30 ഓഗസ്റ്റ് 2026

സെക്കൻ്റ് ഹീറോ

ശരിക്കും രണ്ടാമത്തെ ഒരു ഞാനുണ്ട്,
ഒന്നാമത്തേതിൽ നിന്നും 
തീർത്തും വ്യത്യസ്തനായി.

പണ്ടത്തെ അതേ ലൈനാണ്...
"ഒന്നായനിന്നെയിഹ.."

ഒന്നാമൻ അടച്ചിട്ട 
ദുഷിപ്പുകൾ പുറത്ത് കാട്ടാതെ 
"മാന്യ"നായിരുന്നു ചിന്തിക്കും,
രണ്ടാമൻ ഒരു മണ്ടൻ.

അവൻ വായിൽ തോന്നിയത് 
വിളിച്ചു പറയും,
റിയൽ ആയിരിക്കാൻ ശ്രമിക്കും,
കോമാളിത്തരങ്ങളും 
മണ്ടത്തരങ്ങളും ചെയ്യും..

കാലാന്തരത്തിൽ
ഒന്നാമൻ ഇണ്ടൽ കയറി
രണ്ടാമനാവാൻ കൊതിച്ചുതുടങ്ങി...

അപ്പോഴേക്കും
കാതങ്ങൾ ഏറെ 
കഴിഞ്ഞു പോയിരുന്നു...

പിണക്കം 2.0

പിണക്കം ആന്തരികമാണോ?
അതോ
സർഗാത്മകമാണോ?...

പക്ഷേ
അത് കൂടുതൽ റിയലിസ്റ്റിക്കാണ്...!

അപ്പോൾ മാത്രമാണ് 
ഞാൻ ഞാനാകുന്നതും, 
നീ നീയാവുന്നതും...

എൻറെ അന്തരാത്മാവിനെ 
പിണക്കത്തിലൂടെ റിയലിസ്റ്റിക്കായി 
വല്ലപ്പോഴുമൊക്കെ
പുറത്ത് കാട്ടാറുണ്ട്,

ആ മാത്രയിൽ
അത് വല്ലാതെ 
സർഗ്ഗാത്മകമാകാറുമുണ്ട്....!!

24 ജൂലൈ 2026

ഒരു തവണ കൂടി

ലോകം പിരിമുറുക്കത്തിന്റെ വൈകുന്നേരത്തിലേക്ക് കാതോർക്കുന്ന അന്നത്തെ പകലിന്റെ  തുടക്കത്തിൽ മെസ്സി ഉറക്കത്തിലായിരുന്നു... പതിവിലും കൂടുതൽ അദ്ദേഹം അന്ന് ഉറങ്ങി..

കൂടെയുള്ള കുട്ടി കളിക്കാരൊക്കെ വളരെ ആകാംക്ഷയോടെ, എന്നാൽ തെല്ല് നീരസത്തോടുകൂടി ആ മുറിയെ ചുറ്റിപ്പറ്റി നടക്കുന്നുണ്ടായിരുന്നു. അഞ്ചുമണിക്ക് എങ്കിലും എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ പൂർത്തിയാക്കി ഏറ്റവും ചുരുങ്ങിയത് ആറുമണിക്ക് മൈതാനത്തിൽ എത്തണമെന്ന് സ്കലോണി കോച്ച്  കുട്ടി പട്ടാളത്തിന് അന്ത്യശാസനം നൽകിയിരുന്നു, അപ്പോഴാണ് ഈ ഉറക്കം..!

ഒടുവിൽ ഏറെ വൈകി അദ്ദേഹം മുറിയിൽനിന്ന് പുറത്തേക്കിറങ്ങി.
സ്വതസിദ്ധമായ ആ ചെറുചിരി മുഖത്തുണ്ടായിരുന്നു. നല്ലവണ്ണം ഉറങ്ങിയതിനാൽ ആശങ്കകൾ ഒട്ടുമുണ്ടായിരുന്നില്ല..

കൂട്ടത്തിൽ ഏറ്റവും ഇളയവനായ നിക്കോപ്പാസിനെ മെസ്സി അടുത്തേക്ക് വിളിച്ചു.

"നിനക്ക് ചെസ്സ് കളിക്കാൻ അറിയാമോ?"

ആ ചോദ്യം എല്ലാവരിലും അമ്പരപ്പുണ്ടാക്കി.!

