30 ഓഗസ്റ്റ് 2023

ഇത്രേ ഉള്ളൂ.

അപ്പച്ചൻ പോയ ദിവസമാണ് 
കണ്ണൂരിൽ നിന്ന് ആദ്യമായി ജോസ് പരശുറാം പിടിച്ചത്..
മൂപ്പർക്ക് രജനീകാന്തിനെ 
വലിയ ഇഷ്ടമായിരുന്നു,
അതിനേക്കാൾ  ഇഷ്ടമായിരുന്നു തന്നെ..

അടുത്തിരിക്കുന്ന ഫ്രീക്കൻ പയ്യൻ
സ്ഥലകാല ബോധമില്ലാതെ 
"എൻ പേര് പടയപ്പ"  മൊബൈൽ ഫോണിൽ  ഉറക്കെ വച്ചപ്പോൾ അതുകൊണ്ടാണ് എന്ത് ചെയ്യണമെന്നറിയാതെ  തരിച്ചിരുന്നുപോയത്.

ചെങ്ങന്നൂര് തീവണ്ടി ഇറങ്ങുമ്പോൾ സ്വകാര്യമായി ഫ്രീക്കൻ പയ്യൻറെ ചെവിയിൽ പറഞ്ഞു,
"യാത്ര പലർക്കും പലതാണ് നിങ്ങളുടെ സന്തോഷം മറ്റുള്ളവർക്ക് ദുഃഖമായിത്തീരരുത്,
അതുകൊണ്ട്  അടുത്ത യാത്രയിൽ ഒരു ഹെഡ്സെറ്റ് കരുതണം".

ചുവന്ന കണ്ണുയർത്തി
അവൻ അരയിൽ നിന്ന് എന്തോ മിന്നുന്ന
സാധനം എടുത്ത് 
നാല് വീശി വീശി...
"നീ ആരെടാ പന്നീ" അവൻ അലറുന്ന പോലെ തോന്നി..

കണ്ണുതുറന്നപ്പോൾ അപ്പച്ചൻ 
നെറുകയിൽ ഉമ്മ വയ്ക്കുകയായിരുന്നു,

27 ഓഗസ്റ്റ് 2023

08 ജൂലൈ 2023

പുതുമഴ

മഴയ്ക്കൊഴുകാൻ 
പണ്ട് വഴിയുണ്ടായിരുന്നു 
ഇടവഴി....
അതുകൊണ്ടായിരിക്കാം 
ഇടയ്ക്ക് മഴ, റോഡായ വഴിയെല്ലാം 
കുത്തിപ്പൊളിച്ച് 
ഇടവഴിയാക്കാൻ ശ്രമിക്കുന്നത്...

04 ജൂൺ 2023

RTPCR സാർ

"സർ ഒരു RTPCR ഫോം വേണം"✊

രാവിലെ തന്നെ ഹെഡ് ഓഫീസിൽ നിന്ന് കിട്ടിയ  ഇൻഷുറൻസ് ടാർജറ്റും, നെഗറ്റീവായ ബിസിനസ് പോസിറ്റീവ് ആക്കാൻ  11 മണിക്ക് മുന്നേ കൊടുക്കേണ്ട strategy പ്ലാനും,  മുന്ന് മണിക്ക് മുന്നേ തീർക്കേണ്ട മുന്ന് ഓംബുഡ്സ്മാൻ കംപ്ലൈന്റും  കൂടെ കുഴഞ്ഞു മറിഞ്ഞ ഗുണശേഖരൻ മാനേജറുടെ മുഖത്തേക്കാണ് 65 കഴിഞ്ഞ ചന്ദ്രേട്ടൻ ഈ ചോദ്യം എറിഞ്ഞത്..

