കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

24 ജൂലൈ 2026

ഒരു തവണ കൂടി

ലോകം പിരിമുറുക്കത്തിന്റെ വൈകുന്നേരത്തിലേക്ക് കാതോർക്കുന്ന അന്നത്തെ പകലിന്റെ  തുടക്കത്തിൽ മെസ്സി ഉറക്കത്തിലായിരുന്നു... പതിവിലും കൂടുതൽ അദ്ദേഹം അന്ന് ഉറങ്ങി..

കൂടെയുള്ള കുട്ടി കളിക്കാരൊക്കെ വളരെ ആകാംക്ഷയോടെ, എന്നാൽ തെല്ല് നീരസത്തോടുകൂടി ആ മുറിയെ ചുറ്റിപ്പറ്റി നടക്കുന്നുണ്ടായിരുന്നു. അഞ്ചുമണിക്ക് എങ്കിലും എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ പൂർത്തിയാക്കി ഏറ്റവും ചുരുങ്ങിയത് ആറുമണിക്ക് മൈതാനത്തിൽ എത്തണമെന്ന് സ്കലോണി കോച്ച്  കുട്ടി പട്ടാളത്തിന് അന്ത്യശാസനം നൽകിയിരുന്നു, അപ്പോഴാണ് ഈ ഉറക്കം..!

ഒടുവിൽ ഏറെ വൈകി അദ്ദേഹം മുറിയിൽനിന്ന് പുറത്തേക്കിറങ്ങി.
സ്വതസിദ്ധമായ ആ ചെറുചിരി മുഖത്തുണ്ടായിരുന്നു. നല്ലവണ്ണം ഉറങ്ങിയതിനാൽ ആശങ്കകൾ ഒട്ടുമുണ്ടായിരുന്നില്ല..

കൂട്ടത്തിൽ ഏറ്റവും ഇളയവനായ നിക്കോപ്പാസിനെ മെസ്സി അടുത്തേക്ക് വിളിച്ചു.

"നിനക്ക് ചെസ്സ് കളിക്കാൻ അറിയാമോ?"

ആ ചോദ്യം എല്ലാവരിലും അമ്പരപ്പുണ്ടാക്കി.!

കളി തുടങ്ങി...
നിക്കോപ്പാസിനെ ഇടം വലം തൊടീക്കാതെ മെസ്സി പൂട്ടിയിരുന്നു.
ഒടുവിൽ ഒരു കാലാളെയും, കുതിരയെയും വെട്ടിയെടുത്ത ശേഷം അമ്പരപ്പിക്കുന്ന വേഗത്തിൽ മെസ്സി ചെക്ക് പറഞ്ഞു. നിക്കോപ്പാസ് വല്ലാത്തൊരു ഉന്മാദ ലോകത്തിലായിരുന്നു.. 

പെട്ടെന്നാണ് സ്കലോണി മുറിയിലേക്ക് കടന്നുവന്നത്... 

"എന്താ ഇവിടെ നടക്കുന്നത്?"

പൊതുവേ ശാന്തനായ അദ്ദേഹത്തിന്റെ മുഖത്ത് തെല്ല് ദേഷ്യം വിടർന്നു..
ചെസ്സ് ബോർഡിലേക്ക് ഒന്ന് രൂക്ഷമായി നോക്കിയ ശേഷം, നിക്കോപ്പാസിനെയും ബാക്കിയുള്ളവരെയും വിളിച്ച് ഗ്രൗണ്ടിലേക്ക് നടന്നു.. 

മെസ്സി എന്തോ തിരഞ്ഞുകൊണ്ട് വീണ്ടും റൂമിൽ ഉലാത്തുകയായിരുന്നു..

വഴിയേ അയാളും ഗ്രൗണ്ടിലേക്ക് നടന്നു.

സ്കലോണിയുടെയും മെസ്സിയുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു.. 
മെസ്സി തിരയുന്നത് എന്താണെന്ന്, അദ്ദേഹത്തിൻറെ മനസ്സ് വായിക്കാൻ കഴിയുന്ന സ്കലോണിക്കു മനസ്സിലായി..
അയാൾ അടുത്തേക്ക് ചെന്നു.

"ഇന്ന് നീ യെർബ മേറ്റ് കുടിക്കേണ്ട , പകരം ഒരു ഇന്ത്യൻ സ്ട്രോങ്ങ് മസാല ചായയാണ് നല്ലത്.."

ന്യൂജേഴ്സി സ്റ്റേഡിയത്തിന്റെ പുറത്തെ തെരുവിൽ, ഇന്ത്യയിലെ ഒരു തുരുത്തായ കേരളം  പ്രദേശത്തിൽ നിന്ന് വന്ന ഭാസ്കരേട്ടൻ നടത്തുന്ന ഇന്ത്യൻ ചായക്കടയിലേക്ക് മെസ്സി അടിവച്ചു. ഒരു നിമിഷം പകച്ചു പോയ മെസ്സി ഭാസ്കരേട്ടൻ ഇട്ടിരിക്കുന്ന  ജേഴ്‌സി കണ്ട് അന്ധാളിച്ചു.

