20 നവംബർ 2009

സ്വാതന്ത്ര്യം തേടുന്ന കാല്പാടുകള്‍


അങ്ങനെ ഒരു പരന്ന വായനക്കാരനൊന്നുമല്ലെങ്കിലും മോശമല്ലാത്തവായനക്കരനായെ എന്റെ വായനാ വഴിയെ അടുത്തകാലത്ത് വല്ലാതെ നൊമ്പരപ്പെടുത്തുകയും, ചിന്തിപ്പിക്കുകയും ചയ്ത രണ്ട് പുസ്തകങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ്.

കവിതപോലെ സുന്ദരമായ ഭാഷയുള്ള കവിയുടെ കാല്പാടുകളാണ് ആദ്യം. വളരെകാലമായി വായിക്കൻ ആഗ്രഹിച്ച പുസ്തകം അപ്രതീക്ഷിതമായണ് കയ്യില്‍കിട്ടിയത്. വായിച്ചു തുടങ്ങിയപ്പോള്‍ വല്ലാതെ കവിതകയറി നിറഞ്ഞ ഭാഷകൊണ്ട് കഷ്ടപ്പെട്ടു, പിന്നെ പിന്നെ കുഞ്ഞിരാമന്‍ നായരുടെ കാല്പാടുകള്‍ എന്റെതും കൂടിയാവുകയായിരുന്നു.

നിറഞ്ഞു തുളുമ്പുന്ന പ്രകൃതിവര്‍ണ്ണനയാണ് കവിയുടെ കാല്പാടുകളിലെ ഏറ്റവും വലിയ പ്രത്യേകത. പ്രകൃതി വര്‍ണ്ണന രണ്ടു രൂപത്തിലാവാം , പച്ചയായ പ്രകൃതിയും പിന്നെ തനി പച്ചയായ വേറൊരു പ്രകൃതിയും. രണ്ട് വര്‍ണ്ണനകളിലും കുഞ്ഞിരാമന്‍ നായര്‍ മികച്ച ആശാന്‍ തന്നെ. കയ്പ്പേറിയ ജീവിത വഴിയിന്‍ എവിടെയൊക്കെയോ ഞാനും അനുഭവിക്കുന്ന ആത്മനൊമ്പരത്തിന്റെ വഴികള്‍ക്ക് കുഞ്ഞിരാമന്‍ നായര്‍ നടന്നു നീങ്ങിയതുമായി എവിടൊക്കെയോ സാമ്യം വരികയായിരുന്നു. നിത്യകന്യകയെ തേടിയുള്ള ഈ നടത്തം ഓരോ മനുഷ്യന്റെയും ഉള്ളിലുള്ളതാണല്ലോ. ശരിയായ ജീവിതം ഓരോരുത്തരും നടന്നു തീര്‍ക്കുന്നത് ഏതെങ്കിലും നിത്യ കന്യകയെ തേടിയാണ്. പി യുടെ കാര്യത്തില്‍ അത് കവിതയും കാമിനിയും ആവുമ്പോൾ, സാധാരണക്കാരുടെ കാര്യത്തില്‍ അത് കനകവും കാമിനിയും ആകുന്നു എന്നേയുള്ളൂ.

പി യുടെ ജീവിതത്തിലുടനീ‍ളം അദൃശ്യസാന്നിദ്ധ്യമായി, ആ വഴിത്താരകളെ നേര്‍വഴിക്കു നയിക്കാന്‍ ശ്രമിക്കുന്ന രണ്ട് ദീപങ്ങളുണ്ട്- അഛനും പിന്നെ അമ്മയും. പക്ഷെ അവരുടെ ചിന്താ ധാരകള്‍ക്കപ്പുറത്ത് വള ര്‍ന്നു നില്‍ക്കുമ്പോഴും, അവരുടെ മുന്നില്‍ തനി കുഞ്ഞിയായി മാറുന്ന പി, ആത്മകഥയിലെ തികഞ്ഞ ദുരന്ത നായകനാവുകയാണ്.
കവിയുടെ കാല്പാടുക ള്‍ ല്‍കിയ നൊമ്പരം ഉള്ളില്‍ കിടക്കുമ്പോളാണ് കയ്യില്‍ നിത്യ ചൈതന്യയതിയുടെ സ്വാതന്ത്ര്യം തന്നെ അമൃതം എന്ന പുസ്തകം കിട്ടുന്നത്. യതിയും പി യും ഒരര്‍ത്ഥത്തിലല്ലെങ്കി ല്‍ മറ്റൊരര്‍ ത്ഥത്തില്‍ നിത്യകാമുകരാണല്ലോ. യതിയുടെ നിത്യകന്യക തനി ആത്മീയതയിലാണ് അഭിരമിക്കുന്നത് എന്നുമാത്രം.

ഞാന്‍, ഞാന്‍ എന്ന് നിരന്തരം പറയുന്ന ഞാന്‍, സ്വാതന്ത്ര്യം തന്നെ അമൃതത്തിന്റെ ആദ്യ അധ്യായങ്ങൾ വായിച്ചപ്പോള്‍ തികച്ചും അന്ധാളിച്ചു. ഞാന്‍ എന്നത് തുടക്കവും ഒടുക്കവും അനുനാസികങ്ങളാണ് (മൂക്കും വായും ഒരുമിച്ചുപയോഗിക്കേണ്ടുന്ന ശബ്ദം) എന്ന് യതി ചൂണ്ടിക്കാണിക്കുമ്പോള്‍, രണ്ടിന്ദ്രിയങ്ങളുടെ കൂട്ടായ പ്രവൃത്തികൊണ്ട് മാത്രം ഉണ്ടാകുന്ന ഒരു വാക്കുപയോഗിച്ച് ഞാന്‍ എങ്ങനെ ഇനി സ്വതന്ത്രനാണ് എന്ന് പറയും എന്ന് ഓരോരുത്തരും ചിന്തിച്ചു പോവും.

പി യെപൊലെയല്ലെങ്കിലും, നിത്യകന്യകയെ തേടിയലയുന്ന നാമോരൊരുത്തരും യതി മഹാനുഭാവന്റെ ചൂണ്ടു വിരലിനുമുന്‍പില്‍ തികച്ചും തടവിലാക്കപ്പെടുകയാണ്.

ഒരു പക്ഷെ ജീവിതം ഇങ്ങനെ തന്നെയാവണം. സ്വാതത്ര്യമാകുന്ന നിത്യ കന്യകയെ തേടിയലയുമ്പോള്‍ ഓരോ ചുഴികളിലും നമ്മള്‍ പി യെ പോലെ ചൂഷിതനാവുന്നു, മറ്റൊരര്‍ത്ഥത്തില്‍ ഇതൊക്കെതന്നെയാവണം ജീവിതം. ഏത് നിമിഷവും തീര്‍ന്നുപോകാവുന്ന ജീവിതത്തില്‍ര്‍ക്ക്, എന്ത് നിത്യകന്യക......!!