17 മേയ് 2021

നന്ദുവിന്

നന്ദനവാടിയിൽ ചന്ദനം പൂശിയ
ആരോമലുണ്ണി മടങ്ങി
ആലിലക്കാറ്റു വിതുമ്പി

നിൻ മൊഴി പൂക്കൾ
ഹൃദയത്തിലേറ്റവർ
ആയിരം പൂവുമായ് നിൽപൂ
കാണാത്ത ലോകത്തിരിക്കുമ്പഴും
നീ ഞങ്ങൾ തൻ
ദീപമായ് മാറും

മകരന്ദമാകുന്നു
നിൻ രാഗ വീചികൾ
നീറുന്ന ഉള്ളുകൾക്കെന്നും
കൂരിരുൾ വീണ മനസ്സുകൾക്കെന്നും
സാന്ത്വനം 
നിൻ മന്ദഹാസം

#nandumahadeva

16 മേയ് 2021

നിന്റെ മൗനത്തിൽ ഞാനിന്ന് പാടി

നിന്റെ മൗനത്തിൽ ഞാനിന്നു മൂളി
നിന്റെ രാഗത്തിൽ ഞാനിന്നു പാടി..
നിന്റെ സ്വപ്നങ്ങളും പിന്നെ മോഹവും പൂക്കുന്ന
വാടിയിൽ ഞാനിന്ന് ആടി

കാറ്റിന്റെ മർമരം കാകളിയാകുന്ന
കാതര സന്ധ്യയിലെന്നോ..
കാർമുകിലാടയണിഞ്ഞു നീ വന്നപ്പോൾ
വാനത്ത് തിങ്കളുദിച്ചൂ അന്നീ കാനനം കാതരയായി

പാടിക്കഴിഞ്ഞു നീ ചൊല്ലീ....
എന്റെ വേദന പൂക്കുന്ന
ഹൃത്തടം നീ നിന്റെ തോളത്ത് ചേർത്തിയെടുക്കൂ..
പിന്നെ പാടാത്ത പാട്ടുകൾ
പാടും ചകോരമായ് പിന്നാലെ 
ഞാനങ്ങു പോരാം..


നിന്റെ മൗനത്തിൽ ഞാനിന്നു മൂളി
നിന്റെ രാഗത്തിൽ ഞാനിന്നു പാടി..

____________ ലിനേഷ് നാരായണൻ