"നൊസോത്രോസ് സൊമോസ് ദേ കേരള, പെറോ മാമോസ അർജൻ്റീന".

ചൂട് പറക്കുന്ന മസാല ചായ മെസ്സി ഊതി ഊതി കുടിച്ചു..
വല്ലാത്തൊരു എനർജി സിരകളിലേക്ക് കയറിക്കൊണ്ടേയിരുന്നു...

സ്റ്റേഡിയത്തിൽ നിന്ന് ചായക്കടയിലേക്ക്  സ്കലോണി പാളിനോക്കി, മെസ്സി  നിഗൂഢത ഒളിപ്പിച്ചുവച്ച് ഒന്ന് മന്ദഹസിച്ചു.

ലോകമെമ്പാടുമുള്ള ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ടവർക്ക് അപ്പോൾ അമേരിക്കയിലെ ന്യൂജേഴ്സി സ്റ്റേഡിയം നിലനിൽക്കുന്ന ഭാഗത്തുനിന്ന് ഒരു പ്രഭാവലയം ഉയരുന്നതായി ബോധ്യപ്പെടുന്നുണ്ടായിരുന്നു..
അവർ ആദരവോടെ അങ്ങോട്ട് കണ്ണിമ വെട്ടാതെ നോക്കിക്കൊണ്ടേയിരുന്നു...
.
_____ലിനേഷ് നാരായണൻ
#lineshnarayanan  One last time...❤️

#vamosargentina #lionelmessi #worldcup2026 #argentinafanskerala #worldcupfinal

04 ജൂൺ 2023

RTPCR സാർ

"സർ ഒരു RTPCR ഫോം വേണം"✊

രാവിലെ തന്നെ ഹെഡ് ഓഫീസിൽ നിന്ന് കിട്ടിയ  ഇൻഷുറൻസ് ടാർജറ്റും, നെഗറ്റീവായ ബിസിനസ് പോസിറ്റീവ് ആക്കാൻ  11 മണിക്ക് മുന്നേ കൊടുക്കേണ്ട strategy പ്ലാനും,  മുന്ന് മണിക്ക് മുന്നേ തീർക്കേണ്ട മുന്ന് ഓംബുഡ്സ്മാൻ കംപ്ലൈന്റും  കൂടെ കുഴഞ്ഞു മറിഞ്ഞ ഗുണശേഖരൻ മാനേജറുടെ മുഖത്തേക്കാണ് 65 കഴിഞ്ഞ ചന്ദ്രേട്ടൻ ഈ ചോദ്യം എറിഞ്ഞത്..

"അതുമാത്രം ഇവിടെ ചെയ്യാൻ തുടങ്ങിയിട്ടില്ല" 

ഗൗരവം ഒട്ടും വെടിയാതെ, ഊരിവെച്ച മാസ്ക്കെടുത്ത് മുഖത്തണിഞ്ഞ് ഗുണശേഖരൻ സാർ മറുപടി പറഞ്ഞു.🫣

1600 രൂപ പെൻഷൻ വരാത്തതിനാൽ സർക്കാരിനെ മാത്രമല്ല തനിക്കും ചീത്ത വിളി ഉറപ്പായതിനാൽ കെട്ടിയോളുടെ മറ്റേ ബാങ്കിലെ അക്കൗണ്ടിലേക്ക് സ്വന്തം അക്കൗണ്ടിൽ നിന്ന് ട്രാൻസ്ഫർ ചെയ്യാൻ വന്ന ചന്ദ്രേട്ടൻ ആകെ അങ്കലാപ്പിലായി.😇

"കഴിഞ്ഞപ്രാവശ്യം വന്നപ്പോൾ അക്കൗണ്ട് നമ്പർ മാത്രം പോരാ ഇഫസ് നമ്പറും കൂടെ വേണംന്ന് പറഞ്ഞ് എന്നെ നടത്തിച്ചിട്ടാ ചെയ്തത്, ഇപ്രാവശ്യം അതും പറ്റൂലാ ?"😡

ചന്ദ്രേട്ടൻ കലിപ്പിലായി.
ഗുണശേഖരൻ സാറിന്  അപ്പോഴാണ് ബോധം വന്നത്.🙏

"ചെക്ക് കൊണ്ടുവന്നിട്ടുണ്ടല്ലോ അല്ലേ ? RTGS ഫോം കൗണ്ടർ നമ്പർ ഒന്നിൽ കിട്ടും"
ഗുണശേഖരൻ സാർ വിനയ കുലീനനായി.😊

ചന്ദ്രേട്ടൻ എന്തൊക്കെയോ പിറുപ്പിറുത്ത് നടന്നകന്നു....

