03 സെപ്റ്റംബർ 2022

കേട്ടു, കേട്ടില്ല !

ആദ്യം പറഞ്ഞത് കേട്ടില്ല 
നീ രണ്ടാമത് പറഞ്ഞതിനായി കാതോർത്തിരിക്കുകയായിരുന്നു...
രണ്ടാമത് പറഞ്ഞതും കേട്ടില്ല,
നീ ആദ്യം പറഞ്ഞത് ഓർത്തിരിക്കുകയായിരുന്നു..

ആദിയും അന്ത്യവും തമ്മിലുള്ള നൂല്പാലത്തിനിടയ്ക്ക് 
കേട്ടതും കേൾക്കാത്തതും ചികഞ്ഞിരിക്കുകയായിരുന്നു...

ആരോ അതിനെ
ജീവിതം എന്ന് വിളിച്ചു....

വെറുതെ....

ഗണേശസ്തുതി

ഗണേശ്വരാ...
ഗജമുഖനേ
ഈ ജൻമ  വിഘ്ന നിവാരണനേ...
അഴലുകൾ മൂടുന്ന
അടിയന്റെ അകതാരിന്ന
വിടത്തെ തിരുമുമ്പിൽ ഉടഞ്ഞിടട്ടെ...
ഗർവ്വിന്റെ വേഗങ്ങൾ 
അമരട്ടെ തുമ്പിയാൽ
സർവത്ര കാരി വിളങ്ങിടട്ടെ

ഗണേശ്വരാ...
ഗജമുഖനേ
ഈ ജൻമ  വിഘ്ന നിവാരണനേ..

07 ജൂലൈ 2022

ഡയറ്റ്

രാത്രി പതിനൊന്ന്  മണി,
നാലുകുബൂസും ഹാഫ് അൽഫഹമും കഴിച്ചു, 
മേമ്പൊടിയായി ഒരു കുപ്പി പെപ്സിയും,  
പുറത്തിറങ്ങി ഞാൻ ചിന്തിച്ചു....

രാവിലെ എഴുന്നേറ്റ് നടക്കണം, 
ആറു മണിക്കു മുമ്പേ ഭക്ഷണം,  
അതും യാചകനെ പോലെ, 
നേരത്തെ കിടക്കണം നേരത്തെ എഴുന്നേൽക്കണം....

വീട്ടിലേക്കുള്ള ഇരുന്നറ്റൻപത് മീറ്റർ  നടക്കാൻ
ബുദ്ധിമുട്ടായത്കൊണ്ട് ഒരു ഓട്ടോക്ക് കൈകാട്ടി....