കളി തുടങ്ങി...
നിക്കോപ്പാസിനെ ഇടം വലം തൊടീക്കാതെ മെസ്സി പൂട്ടിയിരുന്നു.
ഒടുവിൽ ഒരു കാലാളെയും, കുതിരയെയും വെട്ടിയെടുത്ത ശേഷം അമ്പരപ്പിക്കുന്ന വേഗത്തിൽ മെസ്സി ചെക്ക് പറഞ്ഞു. നിക്കോപ്പാസ് വല്ലാത്തൊരു ഉന്മാദ ലോകത്തിലായിരുന്നു.. 

പെട്ടെന്നാണ് സ്കലോണി മുറിയിലേക്ക് കടന്നുവന്നത്... 

"എന്താ ഇവിടെ നടക്കുന്നത്?"

പൊതുവേ ശാന്തനായ അദ്ദേഹത്തിന്റെ മുഖത്ത് തെല്ല് ദേഷ്യം വിടർന്നു..
ചെസ്സ് ബോർഡിലേക്ക് ഒന്ന് രൂക്ഷമായി നോക്കിയ ശേഷം, നിക്കോപ്പാസിനെയും ബാക്കിയുള്ളവരെയും വിളിച്ച് ഗ്രൗണ്ടിലേക്ക് നടന്നു.. 

മെസ്സി എന്തോ തിരഞ്ഞുകൊണ്ട് വീണ്ടും റൂമിൽ ഉലാത്തുകയായിരുന്നു..

വഴിയേ അയാളും ഗ്രൗണ്ടിലേക്ക് നടന്നു.

സ്കലോണിയുടെയും മെസ്സിയുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു.. 
മെസ്സി തിരയുന്നത് എന്താണെന്ന്, അദ്ദേഹത്തിൻറെ മനസ്സ് വായിക്കാൻ കഴിയുന്ന സ്കലോണിക്കു മനസ്സിലായി..
അയാൾ അടുത്തേക്ക് ചെന്നു.

"ഇന്ന് നീ യെർബ മേറ്റ് കുടിക്കേണ്ട , പകരം ഒരു ഇന്ത്യൻ സ്ട്രോങ്ങ് മസാല ചായയാണ് നല്ലത്.."

ന്യൂജേഴ്സി സ്റ്റേഡിയത്തിന്റെ പുറത്തെ തെരുവിൽ, ഇന്ത്യയിലെ ഒരു തുരുത്തായ കേരളം  പ്രദേശത്തിൽ നിന്ന് വന്ന ഭാസ്കരേട്ടൻ നടത്തുന്ന ഇന്ത്യൻ ചായക്കടയിലേക്ക് മെസ്സി അടിവച്ചു. ഒരു നിമിഷം പകച്ചു പോയ മെസ്സി ഭാസ്കരേട്ടൻ ഇട്ടിരിക്കുന്ന  ജേഴ്‌സി കണ്ട് അന്ധാളിച്ചു.

"നൊസോത്രോസ് സൊമോസ് ദേ കേരള, പെറോ മാമോസ അർജൻ്റീന".

ചൂട് പറക്കുന്ന മസാല ചായ മെസ്സി ഊതി ഊതി കുടിച്ചു..
വല്ലാത്തൊരു എനർജി സിരകളിലേക്ക് കയറിക്കൊണ്ടേയിരുന്നു...

സ്റ്റേഡിയത്തിൽ നിന്ന് ചായക്കടയിലേക്ക്  സ്കലോണി പാളിനോക്കി, മെസ്സി  നിഗൂഢത ഒളിപ്പിച്ചുവച്ച് ഒന്ന് മന്ദഹസിച്ചു.

ലോകമെമ്പാടുമുള്ള ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ടവർക്ക് അപ്പോൾ അമേരിക്കയിലെ ന്യൂജേഴ്സി സ്റ്റേഡിയം നിലനിൽക്കുന്ന ഭാഗത്തുനിന്ന് ഒരു പ്രഭാവലയം ഉയരുന്നതായി ബോധ്യപ്പെടുന്നുണ്ടായിരുന്നു..
അവർ ആദരവോടെ അങ്ങോട്ട് കണ്ണിമ വെട്ടാതെ നോക്കിക്കൊണ്ടേയിരുന്നു...
.
_____ലിനേഷ് നാരായണൻ
#lineshnarayanan  One last time...❤️