വാൽക്കഷണം: 1.അന്നത്തെ വൈകുന്നേരത്തെ മെയിൽ തന്നെ ഗുണശേഖരൻ സാറിന് ഭൂലോകത്തിന്റെ അറ്റത്തെ ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ ഓർഡർ കിട്ടി. 😢 2.മാനേജരുടെ ക്യാബിനിൽ എല്ലാത്തിനും സാക്ഷിയായിരുന്ന  ഡോക്യുമെന്റ് ഒപ്പിടാൻ വന്ന ഐടി ജീവനക്കാരി ചിരിച്ച് ചിരിച്ച് കുടൽ മാല പുറത്ത് ചാടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി പത്ത് ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ആയി 😎
.
.
#മനേജർക്കഥകൾ #mangerstorys

____ലിനേഷ്

02 ഓഗസ്റ്റ് 2011

ഒടുവിലായാത്ര...

ബസ്സ്‌ സീറ്റില്‍ അടുത്തടുത്തിരിക്കുമ്പോള്‍ ഞാന്‍ അവളുടെ കൈവിരല്‍ പിടിച്ചു തിരിച്ചു. വെള്ളത്തണ്ടുപോലെ മൃദുലം.

'പിടിച്ചു പൊട്ടിച്ചോട്ടെ ഞാന്‍ . ?'

'എന്തിനാ?'

'നിയൊന്നു പിടയുന്നത്‌ കാണാന്‍ .. '

'അതു വേണോ... പിന്നൊരിക്കലായാലെന്താ.. ?'

പതിവുള്ള ചോദ്യം. പിന്നെയും ഞങ്ങള്‍ എന്തെല്ലാമോ പറഞ്ഞു, ചിരിച്ചു, പിണങ്ങിയിരുന്നു...

സമയം ശരവേഗം പ്രാപിച്ചു. തലശ്ശേരി എത്തിയത്‌ അറിഞ്ഞതേയില്ല. വിവാഹം നിശ്ചയിച്ചശേഷം ഞങ്ങളുടെ ആദ്യ യാത്രയായിരുന്നു. പരസ്പരം എല്ലാം അറിഞ്ഞു പെരുമാറി.
തലശ്ശേരിയില്‍ പോകേണ്ട കാര്യം എനിക്കില്ലായിരുന്നു, എന്നിട്ടും ഒരു ഭ്രാന്തിന്റെ പുറത്ത്‌ ആ യാത്ര നടത്തി. തലശ്ശേരിയില്‍ നിന്നും ഞാന്‍ കൂടെ പോയേനെ, അവളുടെ കണ്ണുകളിലെ കുടുംബ ഭയം എന്നെ വിലക്കിയിരുന്നില്ലെങ്കില്‍ ‍.

മനസ്സില്ലാ മനസ്സോടെ അവളെ യാത്രയാക്കി തിരിച്ചു ബസ്സില്‍ കയറുമ്പോള്‍ ഞാന്‍ ലോകം കീഴടക്കിയവനെപ്പോലെയായിരുന്നു. ഒരു സ്വപ്നലോകത്ത്‌ അലഞ്ഞു തിരിഞ്ഞു. എല്ലാ നിയന്ത്രണവും വിട്ടിരിക്കുന്നതിന്നിടയില്‍ വണ്ടിയുടെ നിയന്ത്രണം വിട്ടത്‌ അറിയാന്‍ ഒത്തില്ല. കൈനാട്ടിയിലെ ഡിവൈഡര്‍ മുറിച്ച്‌, ആ ബസ്സ്‌ എതിര്‍ വശത്തെ മതിലില്‍ ഇടിക്കുമ്പോളും ഒന്നും അറിഞ്ഞില്ല. ഈടിച്ചു നീരുവന്ന കാലുകള്‍ മറ്റുള്ളവര്‍ വലിച്ചെടുക്കുമ്പോളും എന്റെ കണ്ണില്‍ നീ തന്നെ യായിരുന്നു.

ആശുപത്രിയില്‍ പോവാനുള്ള നിരബന്ധം ഞാന്‍ നിരസ്സിച്ചു. കാരണം നീ വീട്ടിലെത്തിയോ എന്ന്‌ വിളിച്ചറിയാത്തതിലുള്ള ആധിമാത്രമായിരുന്നു. ഒടുവില്‍ അകലെ നിന്നും കളിയായി ചോദിച്ചു.

'ന്റെ വിരലുവേണോ ഇയാള്‍ക്ക്‌ പിടിച്ചു കളിക്കാന്‍ , ഞാന്‍ പാര്‍സല്‍ ചെയ്യാട്ടോ'

ഇരച്ചു കയറുന്ന സന്തോഷത്തിനുള്ളില്‍ എന്റെ നീരുവെച്ചു വരുന്ന വിരലിന്റെ വേദന മറക്കാന്‍ ശ്രമിച്ചു...

