17 മേയ് 2009

പൂച്ചപ്പിണക്കം


പൂച്ചകരഞ്ഞുതളർന്നു
അമ്മയോടൊരുപാടുകെഞ്ചി

തോടുപോക്കിയകൊഞ്ചന്റെ
മൂടുപോലും നൽകിയതില്ലമ്മ

പൂച്ച പ്രതിഷേധിച്ചു, ബാക്കി
യമ്മ വടക്കെ പറമ്പിൽ കുഴിച്ചിട്ടു

ഒരുതരിയെങ്കിലും നൽകാത്തത്‌
ഞാനും ചോദ്യം ചൈതു

എന്തും തിന്നും കൊതിച്ചിയവൾ
ഇത്തോടുകഴിച്ചാൽ വയറുവേദനിക്കും

അമ്മയെനിക്കല്ല, ഇത്തൊടിയിലെ
സർവ്വജീവനും മാതാവല്ലോ

പക്ഷെ പൂച്ചക്കുകലിയടങ്ങിയില്ല
കുഴിച്ചിട്ടമണ്ണിൽ കുഴിമാന്തി

മലമൂത്രം ചെയ്തു, പിന്നെ
കാലുപൊക്കി അശ്ലീലം പ്രദർശ്ശിപ്പിച്ചു

03 മേയ് 2009

പൂരം വെടിക്കെട്ട്‌ -ഒരോർമ്മക്കുറിപ്പ്‌

   പൂരങ്ങളുടെ പൂരം തൃശൂർപൂരം എന്നും സ്വപ്നമായിരുന്നു. പത്രങ്ങളിലൂടെയും പാഠപുസ്തകങ്ങളിലൂടെയും മാത്രം അറിഞ്ഞ പൂരം മനസ്സിൽ ആയിരം വർണ്ണങ്ങൾ വാരിവിതറിയിരുന്നു. അങ്ങനെയിരിക്കെയാണ് ഉന്നതപഠനത്തിനായ്‌ തൃശൂരിൽ എത്തിപ്പെട്ടത്‌. സിലബസ്സിനേക്കാളും പരീക്ഷയേക്കാളും എന്റെയാധി വരാൻപോകുന്നപൂരത്തെക്കുറിച്ചായിരുന്നു

   അങ്ങനെ കാത്തുകാത്ത്‌ അക്കൊല്ലം ഏപ്രിൽ അവസാനം പൂരം വന്നെത്തി. നാദവിസ്മയങ്ങളുടെ പൂരം മനസ്സിൽ പതിപ്പിച്ച വർണ്ണചിത്രങ്ങൾ ഇന്നും മായതെ കിടക്കുന്നു. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച്‌ ഏറ്റവും വലിയ ഉത്സവം കൊയിലാണ്ടികൊല്ലത്തെ പ്രസിദ്ധമായ കാളിയാട്ട മഹോത്സവമായിരുന്നു. അതുകൊണ്ടു തന്നെ അതിലും വലിയ, അതിനേക്കാൾ ആളുകൂടുന്ന തൃശൂർ പൂരം എനിക്കു സങ്കൽപ്പിക്കാവുന്നതിലും അപ്പുറമായിരുന്നു.

   ആദ്യപൂരം ഞാൻ ശരിക്കാഘോഷിച്ചു. കമ്പനിക്ക്‌, പൂരം കേട്ടുകേൾവിമാത്രമായിട്ടുള്ള എന്നെപ്പോലെ ആദ്യത്തെ പൂരം കാണാനിറങ്ങിയ എന്റെ തലശ്ശേരിക്കാരൻ സുഹൃത്തും. മഠത്തിൽ വരവിന്റെയും, ഇലഞ്ഞിത്തറമേളത്തിന്റെയും നടുക്ക്‌ നുഴഞ്ഞുകയറി യഥാർത്ഥ മേളക്കമ്പക്കാരെ പ്പൊലെ കൈത്താളമിട്ടും, കുടമറ്റത്തിന്റെ ആവേശതിമിർപ്പിൽ ഉയർന്നുചാടിയും, അന്തംവിട്ട്‌ പൂരം കാണാനിറങ്ങിയ മദാമ്മമാരെ തൊട്ടുനോവിച്ച്‌ ഉച്ചത്തരിപ്പിന്റെ ലഹരി പാരമ്യത്തിലാക്കുന്നവരെ അവജ്ഞയോടെ നോക്കിയും പൂരത്തിലേക്ക്‌ ഞങ്ങൾ അലിഞ്ഞുചേർന്നു.

