14 ഫെബ്രുവരി 2008

ചുളിവുവീഴുന്ന വിരലുകള്‍


   വാലന്റൈന്‍ ദിനത്തില്‍ പാര്‍ക്കില്‍ വന്നിരിക്കുന്നത് പണ്ട് ഒരു പതിവൊന്നുമല്ലായിരുന്നു. ഒന്നോ രണ്ടോ വര്‍ഷമായിട്ടേ ഉള്ളൂ ഇത് തുടങ്ങിയിട്ട്.
   ഈ ദിവസം മാത്രമാണ് ഞാന്‍ എന്റെ വിരലുകളിലെ ചുളിവ് എണ്ണാന്‍ തുടങ്ങാറ്. പ്രണയദിനം മാത്രം തിരഞ്ഞെ ടുക്കാന്‍ കാരണം ഇന്നിവിടെ കമിതാക്കള്‍ മാത്രമേഉണ്ടാകൂ എന്നതാണ്, മറ്റുദിവസങ്ങളില്‍ ഒരുപാട് കണ്ണുകള്‍ എന്നെ ചൂഴന്ന് നടക്കുന്നുണ്ടാവും, ഈ വയസ്സെനെന്താണിവിടെ കാര്യം എന്ന മട്ടില്‍. അത്തരം ദുഷിപ്പുകള്‍ ഇന്നിവിടെ കുറവായിരിക്കും. ചെറുപ്പത്തില്‍ നട്ടു വളര്‍ത്തി, ഇന്ന് വളര്‍ന്ന് പന്തലിച്ചുനില്‍ക്കുന്ന ഒരുപറ്റം മാവുകള്‍മാത്രം എന്നെ നോക്കി പരിചയം ഭാവിച്ചു. പ്രണയം ആഘോഷമാക്കുന്നവര്‍ ആ മരച്ചോട്ടില്‍ സ്വയം മറന്നിരുന്നു.
   സൂക്ഷിച്ചു നോക്കിയപ്പോള്‍ എന്റെ ചൂണ്ട് വിരലിലാണ് ഏറ്റവും കൂടുതല്‍ ചുളിവുകള്‍. കഴിഞ്ഞവര്‍ഷം മറ്റേതോ വിരലിനാണ് ചൂളിവുകൂടുതലുണ്ടായിരുന്നത്, ഏതാണെന്ന് ഓര്‍ക്കുന്നില്ല, പ്രായത്തിനനുസരിച്ച് ഓര്‍മ്മക്കുറവും വര്‍ധിക്കുന്നത് ഞാന്‍ അംഗീകരിച്ച സത്യം തന്നെയാണ്.
   എങ്ങുനിന്നോ പറന്നുവന്ന കാക്ക ക്ര്യത്യം എന്റെ തലയില്‍ തന്നെ കാര്യം സാധിച്ചു കടന്നു പോയി. തൂവാലയെടുത്ത് തലതുടക്കുമ്പോള്‍, മുടിയില്ലാത്തതിന്റെ സൌകര്യം ശരിക്കും തിരിച്ചറിഞ്ഞു.
   താരതമ്യേന ചൂണ്ട് വിരലിന് ചുളിവുകള്‍ കുറവാണ്. ഫെബ്രുവരിയായെങ്കിലും വിട്ടുമാറാന്‍ മടിക്കുന്ന തണുപ്പായിരിക്കണം അതിനെ ചെറുതായി വിറപ്പിക്കുന്നുണ്ടായിരുന്നു (അതോ മറ്റെന്തെങ്കിലുമോ?). മോതിരവിരലിന്റെ നേരെ കണ്ണോടിക്കാന്‍ ഞാന്‍ അശക്തനായിരുന്നു. മാറാ മറുകുപോലെ ഒരു മോതിരത്തിന്റെ പാടവിടെ ശരിക്കും കാണാനുണ്ടായിരുന്നു. എന്തോ, കണ്ണുകള്‍ പേട്ടന്ന് നിറഞ്ഞു കവിഞ്ഞു, ഒന്നും കാണാന്‍ കഴിയാതയപ്പോള്‍ എഴുന്നേറ്റു നടന്നു.അല്ലെങ്കിലും എല്ലാകൊല്ലവും ഈപാടില്‍ തട്ടി ഞാന്‍ എന്റെ തിരച്ചില്‍ നിര്‍ത്താറാണ് പതിവ്.
   റോഡില്‍ തിര്‍ക്കേറുകയായിരുന്നു.
   ഒരിക്കല്‍ കൂടിതിരിഞ്ഞുനോക്കിയ ഞാന്‍ ആകെ അമ്പരന്നു, പാര്‍ക്ക് തീര്‍ത്തും വിജനമായിരിക്കുന്നു, ഇത്രനേരവും ഞാനിരുന്നിടത്ത് നിറയെപൂത്ത ഒരു ചുമന്ന റോസാചെടിയും...!
   സൂര്യന്‍ അസ്തമിക്കാറായിരുന്നു, ഇരുട്ടുവീണാല്‍, പരിചിത വഴിയാണെങ്കിലും ബുദ്ധിമുട്ടേറുമെന്നതിനാല്‍ ഞാന്‍ നടത്തത്തിന്റെ വേഗം കൂട്ടി