24 ഒക്‌ടോബർ 2010

ഉണ്ണിക്കുട്ടന്റെ വോട്ട്

'അമ്മമ്മേടെ കയ്യിലെന്തിനാ മഷി പറ്റിച്ചതാചേച്ചി.?'
മൂന്നു വയസ്സുകാരന്‍ കൊച്ചുമകന്റെ ചോദ്യത്തിന്‌ എന്ത് മറുപടിപറയണമെന്നോര്‍ത്ത് റിട്ടയേര്‍ഡ് ടീച്ചറായ മുത്തശ്ശി പരുങ്ങി.
'ഇതാണു മോനെ ജനാധിപത്യത്തിന്റെ തിലകം!
'തിലകം..?'
'അതെ... തിലകം.... ഒരു തലമുറയുടെ വിയര്‍പ്പില്‍ നിന്നും പടുത്തുയര്‍ത്തിയ ജനാധിപത്യഗോപുരം താങ്ങിനിര്‍ത്താന്‍ നമ്മുടെ കൈ ഉപയോഗിച്ചതിന്‌ കിട്ടുന്ന സമ്മാനം!'

ഒരുനിമിഷം, കൊച്ചുമോന്‍ "ഠപ്പേ"ന്ന് അപ്രത്യക്ഷനായി.
മഷിപുരട്ടുന്ന ചേച്ചിയുടെ മുന്നില്‍ പോയി വിരലുവെച്ച് വിനയാന്വിതനായി.
'എനിക്കും വേണം തിലകം.'

തലേദിവസം രാവിലെ മുതല്‍ മിനക്കിട്ടതിന്റെ ക്ഷീണവും, നാട്ടിലുള്ള ഭാരം മുഴുവന്‍ പേറി ഓണം കേറാമൂലയിലെ ഓലഷെഡ്ഡുസ്കൂളില്‍ കാവലിരുന്നതിന്റെ വിഷമവും, അന്യന്റെ വീട്ടില്‍ സുരക്ഷിതമല്ലാതെ അന്തിയുറങ്ങാന്‍ ശ്രമിച്ചതിന്റെ ഭാരവും, രാവിലെ മുഴുവന്‍ ഒഴിവാക്കാന്‍ പറ്റാത്ത മൂത്രശങ്ക ഇനി രാത്രി ഏതെങ്കിലും നേരത്ത് വീട്ടിലെത്തിയാലല്ലേ തീര്‍ക്കാനാവൂ എന്നോര്‍ത്തപ്പോളുള്ള വിമ്മിഷ്ടവും എല്ലാം കൂടെ ആനിമിഷം ടീച്ചര്‍ മുഖദാവിലേക്കാവാഹിച്ചു. പെന്‍സില്‍ മോഷ്ടിച്ചതിന്‌ മുന്നില്‍ നില്‍ക്കുന്ന ഒന്നാം ക്ലാസ്സുകാരനോടെന്നപോലെ പാവം പിടിച്ച മൂന്നുവയസ്സുകാരനോട്, ടീച്ചര്‍ ബാലറ്റ് മുറിക്കുന്ന സ്റ്റീല്‍ റൂളര്‍ ഉയര്‍ത്തി അലറി. 

ഇടം വലം തിരിയാന്‍ സമ്മതിക്കാത്ത ഏജന്റുമാരുടെ നിര്‍ബന്ധത്തിനു വഴങ്ങി, ബിരുദാനന്തര ബിരുദക്കാര്‍ക്കുപോലും ഓപ്പണ്‍ വോട്ടിന്‌ അനുവാദം കൊടുക്കാന്‍ നിര്‍ബന്ധിതനായ, അമ്പതിനു മേലെയുള്ള സ്റ്റാഫിനെ വരച്ച വരയില്‍ നിര്‍ത്തുന്ന  നഗരത്തിലെ പൊതുമേഘലാബങ്കിലെ മാനേജറായ പ്രിസൈഡിങ്ങ് ഓഫീസറും കിട്ടിയ അവസരം ശരിക്കും മുതലാക്കി. ഒരാള്‍ക്ക് ഒറ്റക്ക് പോലും ശരിക്ക് നില്‍ക്കാനാവാത്ത കൗണ്ടിങ്ങ് സ്റ്റേഷനിലെ കൗണ്ടറുകളില്‍ വൈകുന്നേരം ആയിരക്കണക്കിന്‌ പ്രസൈഡിങ്ങ് ഓഫീസര്‍മാരുടെ ചവുട്ടും കുത്തും ഏറ്റ് ബാലറ്റ് ബോക്സ് എന്ന അല്‍ഭുതവിളക്കും തലയിലേന്തി മണിക്കൂറുകളോളം വെള്ളം കുടിക്കാനാവാതെ നില്‍ക്കേണ്ടി വരുന്നതിനെപ്പറ്റി ആലോചിച്ച് സങ്കടം കയറിയ കണ്ഠം അലറിവിളിച്ചു.
'ഇവിടെ പോലീസൊന്നുമില്ലേ.........?'
കേരളത്തിന്റെ അങ്ങേയറ്റത്തുനിന്നും ഇങ്ങേയറ്റത്ത് ചുമതലക്ക് നിയോഗിക്കപ്പെട്ട്, മൂന്നുദിവസമായി യൂനിഫോം പോലും അഴിച്ചുവെക്കാന്‍ നേരം കിട്ടാതെ വലഞ്ഞ പോലിസ്സുകാരനും അവനുനേരെ കണ്ണുരുട്ടി.

