04 ഡിസംബർ 2010

വിദ്യ

യുഗങ്ങള്‍ കാവല്‍നില്‍ക്കും
നിന്‍ സരസ്സിനരികില്‍ ഞാന്‍
വിനീതനായ് നിന്ന് മുരടനക്കി

തലയിലഹങ്കാരത്തിന്‍
കെട്ടഴിച്ചുഞാന്‍ കക്ഷത്തില്‍
തിരുകി വായപൊത്തി

കഴിയാവുന്നിടത്തോളം
വളച്ചിരുന്നു നട്ടെല്ല്, നിന്നില്‍
കണ്ണും മിഴിച്ച് ഞാന്‍ കാത്തിരുന്നു

അരികിലരയന്നവുമായ്
നീ നീന്തിത്തുടിച്ചു, തരിലിളം
താമര നുള്ളിക്കളിച്ചു
കരയിലെന്നോളവും ആ
ഉല്ലാസ വെള്ളം തെറിച്ചു

ഈറനെടുത്തെങ്ങോ
മറഞ്ഞുവോ നീ ? കരയില്‍
കരിവള പിടിച്ചു നില്‍ക്കുംഎന്റെ
മനതാരിലെന്തേ കയറിയില്ല...?!