15 ഫെബ്രുവരി 2011

വിധിദിനത്തിനു ശേഷം

രാവിലെ നടതുറന്നപ്പോള്‍
പുഷ്പാഞ്ജലി കഴിപ്പിച്ചു
പിന്നെ ഒരു ധാരയും

ആല്‍മരത്തണലത്തിരുന്നു
ഒരുനുള്ള് ഇരട്ടിമധുരം നുണഞ്ഞു
കയ്യില്‍ തീര്‍ത്ഥത്തിന്‍ നനവ്
ശിരസ്സിലേക്കും കിനിഞ്ഞു

നടവഴിയില്‍ ഒരുപാട് പുഷ്പങ്ങള്‍
ഹൃദയത്തിലൊരുപാട് കനലും
വയ്യ ഇനിയും ചവിട്ടി മെതിക്കാന്‍

ഞാനെന്റെ കാലെടുത്ത് തലയില്‍
വച്ച് പുറം തിരിഞ്ഞു നടന്നു

എനിക്ക് ആരെയും കാത്തിരിക്കേണ്ടതില്ല !

13 ഫെബ്രുവരി 2011

വിധിദിനത്തിനുമുന്‍പേ

കൈവിരലുകളില്‍
കാലം ചുളിവുവീഴ്ത്തുന്നു..
ഹൃദയത്തിന്റെ താളം മുറുകുന്നു

ഇന്നലെ വീണ്ടും
നീയെന്‍ നടവഴിയില്‍ വന്നുവോ ?
ഇന്നൊരു കിനാവായ് മറഞ്ഞുവോ?
എന്റെ കനവും കീറിമുറിച്ചുവോ ?

എന്റെ സ്വപ്നം ഞാന്‍
നിനക്കായ് തുറന്നിട്ടിരുന്നു
എന്റെ ചക്രവാളം
പോലും ചുവപ്പിച്ചിരുന്നു..

എന്നിട്ടും...

ഞാനോര്‍ക്കുന്നു..
നിനക്കായ് ഞാനൊരു പൂക്കാലമൊരുക്കിയില്ല
നിന്റെ മൊഴികള്‍ക്കായ് കാതോര്‍ത്തുചിരിച്ചില്ല
നിന്റെ കയ്യില്‍ എന്റെ കുപ്പിവള കിലുങ്ങിയില്ല
എങ്കിലും.....

നാളെ പുലരും വരെ
ഞാനീ പാറമേല്‍കിടക്കട്ടെ
പിന്നെ, പറന്നെത്തും
ഇണക്കിളികള്‍ക്ക് മാറിക്കൊടുക്കട്ടെ..!!
എനിക്കിനി മറ്റെന്ത്?

06 ഫെബ്രുവരി 2011

സൗമ്യക്ക്...

വാക്കില്ല..
എനിക്ക് നിന്നെ നോക്കാനവകാശവുമില്ല.
ഇരുളിന്റെ ഭയാനതകളില്‍
പുലരിവെട്ടം കാത്ത് കിടന്ന
നിന്നെ തലക്കടിച്ചവന്റെ
മസ്തിഷ്കത്തിലെ മിന്നല്‍
ഇരുളും കീറി ഈ പാളത്തിലലയുന്നു.

ദുരമൂത്ത സമൂഹത്തിന്ന്
ഇരകള്‍ വേറെ,
രാവേറെ കണ്ടിരിക്കാന്‍
ചാനലുകളേറെ...

ഒരു നോക്ക്, നിന്നില്‍
സാന്ത്വനമാവാന്‍,
ഈ കറുത്ത കരിമ്പടം
വലിച്ചുകീറാന്‍ ആരുമില്ല.

നിന്നെ ഞാനറിയുന്നു..
കറുത്തരാത്രിയില്‍
ഒറ്റക്ക് കഴുത്തോളം വെള്ളത്തില്‍
ഉയിരുകാത്തു നീന്തുന്ന നിന്നിലേക്ക്
എനിക്കേറെ ദൂരമെങ്കിലും...

വയ്യ...
ഇനി ഒരു ആളില്ലാ കമ്പാര്‍ട്ടുമെന്റ്
കണ്ടെത്തി ചാടട്ടെ ഞാനും,
കാരണം എന്നെ ബലാല്‍ക്കാരം
ചെയ്യാനായുന്നത് എന്നിലെ ഞാന്‍ തെന്നെയാണ്‌
അത്രക്ക് നോവുണ്ട്...

എങ്കിലും....
മാപ്പ്....
എന്തിനാണെന്നറിയില്ലെങ്കിലും...

ഇരുളില്‍ അണയുന്ന തീവണ്ടിയില്‍
എന്നും എന്റെ പെങ്ങളുണ്ട്
എന്നും അവള്‍ക്കൊരു കൂട്ടാവാന്‍
എനിക്ക് കഴിഞ്ഞില്ലെങ്കിലോ....?!

http://www.mathrubhumi.com/story.php?id=157170