12 നവംബർ 2025

സ്മൈലി

ചില ദിവസങ്ങളെ നശിപ്പിക്കാൻ
വെറുമൊരു സ്മൈലിക്ക് പോലുമാവും🙄

പ്രിയപ്പെട്ടവരുടെ ഗ്രൂപ്പിൽ 
അറിയാതെ കൈ തട്ടി വീണ്,
നമ്മളെ പതിയിരുന്ന് അത് ആക്രമിക്കും..😮‍💨

"Delete for everyone" ന് പകരം
"Delete for me" മാത്രം കൊടുത്ത്
പൊലിപ്പിക്കുകയും കൂടെ ചെയ്താൽ
എല്ലാം ശുഭം...😥😥

21 സെപ്റ്റംബർ 2025

ഫാൽക്കെ ലാലേട്ടൻ

നമ്മുടെ ലാലേട്ടന് ഇന്ത്യയിലെ സമുന്നത സിനിമ പുരസ്കാരമായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചതിന്റെ ആഘോഷത്തിലാണല്ലോ നാമെല്ലാം. നമ്മുടെ കുട്ടിക്കാലവും  കൗമാരവും യൗവനവും വാർദ്ധക്യവും എല്ലാം മലയാളി ഹൃദയപൂർവ്വം ലാലേട്ടന് സമർപ്പിച്ചിരിക്കുകയാണല്ലോ. മലയാളിയുടെ ഓരോ  ആഘോഷവും  ലാലേട്ടൻ സിനിമകളോടൊപ്പം ആവണം എന്ന് ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ആൾക്കാരുള്ള ഒരു ഒരു നാടാണല്ലോ നമ്മുടേത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ലഭിക്കുന്ന ഓരോ പുരസ്കാരവും നമുക്ക് ലഭിക്കുന്ന , അല്ലെങ്കിൽ നമ്മുടെ വീട്ടിലേക്ക് വരുന്ന അവാർഡ് പോലെ നാം സ്വീകരിക്കുന്നു,  ആഘോഷിക്കുന്നു, സന്തോഷിക്കുന്നു. 

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടനാണ് ലാലേട്ടൻ, ഒരുപക്ഷേ  ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഭാവാഭിനയചക്രവർത്തിയാണ് മോഹൻലാൽ എന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി ഉണ്ടാവില്ല.
 ഈ അവസരത്തിൽ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന പ്രധാനപ്പെട്ട ദേശീയ അവാർഡുകളും സംസ്ഥാന അവാർഡുകളും മറ്റ് പ്രധാനപ്പെട്ട പുരസ്കാരങ്ങളും എന്തൊക്കെയാണ് എന്നാണ് നമ്മൾ പരിശോധിക്കാൻ പോകുന്നത്. 

ലാലേട്ടന് ആദ്യ ദേശീയ പുരസ്കാരം ലഭിക്കുന്നത് 1989 കിരീടം എന്ന സിനിമയിലെ അഭിനയത്തിനാണ്.  അച്ഛൻ മകൻ ബന്ധത്തിന്റെ തീവ്രത പറഞ്ഞ ഈ സിബിമലയിൽ ലോഹിതദാസ് ചിത്രം കണ്ട് കണ്ണ് നനയാത്ത മലയാളികൾ ഉണ്ടാവില്ല. തുടർന്ന് 1991ൽ ഭരതം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള അവാർഡ് ലാലേട്ടനെ തേടിയെത്തി. ചേട്ടൻ അനുജൻ ബന്ധത്തിന്റെ തീവ്രത പറഞ്ഞ, വീണ്ടും ഒരുപാട് പേരെ കണ്ണീരണിയിച്ച ഈ സിനിമ എക്കാലത്തെയും ക്ലാസിക് ആണ്. ലാലേട്ടന്റെ രണ്ടാമത്തെ ദേശീയ പുരസ്കാരവും സിബിമലയിൽ ലോഹിതദാസ് കൂട്ടുകെട്ടിൽ നിന്നു തന്നെയാണ് എന്നുള്ളത് ഒരു യാദൃശ്ചികതയാണ്. 1999ൽ വാനപ്രസ്ഥം എന്ന സിനിമയ്ക്ക് മോഹൻലാലിന് രണ്ട് പുരസ്കാരം ലഭിക്കുകയുണ്ടായി. മികച്ച നടനും മികച്ച നിർമ്മാതാവിനും ഉള്ള ദേശീയ പുരസ്കാരങ്ങൾ ആ വർഷം വാനപ്രസ്ഥത്തിലൂടെ മോഹൻലാലിനെ തേടിയെത്തി. പ്രശസ്ത സംവിധായകൻ ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഇൻഡോ-ഫ്രഞ്ച് സംരംഭമായിരുന്നു, വിശ്വപ്രസിദ്ധ തബല വാദകൻ സക്കീർ ഹുസൈൻ ആണ് ഈ സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് എന്നത് മറ്റൊരു വലിയ പ്രത്യേകതയാണ്. 2016 ൽ പുലിമുരുകൻ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ജനത ഗാരേജ് എന്നീ സിനിമകൾക്കാണ്  മോഹൻലാലിന് അവാർഡ് ലഭിക്കുന്നത്. 

