02 ഓഗസ്റ്റ് 2011

ഒടുവിലായാത്ര...

ബസ്സ്‌ സീറ്റില്‍ അടുത്തടുത്തിരിക്കുമ്പോള്‍ ഞാന്‍ അവളുടെ കൈവിരല്‍ പിടിച്ചു തിരിച്ചു. വെള്ളത്തണ്ടുപോലെ മൃദുലം.

'പിടിച്ചു പൊട്ടിച്ചോട്ടെ ഞാന്‍ . ?'

'എന്തിനാ?'

'നിയൊന്നു പിടയുന്നത്‌ കാണാന്‍ .. '

'അതു വേണോ... പിന്നൊരിക്കലായാലെന്താ.. ?'

പതിവുള്ള ചോദ്യം. പിന്നെയും ഞങ്ങള്‍ എന്തെല്ലാമോ പറഞ്ഞു, ചിരിച്ചു, പിണങ്ങിയിരുന്നു...

സമയം ശരവേഗം പ്രാപിച്ചു. തലശ്ശേരി എത്തിയത്‌ അറിഞ്ഞതേയില്ല. വിവാഹം നിശ്ചയിച്ചശേഷം ഞങ്ങളുടെ ആദ്യ യാത്രയായിരുന്നു. പരസ്പരം എല്ലാം അറിഞ്ഞു പെരുമാറി.
തലശ്ശേരിയില്‍ പോകേണ്ട കാര്യം എനിക്കില്ലായിരുന്നു, എന്നിട്ടും ഒരു ഭ്രാന്തിന്റെ പുറത്ത്‌ ആ യാത്ര നടത്തി. തലശ്ശേരിയില്‍ നിന്നും ഞാന്‍ കൂടെ പോയേനെ, അവളുടെ കണ്ണുകളിലെ കുടുംബ ഭയം എന്നെ വിലക്കിയിരുന്നില്ലെങ്കില്‍ ‍.

മനസ്സില്ലാ മനസ്സോടെ അവളെ യാത്രയാക്കി തിരിച്ചു ബസ്സില്‍ കയറുമ്പോള്‍ ഞാന്‍ ലോകം കീഴടക്കിയവനെപ്പോലെയായിരുന്നു. ഒരു സ്വപ്നലോകത്ത്‌ അലഞ്ഞു തിരിഞ്ഞു. എല്ലാ നിയന്ത്രണവും വിട്ടിരിക്കുന്നതിന്നിടയില്‍ വണ്ടിയുടെ നിയന്ത്രണം വിട്ടത്‌ അറിയാന്‍ ഒത്തില്ല. കൈനാട്ടിയിലെ ഡിവൈഡര്‍ മുറിച്ച്‌, ആ ബസ്സ്‌ എതിര്‍ വശത്തെ മതിലില്‍ ഇടിക്കുമ്പോളും ഒന്നും അറിഞ്ഞില്ല. ഈടിച്ചു നീരുവന്ന കാലുകള്‍ മറ്റുള്ളവര്‍ വലിച്ചെടുക്കുമ്പോളും എന്റെ കണ്ണില്‍ നീ തന്നെ യായിരുന്നു.

ആശുപത്രിയില്‍ പോവാനുള്ള നിരബന്ധം ഞാന്‍ നിരസ്സിച്ചു. കാരണം നീ വീട്ടിലെത്തിയോ എന്ന്‌ വിളിച്ചറിയാത്തതിലുള്ള ആധിമാത്രമായിരുന്നു. ഒടുവില്‍ അകലെ നിന്നും കളിയായി ചോദിച്ചു.

'ന്റെ വിരലുവേണോ ഇയാള്‍ക്ക്‌ പിടിച്ചു കളിക്കാന്‍ , ഞാന്‍ പാര്‍സല്‍ ചെയ്യാട്ടോ'

ഇരച്ചു കയറുന്ന സന്തോഷത്തിനുള്ളില്‍ എന്റെ നീരുവെച്ചു വരുന്ന വിരലിന്റെ വേദന മറക്കാന്‍ ശ്രമിച്ചു...