#vamosargentina #lionelmessi #worldcup2026 #argentinafanskerala #worldcupfinal

12 നവംബർ 2025

സ്മൈലി

ചില ദിവസങ്ങളെ നശിപ്പിക്കാൻ
വെറുമൊരു സ്മൈലിക്ക് പോലുമാവും🙄

പ്രിയപ്പെട്ടവരുടെ ഗ്രൂപ്പിൽ 
അറിയാതെ കൈ തട്ടി വീണ്,
നമ്മളെ പതിയിരുന്ന് അത് ആക്രമിക്കും..😮‍💨

"Delete for everyone" ന് പകരം
"Delete for me" മാത്രം കൊടുത്ത്
പൊലിപ്പിക്കുകയും കൂടെ ചെയ്താൽ
എല്ലാം ശുഭം...😥😥

21 സെപ്റ്റംബർ 2025

ഫാൽക്കെ ലാലേട്ടൻ

നമ്മുടെ ലാലേട്ടന് ഇന്ത്യയിലെ സമുന്നത സിനിമ പുരസ്കാരമായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചതിന്റെ ആഘോഷത്തിലാണല്ലോ നാമെല്ലാം. നമ്മുടെ കുട്ടിക്കാലവും  കൗമാരവും യൗവനവും വാർദ്ധക്യവും എല്ലാം മലയാളി ഹൃദയപൂർവ്വം ലാലേട്ടന് സമർപ്പിച്ചിരിക്കുകയാണല്ലോ. മലയാളിയുടെ ഓരോ  ആഘോഷവും  ലാലേട്ടൻ സിനിമകളോടൊപ്പം ആവണം എന്ന് ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ആൾക്കാരുള്ള ഒരു ഒരു നാടാണല്ലോ നമ്മുടേത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ലഭിക്കുന്ന ഓരോ പുരസ്കാരവും നമുക്ക് ലഭിക്കുന്ന , അല്ലെങ്കിൽ നമ്മുടെ വീട്ടിലേക്ക് വരുന്ന അവാർഡ് പോലെ നാം സ്വീകരിക്കുന്നു,  ആഘോഷിക്കുന്നു, സന്തോഷിക്കുന്നു. 

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടനാണ് ലാലേട്ടൻ, ഒരുപക്ഷേ  ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഭാവാഭിനയചക്രവർത്തിയാണ് മോഹൻലാൽ എന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി ഉണ്ടാവില്ല.
 ഈ അവസരത്തിൽ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന പ്രധാനപ്പെട്ട ദേശീയ അവാർഡുകളും സംസ്ഥാന അവാർഡുകളും മറ്റ് പ്രധാനപ്പെട്ട പുരസ്കാരങ്ങളും എന്തൊക്കെയാണ് എന്നാണ് നമ്മൾ പരിശോധിക്കാൻ പോകുന്നത്. 

ലാലേട്ടന് ആദ്യ ദേശീയ പുരസ്കാരം ലഭിക്കുന്നത് 1989 കിരീടം എന്ന സിനിമയിലെ അഭിനയത്തിനാണ്.  അച്ഛൻ മകൻ ബന്ധത്തിന്റെ തീവ്രത പറഞ്ഞ ഈ സിബിമലയിൽ ലോഹിതദാസ് ചിത്രം കണ്ട് കണ്ണ് നനയാത്ത മലയാളികൾ ഉണ്ടാവില്ല. തുടർന്ന് 1991ൽ ഭരതം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള അവാർഡ് ലാലേട്ടനെ തേടിയെത്തി. ചേട്ടൻ അനുജൻ ബന്ധത്തിന്റെ തീവ്രത പറഞ്ഞ, വീണ്ടും ഒരുപാട് പേരെ കണ്ണീരണിയിച്ച ഈ സിനിമ എക്കാലത്തെയും ക്ലാസിക് ആണ്. ലാലേട്ടന്റെ രണ്ടാമത്തെ ദേശീയ പുരസ്കാരവും സിബിമലയിൽ ലോഹിതദാസ് കൂട്ടുകെട്ടിൽ നിന്നു തന്നെയാണ് എന്നുള്ളത് ഒരു യാദൃശ്ചികതയാണ്. 1999ൽ വാനപ്രസ്ഥം എന്ന സിനിമയ്ക്ക് മോഹൻലാലിന് രണ്ട് പുരസ്കാരം ലഭിക്കുകയുണ്ടായി. മികച്ച നടനും മികച്ച നിർമ്മാതാവിനും ഉള്ള ദേശീയ പുരസ്കാരങ്ങൾ ആ വർഷം വാനപ്രസ്ഥത്തിലൂടെ മോഹൻലാലിനെ തേടിയെത്തി. പ്രശസ്ത സംവിധായകൻ ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഇൻഡോ-ഫ്രഞ്ച് സംരംഭമായിരുന്നു, വിശ്വപ്രസിദ്ധ തബല വാദകൻ സക്കീർ ഹുസൈൻ ആണ് ഈ സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് എന്നത് മറ്റൊരു വലിയ പ്രത്യേകതയാണ്. 2016 ൽ പുലിമുരുകൻ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ജനത ഗാരേജ് എന്നീ സിനിമകൾക്കാണ്  മോഹൻലാലിന് അവാർഡ് ലഭിക്കുന്നത്. 