ഉണ്ണിക്കുട്ടനെ കാണാതെ പരിഭ്രാന്തിയായ മുത്തശി ബൂത്തിനകത്തെ ബഹളത്തിനകത്തേക്ക് ഊളിയിട്ട് ഒരു പുഞ്ചിരിയില്‍ എല്ലാവരേയും ശാന്തായാക്കി അവനെയും എടുത്ത് പുറത്ത് കടന്നു.
ചറപറ സംശം ചോദിക്കുന്ന ഉണ്ണിക്കുട്ടന്‍ വീടിന്റെ പടി കണ്ട ശേഷമേ പിന്നെ സംസാരിച്ചുള്ളു.

'മുത്തശ്ശിക്ക് പെട്ടന്നു കിട്ടിയ തിലകം എന്നെ കണ്ടപ്പൊ എന്താ തരാതിരുന്നേ, ചീത്ത വേറേം, അതെന്താ അങ്ങനെ?!'

ഒരുപാട് ഓണമുണ്ട, ഒരുപിടി തിരഞ്ഞെടുപ്പു ജോലികള്‍ക്ക് നിയോഗിക്കപ്പെട്ടിരുന്ന മുത്തശ്ശിയുടെ ചുണ്ടിലെവിടെയോ ചിരിപൊട്ടി.
ഉത്തരത്തിന് കാത്തുനില്‍ക്കാതെ മുറ്റത്ത് ഓടിക്കളിക്കുന്ന ഉണ്ണിയെ നോക്കി പിന്നെ നെടുവീര്‍പ്പിട്ടു.
'കാലം തീര്‍ച്ചയായും നിനക്കൊരുത്തരം തരും'

20 ഒക്‌ടോബർ 2010

കനലെരിയുന്ന ശൂന്യത

അറിയാതെയാണെങ്കിലും ഞാനന്ന് മീരയുടെ കൈ തട്ടിപ്പോയിരുന്നു.
പിന്നെ മനഃപൂര്‍വമായിത്തന്നെ അത് വലിച്ചുകളഞ്ഞു.
കത്തിതീരാത്ത, അറിയാത്ത ആ ചിതക്കരികില്‍ നിന്ന് അവളുടെ വിതുമ്പലുകള്‍ക്ക് എന്റെ കുട മറപിടിക്കുന്നുണ്ടായിരുന്നു.
കണ്ണീരിറങ്ങി കലങ്ങിയ കണ്ണുകളില്‍ നോക്കി, തിരിച്ചിറങ്ങുമ്പോള്‍ ചോദിച്ചു
"ആരായിരുന്നു അത്?"
"ആരായാലെന്താ, ഒരു പിടിചാരമാവാന്‍ ഇനി നിമിഷങ്ങള്‍ പോരെ?"
ആ മറുചോദ്യം എന്നെ നിശ്ശബ്ദനാക്കി.

പട്ടണത്തിന്റെ ആളൊഴിഞ്ഞ വഴിത്താരയില്‍ എത്തിയപ്പോള്‍ പെട്ടന്നായിരുന്നു അവള്‍ വണ്ടി നിര്‍ത്താന്‍ പറഞ്ഞത്.
പൊളിഞ്ഞു വീഴാറായ കടത്തിണ്ണയുടെ ആളൊഴിഞ്ഞ വരാന്തയില്‍ ഒരു തേങ്ങലായ് മീര പെയ്തിറങ്ങി.
ആ വഴിയിലെ എന്റെ എന്നത്തേയും ചോദ്യചിഹ്നമായ ഒരു പിച്ചക്കാരിയുടെ നിഷ്കളങ്കമായ പുഞ്ചിരി ആ ശൂന്യതയിലെവിടെയോ മറഞ്ഞിരുന്നു. ഒരിക്കലും എനിക്കുനേരെ നീങ്ങാതിരുന്ന പുഞ്ചിരിക്കാരിയുടെ കൈകള്‍ ഉണ്ടാക്കിയ അസ്വസ്തതക്കുള്ള ഉത്തരം അന്നെന്തോ മീരയുടെ കണ്ണുകളിലുണ്ടെന്ന് തോന്നി.

"വാ പോം.."
മുതുകത്ത് തളര്‍ന്ന് ചാരിയുറങ്ങുന്ന മീരയും, മുന്നില്‍ കനലെരിയുന്ന മറുനാടന്‍ പുഞ്ചിരിയുടെ ശൂന്യതയും എന്റെ യാത്രകളെ അലോസ്സരപ്പെടുത്തുന്നുണ്ടായിരുന്നു.

19 ജൂലൈ 2009

ദുരിതാശ്വാസം

ജിവിതം ഒരു ഉരുള്‍ പൊട്ടലില്‍ തീരാനുള്ളതല്ലല്ലോ..