   പിന്നെ കാത്തിരുന്ന സമയമായി, ഹോസ്റ്റലിൽ പോയി തിരിച്ചു വന്നില്ലെങ്കിലോ എന്നു കരുതി പുലർച്ചെ രണ്ടുമണിവരെ പൂരപ്പറമ്പിൽ തന്നെ കറങ്ങിത്തിരിഞ്ഞു വെടിക്കെട്ടുകാണാൻ. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച്‌ വലിയ വെടിക്കെട്ട്‌ എന്റെ നാട്ടിലെ ഒറവിങ്കൽ ഭഗവതിക്ഷേത്രത്തിലെ വെടിക്കെട്ടായിരുന്നു. അതിലും വലിയ വെടിക്കെട്ടുകൾ നടക്കുന്ന, പൊയിൽക്കാവിലും, പിഷരികാവിലും, ചെറിയമങ്ങാട്ടും മറ്റും പോവാൻമാത്രം അന്ന് ഞാൻ വളർന്നിട്ടുമില്ലായിരുന്നു. അതുകൊണ്ടുതന്നെ അഞ്ചോ പത്തോമിനുട്ടിൽ ഒതുങ്ങുന്ന നാട്ടിലെ ഉത്സവങ്ങൾക്കുള്ള വെടിക്കെട്ടുകണ്ടിട്ടുള്ളഞ്ഞാൻ വലിയ ആവേശത്തിലായിരുന്നു.

   മൂന്നുമണിയാവുമ്പോഴേക്കും റൗണ്ടുമുഴുവൻ ഏകദേശം ജനസമുദ്രമായി എന്നാണ് ഓർമ്മ. വെടിക്കെട്ടിന്റെ ഭൂമിശാസ്ത്രം നേരത്തെ മനസ്സിലാക്കിയതിനാൽ ഞങ്ങൾ രണ്ടുപേരും ഏതാണ്ട്‌ നടുവിലാലിന്റെ അടുത്തുതന്നെ സ്ഥാനം പിടിച്ചു. കൂട്ടത്തിൽ അൽപം ആൾക്കാർ കുറഞ്ഞസ്ഥലമായിരുന്നു അത്‌. രണ്ട്‌ സെറ്റ്‌ വെടിക്കെട്ടിന്റെയും കൂട്ടപ്പൊരിച്ചിൽ ഇത്ര ഭംഗിയായ്‌ കാണാവുന്ന സ്ഥലമായിട്ടും അവിടെ കാര്യമായ തിരക്കില്ലാതിരുന്നത്‌ എന്നെ തെല്ലമ്പരപ്പിച്ചിരുന്നു, വരാനുള്ളത്‌ വഴിയിൽ തങ്ങില്ലല്ലോ.

   നാലുമണിയോടെ പൂരപ്പറമ്പിന്റെ ഇടതുഭാഗത്തുള്ള വിഭാഗമാണ് ആദ്യം തിരികൊളുത്തിയത്‌, അത്‌ പാറമേക്കാവാണോ, അതൊ തിരുവമ്പാടിക്കാരാണോ എന്ന കാര്യത്തിൽ വലിയ നിശ്ചയമില്ല. ആദ്യമൊന്നും വലിയ കുഴപ്പം തൊന്നിയില്ല, പിന്നെ പിന്നെ പൊട്ടിപൊട്ടി അടുത്തുവരുന്ന തീഗോളം അതിന്റെ സംഹാരവസ്തയിലേക്ക്‌ എത്തുക ഞങ്ങളുടെ അടുത്താണല്ലൊ എന്നാലോചിച്ചപ്പോൾ ഉള്ളോന്നു കാളി, ഒരു നിമിഷം അവിടുന്നു മാറിനിൽക്കാൻ ആഗ്രഹിച്ചു, പക്ഷെ ഏറെ വൈകിയിരുന്നു ഒരിഞ്ചു സ്ഥലം ബാക്കിയില്ല, എന്റെ അതേ മാനസ്സികാവസ്തയിലായ സുഹൃത്തും ഞാനും ഒരുമിച്ച്‌ ഒരു ശ്രമം നടത്തിനോക്കി,രകഷയില്ല. അപ്പോഴേക്കും വെടിക്കെട്ട്‌ അതിന്റെ അവസാനപൊരിച്ചിലിലേക്ക്‌ കടന്നിരുന്നു. മണ്ണിലും വിണ്ണിലും മനസ്സിലും തീ. ആകെപ്പാടെ ഭയം. ഒരു നിമിഷം ഞാൻ എന്റെ വീട്ടുകാരെയോർത്തു, അഛനോടും അമ്മയോടും പറയാതെ ഒരുത്സവത്തിനും ഇതുവരെ പോയിട്ടില്ലാത്തഞ്ഞാൻ അവരെക്കുറിച്ച്‌ അകാരണമായി ചിന്തിച്ചു. ചെവി പൊത്തിയിട്ടും അതിനേയും തകർത്ത്‌ അകത്തുകടക്കുന്ന മരണശബ്ദം, ദൈവമേ എങ്ങെനേം ഇതു കഴിഞ്ഞാൽ മതിയെന്നായി. നെഞ്ചിനകത്തും, തലക്കകത്തും ഭയങ്കരവേദന എന്താണ് സംഭവിക്കുന്നതെന്ന് ഒരു രൂപവുമില്ല. അഞ്ചുമിനുട്ടുകൂടി എന്നെ തീതീറ്റിച്ച്‌ ആദ്യത്തെ വടിക്കെട്ട്‌ സമാപിച്ചു.