മികച്ച നടനുള്ള ദേശീയ അവാർഡിന് പുറമേ പ്രത്യേക ജൂറി പുരസ്കാരങ്ങളും മികച്ച നിർമ്മാതാവിനുള്ള അവാർഡുകളും ഉൾപ്പെടെ വൈവിധ്യമാർന്ന പുരസ്കാരങ്ങളാണ് മോഹൻലാലിന് ദേശീയ ജൂറിയിൽ നിന്ന് ലഭിച്ചത്.

സംസ്ഥാന പുരസ്കാരങ്ങളിലേക്ക് വന്നാൽ മികച്ച നടനുള്ള അവാർഡ് മോഹൻലാൽ നേടിയത് 6 തവണയാണ്. 

1986ൽ ടി പി ബാലഗോപാലൻ എം എ, 
1991 അഭിമന്യു കിലുക്കം ഉള്ളടക്കം എന്നീ സിനിമകൾക്ക് ,
1995ൽ സ്പടികം കാലാപാനി തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് ,
1999 ക്ലാസിക് സിനിമയായ വാനപ്രസ്ഥത്തിന്,
 2005 ൽ തന്മാത്ര എന്ന ഹൃദയ ഹാരിയായ ചിത്രത്തിന്, 
2007ൽ പരദേശി എന്ന സിനിമയ്ക്ക്. 

ഇതുകൂടാതെ മൂന്ന് മറ്റ് അവാർഡുകളും മോഹൻലാലിന് ലഭിക്കുകയുണ്ടായി അങ്ങനെ ആകെ 9 തവണ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മോഹൻലാലിനെ തേടിയെത്തി . 

2001ൽ രാജ്യം പത്മശ്രീ നൽകി  ആദരിച്ചപ്പോൾ, 2009 ൽ അദ്ദേഹത്തിന് ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയുടെ ലെഫ്റ്റനൻ കേണൽ പദവി ലഭിച്ചു, 2018 ൽ കാലിക്കറ്റ് സർവകലാശാല അദ്ദേഹത്തിന് രണ്ടാമത്തെ ഓണറേറി ഡോക്ടറേറ്റ് നൽകി- ആദ്യ ഡോക്ടറേറ്റ് 2010 ൽ ശങ്കരാചാര്യ സംസ്കൃത സർവകലാശാല നൽകിയിരുന്നു, 2019ൽ  പത്മഭൂഷൻ ലഭിച്ചപ്പോൾ, 2023ലെ ദാദാസാഹിബ് അവാർഡാണ് ഈ വർഷം സപ്തംബർ 23ന് നടക്കുന്ന ദേശീയ ചലച്ചിത്ര അവാർഡ് നിശയിൽ വച്ച് നൽകുന്നത്. 