മികച്ച നടനുള്ള ദേശീയ അവാർഡിന് പുറമേ പ്രത്യേക ജൂറി പുരസ്കാരങ്ങളും മികച്ച നിർമ്മാതാവിനുള്ള അവാർഡുകളും ഉൾപ്പെടെ വൈവിധ്യമാർന്ന പുരസ്കാരങ്ങളാണ് മോഹൻലാലിന് ദേശീയ ജൂറിയിൽ നിന്ന് ലഭിച്ചത്.

സംസ്ഥാന പുരസ്കാരങ്ങളിലേക്ക് വന്നാൽ മികച്ച നടനുള്ള അവാർഡ് മോഹൻലാൽ നേടിയത് 6 തവണയാണ്. 

1986ൽ ടി പി ബാലഗോപാലൻ എം എ, 
1991 അഭിമന്യു കിലുക്കം ഉള്ളടക്കം എന്നീ സിനിമകൾക്ക് ,
1995ൽ സ്പടികം കാലാപാനി തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് ,
1999 ക്ലാസിക് സിനിമയായ വാനപ്രസ്ഥത്തിന്,
 2005 ൽ തന്മാത്ര എന്ന ഹൃദയ ഹാരിയായ ചിത്രത്തിന്, 
2007ൽ പരദേശി എന്ന സിനിമയ്ക്ക്. 

ഇതുകൂടാതെ മൂന്ന് മറ്റ് അവാർഡുകളും മോഹൻലാലിന് ലഭിക്കുകയുണ്ടായി അങ്ങനെ ആകെ 9 തവണ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മോഹൻലാലിനെ തേടിയെത്തി . 

2001ൽ രാജ്യം പത്മശ്രീ നൽകി  ആദരിച്ചപ്പോൾ, 2009 ൽ അദ്ദേഹത്തിന് ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയുടെ ലെഫ്റ്റനൻ കേണൽ പദവി ലഭിച്ചു, 2018 ൽ കാലിക്കറ്റ് സർവകലാശാല അദ്ദേഹത്തിന് രണ്ടാമത്തെ ഓണറേറി ഡോക്ടറേറ്റ് നൽകി- ആദ്യ ഡോക്ടറേറ്റ് 2010 ൽ ശങ്കരാചാര്യ സംസ്കൃത സർവകലാശാല നൽകിയിരുന്നു, 2019ൽ  പത്മഭൂഷൻ ലഭിച്ചപ്പോൾ, 2023ലെ ദാദാസാഹിബ് അവാർഡാണ് ഈ വർഷം സപ്തംബർ 23ന് നടക്കുന്ന ദേശീയ ചലച്ചിത്ര അവാർഡ് നിശയിൽ വച്ച് നൽകുന്നത്. 

 മലയാളത്തിൽ അടൂർ ഗോപാലകൃഷ്ണൻ എന്ന വിഖ്യാത സംവിധായകന് ലഭിച്ചതിനുശേഷം നമ്മുടെ സ്വന്തം ലാലേട്ടനാണ് ഈ പുരസ്കാരം ലഭിക്കുന്നത് എന്നുള്ളത് മലയാളിയുടെ  ഹൃദയത്തെ അഭിമാനപൂരിതമാക്കുന്നു.

 നമ്മുടെ അഭിമാനത്തെ ഉത്തുംഗത്തിൽ എത്തിക്കാൻ ഭാരതത്തിൻറെ രത്നമായി മാറാൻ പത്മവിഭൂഷൻ ഡോക്ടർ ഭരത് ലെഫ്റ്റനന്റ് കേണൽ ലാലേട്ടന് കഴിയട്ടേ എന്ന് ആശംസിക്കുന്നു.

13 സെപ്റ്റംബർ 2025

പതിന്നാലു വർഷം

കാവ്യപൂർവ്വമീ
പതിന്നാലുവർഷങ്ങൾ
ജാനകീ നീയെൻ്റെ ചാരെ നിന്നോ.!

