ലോകം പിരിമുറുക്കത്തിന്റെ വൈകുന്നേരത്തിലേക്ക് കാതോർക്കുന്ന അന്നത്തെ പകലിന്റെ തുടക്കത്തിൽ മെസ്സി ഉറക്കത്തിലായിരുന്നു... പതിവിലും കൂടുതൽ അദ്ദേഹം അന്ന് ഉറങ്ങി..
കൂടെയുള്ള കുട്ടി കളിക്കാരൊക്കെ വളരെ ആകാംക്ഷയോടെ, എന്നാൽ തെല്ല് നീരസത്തോടുകൂടി ആ മുറിയെ ചുറ്റിപ്പറ്റി നടക്കുന്നുണ്ടായിരുന്നു. അഞ്ചുമണിക്ക് എങ്കിലും എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ പൂർത്തിയാക്കി ഏറ്റവും ചുരുങ്ങിയത് ആറുമണിക്ക് മൈതാനത്തിൽ എത്തണമെന്ന് സ്കലോണി കോച്ച് കുട്ടി പട്ടാളത്തിന് അന്ത്യശാസനം നൽകിയിരുന്നു, അപ്പോഴാണ് ഈ ഉറക്കം..!
ഒടുവിൽ ഏറെ വൈകി അദ്ദേഹം മുറിയിൽനിന്ന് പുറത്തേക്കിറങ്ങി.
സ്വതസിദ്ധമായ ആ ചെറുചിരി മുഖത്തുണ്ടായിരുന്നു. നല്ലവണ്ണം ഉറങ്ങിയതിനാൽ ആശങ്കകൾ ഒട്ടുമുണ്ടായിരുന്നില്ല..
കൂട്ടത്തിൽ ഏറ്റവും ഇളയവനായ നിക്കോപ്പാസിനെ മെസ്സി അടുത്തേക്ക് വിളിച്ചു.
"നിനക്ക് ചെസ്സ് കളിക്കാൻ അറിയാമോ?"
ആ ചോദ്യം എല്ലാവരിലും അമ്പരപ്പുണ്ടാക്കി.!
കളി തുടങ്ങി...
നിക്കോപ്പാസിനെ ഇടം വലം തൊടീക്കാതെ മെസ്സി പൂട്ടിയിരുന്നു.
ഒടുവിൽ ഒരു കാലാളെയും, കുതിരയെയും വെട്ടിയെടുത്ത ശേഷം അമ്പരപ്പിക്കുന്ന വേഗത്തിൽ മെസ്സി ചെക്ക് പറഞ്ഞു. നിക്കോപ്പാസ് വല്ലാത്തൊരു ഉന്മാദ ലോകത്തിലായിരുന്നു..
പെട്ടെന്നാണ് സ്കലോണി മുറിയിലേക്ക് കടന്നുവന്നത്...
"എന്താ ഇവിടെ നടക്കുന്നത്?"
പൊതുവേ ശാന്തനായ അദ്ദേഹത്തിന്റെ മുഖത്ത് തെല്ല് ദേഷ്യം വിടർന്നു..
ചെസ്സ് ബോർഡിലേക്ക് ഒന്ന് രൂക്ഷമായി നോക്കിയ ശേഷം, നിക്കോപ്പാസിനെയും ബാക്കിയുള്ളവരെയും വിളിച്ച് ഗ്രൗണ്ടിലേക്ക് നടന്നു..
മെസ്സി എന്തോ തിരഞ്ഞുകൊണ്ട് വീണ്ടും റൂമിൽ ഉലാത്തുകയായിരുന്നു..
വഴിയേ അയാളും ഗ്രൗണ്ടിലേക്ക് നടന്നു.
സ്കലോണിയുടെയും മെസ്സിയുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു..
മെസ്സി തിരയുന്നത് എന്താണെന്ന്, അദ്ദേഹത്തിൻറെ മനസ്സ് വായിക്കാൻ കഴിയുന്ന സ്കലോണിക്കു മനസ്സിലായി..
അയാൾ അടുത്തേക്ക് ചെന്നു.
"ഇന്ന് നീ യെർബ മേറ്റ് കുടിക്കേണ്ട , പകരം ഒരു ഇന്ത്യൻ സ്ട്രോങ്ങ് മസാല ചായയാണ് നല്ലത്.."
ന്യൂജേഴ്സി സ്റ്റേഡിയത്തിന്റെ പുറത്തെ തെരുവിൽ, ഇന്ത്യയിലെ ഒരു തുരുത്തായ കേരളം പ്രദേശത്തിൽ നിന്ന് വന്ന ഭാസ്കരേട്ടൻ നടത്തുന്ന ഇന്ത്യൻ ചായക്കടയിലേക്ക് മെസ്സി അടിവച്ചു. ഒരു നിമിഷം പകച്ചു പോയ മെസ്സി ഭാസ്കരേട്ടൻ ഇട്ടിരിക്കുന്ന ജേഴ്‌സി കണ്ട് അന്ധാളിച്ചു.
"നൊസോത്രോസ് സൊമോസ് ദേ കേരള, പെറോ മാമോസ അർജൻ്റീന".
ചൂട് പറക്കുന്ന മസാല ചായ മെസ്സി ഊതി ഊതി കുടിച്ചു..
വല്ലാത്തൊരു എനർജി സിരകളിലേക്ക് കയറിക്കൊണ്ടേയിരുന്നു...
സ്റ്റേഡിയത്തിൽ നിന്ന് ചായക്കടയിലേക്ക് സ്കലോണി പാളിനോക്കി, മെസ്സി നിഗൂഢത ഒളിപ്പിച്ചുവച്ച് ഒന്ന് മന്ദഹസിച്ചു.
ലോകമെമ്പാടുമുള്ള ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ടവർക്ക് അപ്പോൾ അമേരിക്കയിലെ ന്യൂജേഴ്സി സ്റ്റേഡിയം നിലനിൽക്കുന്ന ഭാഗത്തുനിന്ന് ഒരു പ്രഭാവലയം ഉയരുന്നതായി ബോധ്യപ്പെടുന്നുണ്ടായിരുന്നു..
അവർ ആദരവോടെ അങ്ങോട്ട് കണ്ണിമ വെട്ടാതെ നോക്കിക്കൊണ്ടേയിരുന്നു...
.
_____ലിനേഷ് നാരായണൻ
#lineshnarayanan One last time...❤️
#vamosargentina #lionelmessi #worldcup2026 #argentinafanskerala #worldcupfinal
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