 മലയാളത്തിൽ അടൂർ ഗോപാലകൃഷ്ണൻ എന്ന വിഖ്യാത സംവിധായകന് ലഭിച്ചതിനുശേഷം നമ്മുടെ സ്വന്തം ലാലേട്ടനാണ് ഈ പുരസ്കാരം ലഭിക്കുന്നത് എന്നുള്ളത് മലയാളിയുടെ  ഹൃദയത്തെ അഭിമാനപൂരിതമാക്കുന്നു.

 നമ്മുടെ അഭിമാനത്തെ ഉത്തുംഗത്തിൽ എത്തിക്കാൻ ഭാരതത്തിൻറെ രത്നമായി മാറാൻ പത്മവിഭൂഷൻ ഡോക്ടർ ഭരത് ലെഫ്റ്റനന്റ് കേണൽ ലാലേട്ടന് കഴിയട്ടേ എന്ന് ആശംസിക്കുന്നു.

13 സെപ്റ്റംബർ 2025

പതിന്നാലു വർഷം

കാവ്യപൂർവ്വമീ
പതിന്നാലുവർഷങ്ങൾ
ജാനകീ നീയെൻ്റെ ചാരെ നിന്നോ.!

കാലമാം
മാരീചനെത്തുന്നനേരത്തും
മാനുഷരാമനായ് കൂടെ ഞാനും..!

കയറുക
പുഷ്പകയാനത്തിലിന്നു നീ,
മിഴികൾ പാർക്കാം...

കുശലവ 
വാടിയിൽച്ചെന്നു 
മിഴികൾ പാർക്കാം...!

09 ഓഗസ്റ്റ് 2025

അന്ന് ആഗസ്റ്റ് 9ന്

വലതു കൈയിൽ, 
പൂക്കളുള്ള വെളുത്തചരട് വെച്ചവൾ 
ഇടതു കൈ എൻനേർക്കു നീട്ടി... 
 
ഏതോ ചോദ്യത്തിൻ്റെ 
ഉത്തരമെന്ന പോൽ മൊഴിഞ്ഞു, 
ഒന്നുകിൽ നീ പ്രവർത്തിക്കണം, 
അല്ലെങ്കിൽ ഞാൻ മരിക്കണം...

പ്രണയം കൊടുമ്പിരിക്കൊണ്ട
നാളുകളിലൊക്കെ 
മരണമായിരുന്നു ചുറ്റിലും..
 
"നിന്നെ കിട്ടിയില്ലെങ്കിൽ ഞാൻ മരിക്കും
നമുക്ക് ഒരുമിച്ച് മരിക്കാം, 
നീ അവന്റെ കൂടെ പോയാൽ ഞങ്ങൾ മരിക്കും"
അങ്ങനെ എത്രയെത്ര മരണം...

വളർത്തി വലുതാക്കിയ 
കണക്കിന് മുന്നിൽ നീ തോറ്റപ്പോൾ, 
മരണത്തിന് പോലും വിലയില്ലാത്തവനായ്
ഞാൻ തിരിച്ചു നടന്നു...
I quit..🙄
.
#lineshnarayanan 
#malayalam

12 ജൂലൈ 2025

ചിലർ

ചിലർ പണ്ട് എന്നെ അങ്ങ് തഴഞ്ഞിരുന്നു
അന്ന് ഞാൻ നല്ലവണ്ണം പാട്ടുപാടുകയും,
കഥയെഴുതുകയും, കവിത ചൊല്ലുകയും ഒക്കെ ചെയ്തിരുന്നു...
"പോയി പണി നോക്കെടാ"
എന്ന് ഞാനും അവരോട് പറഞ്ഞു...

കാലം ഒരുപാട് കഴിഞ്ഞു
ഇപ്പുറം, അന്ന് എന്നെ തഴഞ്ഞവർ 
എത്ര ദീർഘവീക്ഷണം 
ഉള്ളവരായിരുന്നു എന്ന്
ഇന്ന് ഞാൻ ഓർക്കേണ്ടിയിരിക്കുന്നു...