   അടുത്തസെറ്റിനു തിരികൊളുത്തും മുൻപേ അവിടുന്ന് രക്ഷപ്പെടാനായിരുന്നു എന്റെ ചിന്ത. പക്ഷെ സംഭവിച്ചത്‌ മറ്റൊന്നണ്, ആദ്യത്തെ വെടിക്കെട്ട്‌ കണ്ടവർ, രണ്ടാമത്തേത്‌ അടുത്തുനിന്നുകാണാൻ ഒഴുകിത്തുടങ്ങി, എന്റെ ചെറിയ ശരീരം വച്ച്‌ ഞാൻ നടത്തിയ ഗുസ്തിയെല്ലം വിഫലമായി. കാലിലെ ചെരുപ്പ്‌ പോയ വഴി കണ്ടില്ല.ഷർട്ടുകീറി, പാന്റിന്റെ സിബുപോലും കീറി, പിന്നെ ഞാൻ ആ പ്രവാഹത്തിനു കീഴടങ്ങി, ജീവൻ പോയി എന്നുഞ്ഞാൻ ഉറപ്പിച്ചു. ഹോസ്റ്റലും വീടും നാടും നാട്ടാരും കൂട്ടുകാരും എല്ലാം ഒരു നിമിഷം ഓർത്തു. കണ്ണിൽ അറിയാതെ വെള്ളം, പൊടിഞ്ഞു. കൂടെയുണ്ടായിരുന്ന കൂട്ടുകാരനേയും കണ്ടില്ല. എന്റെ അവസ്തക്കുമേൽ വാളൊങ്ങിക്കോണ്ട്‌ അപ്പോളെക്കും അടുത്ത കൂട്ടർ വെടിക്കെട്ടിനു തീകൊടുത്തു കഴിഞ്ഞിരുന്നു. അന്തരീക്ഷത്തിലെ വിസ്മയക്കാഴ്ച്ചക്കും ഭൂമിയിലെ തീഗോളത്തിനും എണ്ണിയാലൊതുങ്ങാത്ത പുരുഷാരത്തിനും നടുവിൽ ഞാൻ തീർത്തും നിസ്സഹായനായി. ആ കൂട്ട പൊരിച്ചിലും കൂടെ തീർന്നപ്പോളെക്കും ഞാൻ എന്റെ ആയുസ്സിന്റെ നല്ലൊരു ഭാഗം അതിജീവിച്ചപോലെയായി. ശാരിരികമായി ആകെ തളർന്ന ഞാൻ ആളൊഴിഞ്ഞുതുടങ്ങിയപ്പോൾ ഏതോ കടത്തിണ്ണയിൽ പുലരും വരെ ആകാശത്തിലെ ഡയനാമിറ്റ്‌ ഡിസ്‌പ്ലേയും കണ്ടുകൊണ്ടിരുന്നു.

   പിന്നെയും കണ്ടു പൂരം പലവട്ടം, പക്ഷെ ഇതുപോലെ അബദ്ധം പറ്റിയില്ല. വെടിക്കെട്ട്‌ ദൂരെ മാറിനിന്ന് വൃത്തിയായി ആസ്വദിക്കൻ ഞാൻ പഠിച്ചെടുത്തു. ഇന്ന് ഒരു പത്തുപതിനൊന്നു വർഷത്തിനിപ്പുറം ആദ്യത്തെ പൂരം വെടിക്കെട്ടിനെക്കുറിച്ച്‌ ഓർക്കുമ്പോൾ അന്നത്തെ ചങ്കിടിപ്പ്‌ അറിയാതെ കടന്നുവരും.