04 ഒക്‌ടോബർ 2024

പതിനഞ്ച്

പകലു കാണാത്ത 
ദിനങ്ങളുടെ അളവ് കൂടിയിട്ട് 
പതിനഞ്ച് വർഷം...

കുമിഞ്ഞുകൂടുന്നതെല്ലാം 
ഇരുന്നു തീർത്തിട്ടും,
പറഞ്ഞുതീരാ പഴികളിലലഞ്ഞിട്ട്
പതിനഞ്ച് വർഷം...

അറിയാവുന്നതെല്ലാമൊഴിച്ച്,
അറിയാത്ത ചോദ്യവുമായി 
വരുന്നോർക്കുമുന്നിൽ 
അരികുപൊട്ടി നിൽക്കാൻ തുടങ്ങിയിട്ട്
പതിനഞ്ച് വർഷം...

കരളിലുണ്ടായിരുന്നൊരിത്തിരി 
കവിത പോലും
കരുണയേതുമില്ലാതെ
പറന്നകന്നതോർത്തിട്ട്
പതിനഞ്ച് വർഷം...

ആരുമല്ലെന്നും, ആരുമില്ലെന്നും 
പേർത്തും പേർത്തുമോർമിപ്പിച്ച്,
പറയാൻ മറന്ന നൊമ്പരങ്ങളുടെ പടുകൂടാരം തീർത്തിട്ടിന്നേക്ക്
പതിനഞ്ച് വർഷം....

/പതിനഞ്ച് / ലിനേഷ് നാരായണൻ/

(In memory of 15 years service in Indias largest organisation )

ബ്ലോക്ക്

ശരവേഗത്തിലാണ്

ആലുവയിൽ നിന്ന്
ഇടപ്പള്ളിയിലെത്തിയത്...

ലിഫ്റ്റിന്റെ ശൂന്യതയിൽ
ഓർമ്മകൾക്ക് തിപ്പിടിച്ചു ...

ഇന്ന് കളമശ്ശേരി ബ്ലോക്ക് ഉണ്ടായില്ലല്ലോ ...?

മരവിച്ച ശരീരം കൊണ്ട് സന്തോഷം വിറ്റ് ജീവിക്കുന്നവരെ 
ലോറിക്കൂട്ടത്തിൽ
തിരഞ്ഞ് നെടുവീർപ്പിടാൻ പറ്റിയില്ലല്ലോ ...!

അരിച്ചുകയറുന്ന പുകമണത്തിന്നിടയിൽ
ഇരച്ചു കയറുന്ന
അൽഫഹാമിൻ്റെ മണം
വായിൽ
വെള്ളമൂറ്റിയില്ലല്ലോ .!

ഭാഗ്യത്തിന്റെ ബംബർ വിൽക്കുന്നവനെയും,
ബ്ലോക്കിനുള്ളിൽ വസന്തം വിരിയിക്കുന്ന
മറുനാടൻ വിൽപ്പനക്കാരിയെയും
കണ്ടില്ലല്ലോ..!

ചായക്കടയിൽ
പ്രണയിച്ചിരിക്കുന്നവരുടെ
കുസൃതി കണ്ടില്ലല്ലോ ...

.........

പെട്ടന്നെപ്പോഴോ
വൈദ്യുത പ്രവാഹമടഞ്ഞു
ലിഫ്റ്റെവിടെയോ പെട്ടു ..

ഒരു മനുഷ്യനെ കണ്ടിരുന്നെങ്കിൽ ...!!



/ ബ്ലോക്ക് /ലിനേഷ് നാരായണൻ/

#കവിത #മലയാളകവിത
#poem #malayalam #lineshnarayanan