ഒരു കഥ പറയാം. പണ്ടൊരു തറവാട്ടില്‍, ഒരു പേരുകേട്ട തറവാട്ടില്‍ നടന്ന കഥയാണ്. കാരണവരും മക്കളും മക്കളുടെ മക്കളും കൂടെ വലിയ ഒരു തറവാട്. ആകെപ്പാടെ നല്ല അച്ചടക്കം. തലമുതിര്‍ന്നവര്‍ വരക്കുന്ന വരക്കപ്പുറം ആരും നടക്കില്ല. അങ്ങനെ ഇരിക്കെ കൂട്ടത്തില്‍ ഒരു ഇളമുറക്കാരന് അവിടത്തെ അടിച്ചു തളിക്കാരിയോട് ഒരു കമ്പം. പ്രേമത്തിനു കണ്ണില്ലല്ലോ, തലമുതിര്‍ന്നവരെ യൊക്കെ തൃണവല്‍ഗണിച്ച് ആശാന്‍ ആ പെണ്ണിനെയും കൊണ്ട് വീടു വിട്ടിറങ്ങി. ഇനി മേലില്‍ ഈ വീട്ടിലേക്ക് വരരുതെന്നും, വന്നാല്‍ കാലടിച്ച് പൊട്ടിക്കുമെന്നും വീടുകാര് കട്ടായം പറഞ്ഞു.
അങ്ങനെ കാലം കടന്നു പോയി. പട്ടുമെത്തെയില്‍ കിടന്നുറങ്ങി ശീലിച്ച ആശാന് പെണ്‍ വീട്ടിലെ പൊറുതി നരകമായിത്തുടങ്ങി. ഇടക്കിടക്ക പഴയ തറവാട്ടിലേക്ക് ഏന്തിനോക്കിത്തുടങ്ങി. എന്നാല്‍ ആരും തന്നെ കാര്യമായി മൈന്‍റ് ചെയ്തില്ല്ല. പെണ്ണിനെ മടുത്തു, പെണ്‍ വീട്ടുകാരെ മടുത്തു, മര്യാദക്ക് ഭക്ഷണം പോലും കിട്ടാതായി (പണ്ടേ ജോലിചെയ്യാതെ നിന്നു ശിലിച്ചതല്ലേ). പല വഴിക്കും പഴയ വീട്ടില്‍ തന്‍റെ പാതിമെയ്യോടൊപ്പം കയറിപ്പറ്റാന്‍ ശ്രമിച്ചു വന്നു. പക്ഷെ പടിക്കല്‍ തന്നെയോടിക്കാന്‍ രണ്ട് വലിയ ഗുണ്ടകളെ ഏര്‍പ്പാടാക്കിയതിനാല്‍ എല്ലം വിഫലമായി. തന്‍റെ നഷ്ടപ്പെട്ട സുഖ ജീവിതം തിരിച്ചു പിടിക്കാനായി കഥാനായകന്‍ യാതൊരു മടിയും കൂടാതെ പെണ്ണിനെ ആട്ടിയോടിച്ചു എന്നിട്ടു മാന്യനായി പഴയ വീട്ടിലേക്കു കയറിനോക്കി, നോ രക്ഷ.
ഒടുവില്‍ ആശാന്‍ അറ്റകൈക്ക് പത്തൊന്‍പതാം അടവ് പ്രയോഗിച്ചു. പാതിരാത്രി എല്ലാരും ഉറങ്ങിയ നേരത്ത് ഓടിളക്കി വിടിന്‍റെ അകത്ത് കയറിപ്പറ്റി. പിറ്റേന്ന് രാവിലെ കാരണവന്മാര്‍ നോക്കുമ്പോള്‍ ആശാന്‍ അകത്ത് സുഖമായി കിടന്നുറങ്ങുന്നു. പിടിച്ചു പുറത്താക്കാന്‍ കൽപ്പിച്ചു. മല്ലന്മാര്‍ പഠിച്ചതെല്ലാം പയറ്റി, വടിയും ചാട്ടവാറും പൊട്ടുന്നത് വരെ അടിച്ചു, പിടിച്ചു വലിച്ചു പുറത്തിടാന്‍ നോക്കി. എവിടെ..എവിടെപ്പോകാനാ?
ഒടുവില്‍ വീട്ടുകാര്‍ രണ്ടു തട്ടായി. ഒരു കൂട്ടര്‍ വീട്ടില്‍ തന്നെ പൊറുക്കുന്നതിനെ അനുകൂലിച്ചു, മറ്റേക്കുട്ടര്‍ എങ്ങനേം നായകനെ വീട്ടില്‍ നിന്നും പുറത്താക്കണം എന്നു പറഞ്ഞു. ചുരുക്കി പറഞ്ഞാല്‍ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ എല്ലാം എല്ലാരും മറന്നു, കാലം പിന്നേം കഴിഞ്ഞപ്പോള്‍ ഈ നായകന്‍ ആ തറവാടിന്‍റെ കാരണവരും ആയിത്തീര്‍ന്നു. അപ്പോളെക്കും കള്ളന്മാരും പിടിച്ചു പറിക്കാരും, പെണ്ണുപിടുത്തക്കരും വായില്‍ നോക്കികളുടേയും ഒരു സാഗരമായിത്തീര്‍ന്നിരുന്നു ആ തറവാട്, അതിനാന്‍ അവര്‍ കൂട്ടത്തില്‍ ഏറ്റവും തല്ലിപ്പൊളിയെ കാരണവരാക്കുകയായിരുന്നു. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലല്ലോ..??
--------------------------------------------------------------------
അനുബന്ധം : ഈ കഥക്ക് കരുണാകരന്‍റെ മകന്‍ മുരളിയുമായി യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ അതിനു ഞാന്‍ ഉത്തരവാദിയല്ല....