"അതുമാത്രം ഇവിടെ ചെയ്യാൻ തുടങ്ങിയിട്ടില്ല" 

ഗൗരവം ഒട്ടും വെടിയാതെ, ഊരിവെച്ച മാസ്ക്കെടുത്ത് മുഖത്തണിഞ്ഞ് ഗുണശേഖരൻ സാർ മറുപടി പറഞ്ഞു.🫣

1600 രൂപ പെൻഷൻ വരാത്തതിനാൽ സർക്കാരിനെ മാത്രമല്ല തനിക്കും ചീത്ത വിളി ഉറപ്പായതിനാൽ കെട്ടിയോളുടെ മറ്റേ ബാങ്കിലെ അക്കൗണ്ടിലേക്ക് സ്വന്തം അക്കൗണ്ടിൽ നിന്ന് ട്രാൻസ്ഫർ ചെയ്യാൻ വന്ന ചന്ദ്രേട്ടൻ ആകെ അങ്കലാപ്പിലായി.😇

"കഴിഞ്ഞപ്രാവശ്യം വന്നപ്പോൾ അക്കൗണ്ട് നമ്പർ മാത്രം പോരാ ഇഫസ് നമ്പറും കൂടെ വേണംന്ന് പറഞ്ഞ് എന്നെ നടത്തിച്ചിട്ടാ ചെയ്തത്, ഇപ്രാവശ്യം അതും പറ്റൂലാ ?"😡

ചന്ദ്രേട്ടൻ കലിപ്പിലായി.
ഗുണശേഖരൻ സാറിന്  അപ്പോഴാണ് ബോധം വന്നത്.🙏

"ചെക്ക് കൊണ്ടുവന്നിട്ടുണ്ടല്ലോ അല്ലേ ? RTGS ഫോം കൗണ്ടർ നമ്പർ ഒന്നിൽ കിട്ടും"
ഗുണശേഖരൻ സാർ വിനയ കുലീനനായി.😊

ചന്ദ്രേട്ടൻ എന്തൊക്കെയോ പിറുപ്പിറുത്ത് നടന്നകന്നു....

വാൽക്കഷണം: 1.അന്നത്തെ വൈകുന്നേരത്തെ മെയിൽ തന്നെ ഗുണശേഖരൻ സാറിന് ഭൂലോകത്തിന്റെ അറ്റത്തെ ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ ഓർഡർ കിട്ടി. 😢 2.മാനേജരുടെ ക്യാബിനിൽ എല്ലാത്തിനും സാക്ഷിയായിരുന്ന  ഡോക്യുമെന്റ് ഒപ്പിടാൻ വന്ന ഐടി ജീവനക്കാരി ചിരിച്ച് ചിരിച്ച് കുടൽ മാല പുറത്ത് ചാടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി പത്ത് ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ആയി 😎
.
.
#മനേജർക്കഥകൾ #mangerstorys

____ലിനേഷ്

21 മേയ് 2023

അരുതാത്തതൊന്നും പറയേണ്ടിനി...

മഴപെയ്ത രാത്രിയിൽ 
ഇരുളിന്റെ ആഴത്തിൽ
കൈനഖം തലോടി ഞാൻ കൂട്ടിരുന്നു..

പറയാൻ മറന്നതന്നറിയാതെ 
എന്തേ മൊഴിഞ്ഞിരുന്നു?
പ്രൈമറി ക്ലാസിന്റെ പടിതട്ടി വീണതും, കൈകാലൊടിഞ്ഞതും,
മായാ മറുകൊന്ന് മുതുകത്ത് തീർന്നതും,
ഗോപാലൻ മാഷിൻറെ 
ചൂരൽപ്രയോഗത്തിൽ കണ്ണീരണിഞ്ഞതും,
നെന്മാറ വേല വെടിക്കെട്ട് കാണെവെ
ഉൻമാദിയായി ചിരിച്ചു മറിഞ്ഞതും,
നിള പോലെ ഒഴുകുന്നദുരിതത്തിൻ തീരത്ത്
കരയാതെ തളരാതെ കാലം കഴിച്ചതും..
ഒടുവിൽ, കലാലയ കോണിലവൻ.....

മതി...

ഇതിലേറെയൊന്നും  
മൊഴിയേണ്ടതില്ല നീ...
പ്രണയം പൂക്കുന്നതിവിടെ മാത്രം.
ചെവിയിൽപറഞ്ഞു ഞാൻ 
കൈവിരൽ കോർത്തുകൊണ്ട്
 അരുതാത്തതൊന്നും പറയേണ്ടിനി....