വാക്ക് പലപ്പോഴും മിതമായി ഉപയോഗിക്കുന്നവനായിരുന്നു ഞാന്‍, അതിനാലാവണം വലിയൊരു പാറക്കഷ്ണം തന്‍റെ ഇത്തിരിപ്പോന്ന കൂര അപ്പാടെ നക്കിത്തൂടച്ച് പോയപ്പോഴും നിലവിളിക്കാന്‍ കഴിയാതിരുന്നത്. അല്ലെങ്കിലും നിലവിളിച്ചിട്ട് വലിയ കാര്യമൊന്നും ഇല്ല. എല്ലാം നഷ്ടപ്പെട്ട് ഒരു പാടുപേര്‍ തന്‍റെ ചുറ്റിലും നിന്ന് നിലവിളിക്കുമ്പോള്‍, തന്‍റെ നിലവിളിക്ക് കാര്യമായ പ്രസക്തിയില്ല.

“ചോമാ യ്യ് പോരുന്നില്ലേ, സര്‍ക്കാര്‍ കൂളില്‍ കഞ്ഞിണ്ടാവും”

മൂപ്പന്‍റെ ചോദ്യത്തിനുമുന്നില്‍ പ്രത്യേകിച്ചൊന്നും പറയാനുണ്ടായിരുന്നുല്ല.

പൊട്ടിപ്പൊളിഞ്ഞും, തെന്നിനീങ്ങിയും നശിച്ച വഴികളില്‍, എല്ലാം നഷ്ടപ്പെട്ടവരുടെ അടക്കിപ്പിടിച്ച രോദങ്ങള്‍ക്കൊപ്പം സാവധാനം നടന്നു.

വഴിതെറ്റിയൊഴുകുന്ന കാട്ടാറും, പകച്ചുനില്‍ക്കുന്ന കാട്ടുമക്കള്‍ക്കും ഇടയിലൂടെ പ്രത്യേകിച്ചൊന്നും ചിന്തിക്കാനില്ലാതെ നടക്കുമ്പോള്‍, ആവശ്യമില്ലാതെ മൂപ്പന്‍റെ മകളുടെ മുഖം തെളിഞ്ഞു വന്നു. കാടു മുഴുവന്‍ അലഞ്ഞ് കാട്ടു തേന്‍ ശേഖരിച്ച് മൂപ്പന്‍റെ സ്വയം സഹായ സംഘത്തില്‍ എത്തിക്കുന്ന തനിക്ക്, പലപ്പോഴും അത് ആ സുന്ദരിയെ ഏൽപ്പിക്കാനുള്ള ഭാഗ്യമുണ്ടായിരുന്നു. വയറു നിറയെ ചോറു തിന്നുന്ന ആ ദിവസങ്ങളില്‍ പോരാന്‍ നേരം അവള്‍ തരുന്ന പണപ്പൊതിയില്‍ നിന്ന് ഒരാഴ്ചത്തേക്കുള്ള അന്തിക്കള്ളിന്‍റെ പണമെടുത്ത് ബാക്കി അവളെത്തെന്നെ ഏൽപ്പിക്കാറായിരുന്നു പതിവ്.

“ അതിയ്യന്നെ വച്ചോ, ഒന്നിച്ചാവശ്യണ്ടാവുമ്പൊ തന്നാതി”

അപ്പോള്‍ അവളുടെ കണ്‍കളില്‍ ഒരു പ്രത്യേക തിളക്കം ഉണ്ടാവാറുണ്ടോ.?

ദുരിതാശ്വാസ ക്യാമ്പ് ആ പ്രദേശത്തെ ആകെയുള്ള സര്‍ക്കാര്‍ സ്കൂളിലായിരുന്നു. നൂറുകുട്ടികളെ ശരിക്കു ഉള്‍ക്കൊള്ളാനാവാത്ത അവിടം നൂറുകണക്കിനു കുടുമ്പങ്ങളെ ക്കൊണ്ടു നിറഞ്ഞു കവിഞ്ഞു.
തോരാതെ പയ്യുന്ന മഴ അവിടെയും അരക്ഷിതാവസ്ത സൃഷ്ടിച്ചിരുന്നു. കുട്ടികളും സ്ത്രീകളും ക്ലാസ് മുറികളിലും, മറ്റുള്ളവര്‍ വരാന്തയിലും സ്കൂള്‍ മുറ്റത്തെ ചെറിയ ഷെഡുകളിലും നിസ്സഹായരായി കഴിഞ്ഞു.

ഉള്ളിന്‍റെയുള്ളില്‍ പിന്നെയും മൂപ്പന്‍റെ മകളുടെ മുഖം പിരിമുറുക്കങ്ങള്‍ സൃഷ്ടിച്ചു.
മനുഷ്യന് പ്രത്യകിച്ചൊരു പണിയും ഇല്ലെങ്കില്‍ ഇങ്ങന ആയിരിക്കുമോ ആവോ..?
പിന്നെ പിന്നെ ആളനക്കങ്ങളില്‍ അവളുടെ കണ്ണുകള്‍ തിരഞ്ഞു തുടങ്ങി. ഒന്നു രണ്ടു പ്രാവശ്യം ഇടഞ്ഞ കണ്ണുകളെ പിന്‍ വലിച്ച് അവള്‍ എങ്ങോട്ടോ മറഞ്ഞു.

