19 മേയ് 2024

റോയൽസ്

ആദ്യം നിറയെ വിജയമായിരുന്നു ..
മഴ ചാറിയപ്പോൾ നീയെൻ്റെ കുടയിൽ കയറിയിരുന്നു, 
കാൻ്റീനിൽ മസാല ദോശ കഴിക്കാൻ കൂടെ വന്നിരുന്നു,
നിലാവുള്ള രാത്രികളിൽ ഓർത്തു വിളിക്കാറുണ്ടായിരുന്നു..

പിന്നെപ്പിന്നെ വിജയം 
തലയ്ക്കു പിടിച്ചു...

ആദ്യ സെമസ്റ്റർ മാർക്ക് വല്ലാതെ കുറഞ്ഞപ്പോൾ നീ സൂചന തന്നു,
നൂറ്ററുപത് വേഗത്തിന്
പെറ്റിയടിച്ച കഥ പാട്ടായപ്പോൾ പിണങ്ങിയിരുന്നു, 
പാതിരാവേറിയിട്ടും, കൂടണയാത്ത ഇടറിയ കാലുകൾ 
നിന്നിലെ വെറുപ്പിനെ 
പരകോടിയിലെത്തിച്ചു..
..
ഇല്ല, 
തോറ്റോടാൻ ആളല്ല ഞാൻ 
അവസാന കളികൾ 
ഇനിയും ബാക്കി.....!

13 മേയ് 2024

വായിച്ചു തീരാത്ത പുസ്തകം

വായിച്ച് മുഴുവനാവാത്ത
പുസ്തകത്തിലെ
മടക്കിവെച്ച
താൾ അന്വേഷിച്ചു പോയിട്ടുണ്ടോ?

ചിലപ്പോളത് വായിക്കാൻ
 മറന്നുപോയത് തന്നെ ആവണമെന്നില്ല,
വീണ്ടും വായിക്കാനായി
ഓർമ്മകൾ കൊണ്ട്
മടക്കിവെച്ചതും ആവാം..

തീക്ഷ്ണ പ്രണയത്തിൻറെ മുന്തിരിച്ചാറുകൾ കെട്ടിയേക്കാം,
ഇനിയൊരു വരി പോലും വായിക്കാനാവാത്തത്ര വിരസത കണ്ടേക്കാം,
അനുഭവത്തിന്റെ ഏതോ തലങ്ങളിലേക്ക്
കൂട്ടിക്കൊണ്ടുപോകുന്ന നിലാമഴ 
പ്രതീക്ഷിക്കാം....

ഇനിയത് 
വർഷങ്ങൾക്കു മുമ്പ് 
പാതിവഴിയിൽ 
എഴുത്തു നിർത്തിയ
ഡയറിയാണെങ്കിൽ,
പറയുകയും വേണ്ട....