21 മേയ് 2023

അരുതാത്തതൊന്നും പറയേണ്ടിനി...

മഴപെയ്ത രാത്രിയിൽ 
ഇരുളിന്റെ ആഴത്തിൽ
കൈനഖം തലോടി ഞാൻ കൂട്ടിരുന്നു..

പറയാൻ മറന്നതന്നറിയാതെ 
എന്തേ മൊഴിഞ്ഞിരുന്നു?
പ്രൈമറി ക്ലാസിന്റെ പടിതട്ടി വീണതും, കൈകാലൊടിഞ്ഞതും,
മായാ മറുകൊന്ന് മുതുകത്ത് തീർന്നതും,
ഗോപാലൻ മാഷിൻറെ 
ചൂരൽപ്രയോഗത്തിൽ കണ്ണീരണിഞ്ഞതും,
നെന്മാറ വേല വെടിക്കെട്ട് കാണെവെ
ഉൻമാദിയായി ചിരിച്ചു മറിഞ്ഞതും,
നിള പോലെ ഒഴുകുന്നദുരിതത്തിൻ തീരത്ത്
കരയാതെ തളരാതെ കാലം കഴിച്ചതും..
ഒടുവിൽ, കലാലയ കോണിലവൻ.....

മതി...

ഇതിലേറെയൊന്നും  
മൊഴിയേണ്ടതില്ല നീ...
പ്രണയം പൂക്കുന്നതിവിടെ മാത്രം.
ചെവിയിൽപറഞ്ഞു ഞാൻ 
കൈവിരൽ കോർത്തുകൊണ്ട്
 അരുതാത്തതൊന്നും പറയേണ്ടിനി....