കാലമാം
മാരീചനെത്തുന്നനേരത്തും
മാനുഷരാമനായ് കൂടെ ഞാനും..!

കയറുക
പുഷ്പകയാനത്തിലിന്നു നീ,
മിഴികൾ പാർക്കാം...

കുശലവ 
വാടിയിൽച്ചെന്നു 
മിഴികൾ പാർക്കാം...!

09 ഓഗസ്റ്റ് 2025

അന്ന് ആഗസ്റ്റ് 9ന്

വലതു കൈയിൽ, 
പൂക്കളുള്ള വെളുത്തചരട് വെച്ചവൾ 
ഇടതു കൈ എൻനേർക്കു നീട്ടി... 
 
ഏതോ ചോദ്യത്തിൻ്റെ 
ഉത്തരമെന്ന പോൽ മൊഴിഞ്ഞു, 
ഒന്നുകിൽ നീ പ്രവർത്തിക്കണം, 
അല്ലെങ്കിൽ ഞാൻ മരിക്കണം...

പ്രണയം കൊടുമ്പിരിക്കൊണ്ട
നാളുകളിലൊക്കെ 
മരണമായിരുന്നു ചുറ്റിലും..
 
"നിന്നെ കിട്ടിയില്ലെങ്കിൽ ഞാൻ മരിക്കും
നമുക്ക് ഒരുമിച്ച് മരിക്കാം, 
നീ അവന്റെ കൂടെ പോയാൽ ഞങ്ങൾ മരിക്കും"
അങ്ങനെ എത്രയെത്ര മരണം...

വളർത്തി വലുതാക്കിയ 
കണക്കിന് മുന്നിൽ നീ തോറ്റപ്പോൾ, 
മരണത്തിന് പോലും വിലയില്ലാത്തവനായ്
ഞാൻ തിരിച്ചു നടന്നു...
I quit..🙄
.
#lineshnarayanan 
#malayalam

12 ജൂലൈ 2025

ചിലർ

ചിലർ പണ്ട് എന്നെ അങ്ങ് തഴഞ്ഞിരുന്നു
അന്ന് ഞാൻ നല്ലവണ്ണം പാട്ടുപാടുകയും,
കഥയെഴുതുകയും, കവിത ചൊല്ലുകയും ഒക്കെ ചെയ്തിരുന്നു...
"പോയി പണി നോക്കെടാ"
എന്ന് ഞാനും അവരോട് പറഞ്ഞു...

കാലം ഒരുപാട് കഴിഞ്ഞു
ഇപ്പുറം, അന്ന് എന്നെ തഴഞ്ഞവർ 
എത്ര ദീർഘവീക്ഷണം 
ഉള്ളവരായിരുന്നു എന്ന്
ഇന്ന് ഞാൻ ഓർക്കേണ്ടിയിരിക്കുന്നു...

04 ഒക്‌ടോബർ 2024

പതിനഞ്ച്

പകലു കാണാത്ത 
ദിനങ്ങളുടെ അളവ് കൂടിയിട്ട് 
പതിനഞ്ച് വർഷം...

കുമിഞ്ഞുകൂടുന്നതെല്ലാം 
ഇരുന്നു തീർത്തിട്ടും,
പറഞ്ഞുതീരാ പഴികളിലലഞ്ഞിട്ട്
പതിനഞ്ച് വർഷം...

അറിയാവുന്നതെല്ലാമൊഴിച്ച്,
അറിയാത്ത ചോദ്യവുമായി 
വരുന്നോർക്കുമുന്നിൽ 
അരികുപൊട്ടി നിൽക്കാൻ തുടങ്ങിയിട്ട്
പതിനഞ്ച് വർഷം...

കരളിലുണ്ടായിരുന്നൊരിത്തിരി 
കവിത പോലും
കരുണയേതുമില്ലാതെ
പറന്നകന്നതോർത്തിട്ട്
പതിനഞ്ച് വർഷം...

ആരുമല്ലെന്നും, ആരുമില്ലെന്നും 
പേർത്തും പേർത്തുമോർമിപ്പിച്ച്,
പറയാൻ മറന്ന നൊമ്പരങ്ങളുടെ പടുകൂടാരം തീർത്തിട്ടിന്നേക്ക്
പതിനഞ്ച് വർഷം....

/പതിനഞ്ച് / ലിനേഷ് നാരായണൻ/

(In memory of 15 years service in Indias largest organisation )