharma #SanjuSamson