മഴതെല്ലു കുറഞ്ഞുതുടങ്ങി
പലരും സ്വന്തം കൂരയിലെ വറുതിയിലേക്കു മടങ്ങിത്തുടങ്ങി.
എല്ലാ കൊല്ലവും നഷ്ടപ്പെടുകയും വീണ്ടും കെട്ടിപ്പോക്കുകയും ചെയ്യുന്ന കൂര ത്നിക്കൊരു അവശ്യവസ്തുവല്ല.

ആളൊഴിഞ്ഞ ആസന്ധ്യ നേരത്ത് വളരെ അപ്രതീക്ഷിതമായി അവള്‍ മുന്നില്‍ പ്പെട്ടു. ഇടഞ്ഞ കണ്ണുകളിലെ അരക്ഷിതാവസ്തക്കുമീതെ ഞാന്‍ എന്‍റെ കൈ കറിയാതെ നീട്ടി.

അങ്ങനെയൊരു പ്രവൃത്തിയുടെ സാധുതയെന്താണെന്ന് അപ്പോള്‍ ഒട്ടും ആലോചിച്ചിരുന്നില്ല. തീരാക്കെടുത്തിയില്‍ ദീനം പിടിച്ച മൂപ്പന്‍റെ മുഖം ആലോചിച്ചിട്ടാണോ, അതോ ആ കണ്ണുകളിലെ കൊളുത്തി വലിക്കുന്ന തിളക്കമാണോ കാരണം അറിയില്ല.

ഒരുനിമിഷം...

സ്വന്തം കൈകള്‍ എന്‍റെ നീട്ടിയ കൈകള്‍ക്കുള്ളില്‍ വെച്ച് അവള്‍ പൊട്ടിക്കരഞ്ഞു.
“അപ്പാവിന്‍റെ ദീനം... തന്ന പൈസമുഴുവന്‍ ഗുളിയവാങ്ങി... ല്ല, ഞാന്‍ തിരിച്ചു തരും.. തരും”

മുറിഞ്ഞു മുറിഞ്ഞു വീണ വാക്കുകള്‍ക്കൊപ്പം കണ്ണുനീരും ധാരധാരയായി എന്‍റെ കൈകളില്‍ വീണു.
ചൂടുവെള്ളം വീണു പൊള്ളിയ പോലെ കൈകള്‍ എരിപിരി കൊണ്ടു.

മറ്റൊന്നും ആലോചിക്കാനില്ലാതെ, അന്നു തന്നെ മലകയറി..
തീരാദുരിതത്തിന്‍റെ, മറ്റൊരു കൂരകെട്ടിപ്പടുക്കുന്നത് മാത്രമാണ് അപ്പോള്‍ ആലോചിച്ചത്.

കൈയ്യിലെ നീറ്റല്‍ ഒരു ചോദ്യചിഹ്നമായി എന്‍റെ കൂടെത്തന്നെ വന്നു.

15 ഫെബ്രുവരി 2009

യാത്ര

ഏതോ ഒരദ്യശ്യലോകം കെട്ടിപ്പടുക്കാനായിരുന്നു ആ ശ്രമം.
അടിത്തറയില്ലാതെ, ഒന്നിനുമീതെ ഒന്നായി വെറുതെ കയട്ടിവെച്ച വിചാരങ്ങൾ. ഒടുവിലൊരു ചീട്ട്‌ കൊട്ടാരത്തിന്റെ അന്ത്യം അതിനുണ്ടാവുമെന്നറിയാമെങ്കിലും ആ കെട്ടിപ്പടുക്കൽ തുടർന്നതേയുള്ളു.

ആദ്യത്തെ യാത്ര ഒരു പൂവിനെ തേടിയയിരുന്നു. വർണ്ണങ്ങളില്ലാത്ത, എന്നാൽ വശ്യമായ ഒരു പൂവ്‌. കണ്ടുമുട്ടിയവയിൽ പലതിനും ബഹുവർണ്ണങ്ങളുണ്ടായിരുന്നു, ചിലതാകെട്ടെ തീർത്തും വിവർണ്ണങ്ങളായിരുന്നു, ഒട്ടും കന്തിയില്ലാത്തവ. ഇനി അവസാനം കണ്ടെത്തിയവയോ, ചതുപ്പിൽ വിടർന്നവയും - ഒരിക്കലും പറിക്കാൻ പറ്റാത്ത അത്ര അകലത്തിലും.....
എങ്കിലും യത്ര അവസാനിപ്പിച്ചില്ല. ഒടുവിൽ തളർന്നവശനായ്‌ വഴിയരികിൽ നിൽക്കുമ്പോൾ ഒരു കുടം വെള്ളവുമായ്‌ ആരെങ്കിലും വരാതിരിക്കുമോ.


(ആദ്യ കാല സമ്പാദ്യത്തിലൊന്ന്)

14 ഫെബ്രുവരി 2008

ചുളിവുവീഴുന്ന വിരലുകള്‍


   വാലന്റൈന്‍ ദിനത്തില്‍ പാര്‍ക്കില്‍ വന്നിരിക്കുന്നത് പണ്ട് ഒരു പതിവൊന്നുമല്ലായിരുന്നു. ഒന്നോ രണ്ടോ വര്‍ഷമായിട്ടേ ഉള്ളൂ ഇത് തുടങ്ങിയിട്ട്.
   ഈ ദിവസം മാത്രമാണ് ഞാന്‍ എന്റെ വിരലുകളിലെ ചുളിവ് എണ്ണാന്‍ തുടങ്ങാറ്. പ്രണയദിനം മാത്രം തിരഞ്ഞെ ടുക്കാന്‍ കാരണം ഇന്നിവിടെ കമിതാക്കള്‍ മാത്രമേഉണ്ടാകൂ എന്നതാണ്, മറ്റുദിവസങ്ങളില്‍ ഒരുപാട് കണ്ണുകള്‍ എന്നെ ചൂഴന്ന് നടക്കുന്നുണ്ടാവും, ഈ വയസ്സെനെന്താണിവിടെ കാര്യം എന്ന മട്ടില്‍. അത്തരം ദുഷിപ്പുകള്‍ ഇന്നിവിടെ കുറവായിരിക്കും. ചെറുപ്പത്തില്‍ നട്ടു വളര്‍ത്തി, ഇന്ന് വളര്‍ന്ന് പന്തലിച്ചുനില്‍ക്കുന്ന ഒരുപറ്റം മാവുകള്‍മാത്രം എന്നെ നോക്കി പരിചയം ഭാവിച്ചു. പ്രണയം ആഘോഷമാക്കുന്നവര്‍ ആ മരച്ചോട്ടില്‍ സ്വയം മറന്നിരുന്നു.
   സൂക്ഷിച്ചു നോക്കിയപ്പോള്‍ എന്റെ ചൂണ്ട് വിരലിലാണ് ഏറ്റവും കൂടുതല്‍ ചുളിവുകള്‍. കഴിഞ്ഞവര്‍ഷം മറ്റേതോ വിരലിനാണ് ചൂളിവുകൂടുതലുണ്ടായിരുന്നത്, ഏതാണെന്ന് ഓര്‍ക്കുന്നില്ല, പ്രായത്തിനനുസരിച്ച് ഓര്‍മ്മക്കുറവും വര്‍ധിക്കുന്നത് ഞാന്‍ അംഗീകരിച്ച സത്യം തന്നെയാണ്.
   എങ്ങുനിന്നോ പറന്നുവന്ന കാക്ക ക്ര്യത്യം എന്റെ തലയില്‍ തന്നെ കാര്യം സാധിച്ചു കടന്നു പോയി. തൂവാലയെടുത്ത് തലതുടക്കുമ്പോള്‍, മുടിയില്ലാത്തതിന്റെ സൌകര്യം ശരിക്കും തിരിച്ചറിഞ്ഞു.
   താരതമ്യേന ചൂണ്ട് വിരലിന് ചുളിവുകള്‍ കുറവാണ്. ഫെബ്രുവരിയായെങ്കിലും വിട്ടുമാറാന്‍ മടിക്കുന്ന തണുപ്പായിരിക്കണം അതിനെ ചെറുതായി വിറപ്പിക്കുന്നുണ്ടായിരുന്നു (അതോ മറ്റെന്തെങ്കിലുമോ?). മോതിരവിരലിന്റെ നേരെ കണ്ണോടിക്കാന്‍ ഞാന്‍ അശക്തനായിരുന്നു. മാറാ മറുകുപോലെ ഒരു മോതിരത്തിന്റെ പാടവിടെ ശരിക്കും കാണാനുണ്ടായിരുന്നു. എന്തോ, കണ്ണുകള്‍ പേട്ടന്ന് നിറഞ്ഞു കവിഞ്ഞു, ഒന്നും കാണാന്‍ കഴിയാതയപ്പോള്‍ എഴുന്നേറ്റു നടന്നു.അല്ലെങ്കിലും എല്ലാകൊല്ലവും ഈപാടില്‍ തട്ടി ഞാന്‍ എന്റെ തിരച്ചില്‍ നിര്‍ത്താറാണ് പതിവ്.
   റോഡില്‍ തിര്‍ക്കേറുകയായിരുന്നു.
   ഒരിക്കല്‍ കൂടിതിരിഞ്ഞുനോക്കിയ ഞാന്‍ ആകെ അമ്പരന്നു, പാര്‍ക്ക് തീര്‍ത്തും വിജനമായിരിക്കുന്നു, ഇത്രനേരവും ഞാനിരുന്നിടത്ത് നിറയെപൂത്ത ഒരു ചുമന്ന റോസാചെടിയും...!
   സൂര്യന്‍ അസ്തമിക്കാറായിരുന്നു, ഇരുട്ടുവീണാല്‍, പരിചിത വഴിയാണെങ്കിലും ബുദ്ധിമുട്ടേറുമെന്നതിനാല്‍ ഞാന്‍ നടത്തത്തിന്റെ വേഗം കൂട്ടി